കാഠ്മണ്ഡുവിൽ പ്രതിഷേധക്കാർ ഒത്തുകൂടിയപ്പോൾ

നേപ്പാളിലെ ജെൻ സി കലാപത്തിൽ 19 മരണം, 100ലേറെ പേർക്ക് പരിക്ക്; കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ

കാഠ്മണ്ഡു: നേപ്പാളിൽ അഴിമതിക്കും സമൂഹമാധ്യമങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിലും പ്രതിഷേധിച്ച് യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന കലാപത്തിൽ 19 പേർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റവരുടെ എണ്ണം 100 കവിഞ്ഞു. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ പ്രതിഷേധം ശക്തമാണ്. സുരക്ഷാസേനയുമായി സംഘർഷമുണ്ടായതാണ് മരണത്തിന് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച പ്രതിഷേധക്കാർ പാർലമെന്‍റിൽ പ്രവേശനം നിയന്ത്രിച്ചിടത്തേക്ക് കടന്നുകയറി. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കലാപം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ ബനേശ്വർ മേഖലയിൽ മാത്രമായിരുന്നു നിരോധനാജ്ഞ. അതീവ സുരക്ഷാ മേഖലകളായ പ്രസിഡന്‍റിന്‍റെ വസതി (ശീതൾ നിവാസ്), വൈസ് പ്രസിഡന്‍റിന്‍റെ വസതി, മഹാരാജ്ഗഞ്ച്, സിംഘ ദർബാർ, ബലുവതാർ തുടങ്ങിയ ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. പ്രാദേശിക സമയം രാത്രി പത്തുമണിവരെ ഇവിടങ്ങളിൽ കൂട്ടംചേരാനോ പ്രതിഷേധം സംഘടിപ്പിക്കാനോ അനുവാദമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പൊലീസിന്‍റെ റബ്ബർ ബുള്ളറ്റേറ്റ് മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ബനേശ്വറിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ചാനലിലെ ജീവനക്കാരനായ ശ്യാം ശ്രേഷ്ഠയാണ് പരിക്കേറ്റ മാധ്യമപ്രവർത്തകൻ. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി ക്യാബിനറ്റ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

എന്തിനാണ് പ്രതിഷേധം?

ഫേസ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയുള്‍പ്പെടെ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് നേപ്പാൾ നിരോധനം ഏര്‍പ്പെടുത്തിയത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ സോഷ്യല്‍ മീഡിയ സൈറ്റുകളും രജിസ്റ്റര്‍ ചെയ്യുന്നതുവരെ പ്രവര്‍ത്തനരഹിതമാക്കാന്‍ നേപ്പാള്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് സർക്കാർ നിര്‍ദേശം നല്‍കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നേപ്പാളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ആഗസ്റ്റ് 28ന് സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് നടപടി.

സമൂഹമാധ്യമങ്ങൾ നിരോധിച്ചതോടെ പ്രതിഷേധവുമായി നിരവധി യുവാക്കൾ രംഗത്തെത്തി. വെള്ളിയാഴ്ച മുതൽ നേപ്പാളിൽ നിരവധി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ലഭ്യമല്ല. ജനപ്രിയ ആപ്പുകൾ പലർക്കും ആക്സസ് ചെയ്യാൻ കഴിയാത്തതും മറ്റ് പല ആപ്പുകളും ലഭ്യമാകാത്തതും പൊതുജനരോഷം ശക്തമാക്കുന്നുണ്ട്. ദേശീയ പതാകകൾ വീശിക്കൊണ്ടാണ് പ്രതിഷേധക്കാർ തലസ്ഥാനത്ത് മാർച്ച് തുടങ്ങിയത്. തുടർന്ന് സോഷ്യൽ മീഡിയ നിരോധനത്തിനും നേപ്പാളിൽ വേരൂന്നിയ അഴിമതി സംസ്കാരത്തിനുമെതിരെ മുദ്രാവാക്യം മുഴക്കി.

വിയോജിപ്പുകളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് നേപ്പാള്‍ സര്‍ക്കാരിനെതിരെ ഒരു വിഭാഗം ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ശന മേല്‍നോട്ടവും നിയന്ത്രണ നടപടികളും ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ പല സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും അപ്രായോഗികവും അനാവശ്യമായ കടന്നുകയറ്റവുമാണെന്ന് തോന്നിയിരിക്കാമെന്നും ഇതാവാം രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ വിസമ്മതിച്ചതിന് കാരണമെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു. ജൂലൈയിൽ ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും വർധിക്കുന്നതിൽ ആശങ്ക ചൂണ്ടിക്കാട്ടി സർക്കാർ ടെലഗ്രാം നിരോധിച്ചിരുന്നു.

Tags:    
News Summary - Many Killed In Massive Nepal Gen Z Protest, Army Deployed, Water Cannons On Roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.