തൃശ്ശൂര്‍: പീച്ചി പൊലീസ് സ്റ്റേഷൻ മർദനവുമായി ബന്ധപ്പെട്ട് പരാതിയിൽ കുറ്റവാളികളായ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ പോരാട്ടമെന്ന് പരാതിക്കാരായ ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്. പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരന്റെ മകന്‍ ജിനീഷും ചേര്‍ന്ന് ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള പട്ടിക്കാട് സെന്ററിലെ ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ എത്തുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയുമായിരുന്നു. ഇതിന്റെ കാര്യത്തിനായി പീച്ചി സ്റ്റേഷനിലെത്തിയ ലാലീസ് മാനേജരെയും ഡ്രൈവറെയും എസ്.ഐ പി.എം. രതീഷ് മര്‍ദിച്ചുവെന്നാണ് പരാതി.
മൂന്ന് ജീവനക്കാരെയും മകനെയും ലോക്കപ്പിലടച്ച് തന്നെ സമ്മർദ്ദത്തിലാക്കുകയായിരുന്നുവെന്ന് ഔസേപ്പ് പറഞ്ഞു. ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ വധശ്രമവും പോക്സോ അടക്കം ചേർത്ത് എഫ്.ഐ.ആറിട്ട് അകത്താക്കുമെന്നായിരുന്നു എസ്.ഐ പി.എം രതീഷിന്റെ ഭീഷണി. പരാതിക്കാരനായ ദിനേശുമായി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാനും എസ്.ഐ നിർദേശിച്ചു.
പിന്നാലെ, സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന ചർച്ചയിൽ ദിനേശ് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതിൽ മൂന്നുലക്ഷം സ്റ്റേഷനിലെ പൊലീസുകാർക്കാണെന്നായിരുന്നു പറഞ്ഞത്. മുമ്പ് പീച്ചി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്ന ജയേഷിൻറെ സഹോദരിയുടെ മകൾ തങ്ങളുടെ ഉടമസ്ഥതയിലുളള വ്യാപാര സ്ഥാപനത്തിൽ നിന്ന് 9600 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ അന്നത്തെ പീച്ചി സ്റ്റേഷൻ ഓഫീസർ ഷുക്കൂർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പ് നടത്തിയത്. ഈ ജയേഷടക്കമുള്ളവരുടെ നേതൃത്വത്തിലാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും ഔസേപ്പ് ആരോപിച്ചു.
ദിനേശിനൊപ്പം ആശുപത്രിക്ക് സമീപമുള്ള തന്റെ വീട്ടിൽ അയാളുടെ തന്നെ കാറിൽ എത്തിയാണ് പണം കൈമാറിയത്. പിന്നാലെ, തിരിച്ച് സ്റ്റേഷനിൽ എത്തി ദിനേശ് പരാതി പിൻവലിക്കുകയായിരുന്നു.
ഒരുദിവസത്തിന് ശേഷം, ഒല്ലൂർ അസിസ്റ്റന്റ് കമീഷണർ സുരേഷിനെ കണ്ട് പരാതി നൽകി. പിന്നാലെ, സ്റ്റേഷനിൽ നേരിട്ട് പരിശോധന നടത്താമെന്നും കമീഷണറെ നേരിൽ കാണാനും അദ്ദേഹം നിർദേശിച്ചു. തുടർന്ന് കമീഷണറായിരുന്ന അങ്കിത് അശോകിനെ നേരിൽ കണ്ടു. വിഷയത്തിൽ കമീഷണർ അപ്പോൾ തന്നെ പരാതി എഴുതി വാങ്ങി. ഇതേ പരാതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അയച്ചിരുന്നുവെന്നും ഔസേപ്പ് പറഞ്ഞു. എന്നാൽ നടപടികൾ എങ്ങുമെത്തിയില്ല.
സംഭവം നടന്ന് മൂന്നുദിവസത്തിന് ശേഷം സ്റ്റേഷൻ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കമീഷണർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി.
എന്നാൽ സ്ത്രീ സുരക്ഷ ചൂണ്ടിക്കാട്ടി പീച്ചി പൊലീസ് സ്റ്റേഷൻ ആവശ്യം നിരാകരിച്ചു. പിന്നീട്, ഒല്ലൂർ അസിസ്റ്റന്റ് കമീഷണർക്ക് അപ്പീൽ നൽകിയെങ്കിലും മാവോവാദി ഭീഷണി ചൂണ്ടിക്കാട്ടി സ്റ്റേഷൻ വീണ്ടും ആവശ്യം നിരാകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെ ആവർത്തിച്ച് സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
തുടർന്ന്, സംസ്ഥാന വിവരാവകാശ കമീഷണർക്ക് നൽകിയ അപ്പീലിലാണ് ദൃശ്യങ്ങൾ അനുവദിച്ച് കിട്ടിയത്. തന്റെ പരാതിയിൽ പൊലീസ് നടപടിയുടെ ഭാഗമായി രതീഷ് അറസ്റ്റിലായെങ്കിലും രണ്ടുദിവസത്തിന് പിന്നാലെ പുറത്തിറങ്ങി. പണം കണ്ടെടുക്കാനായില്ലെന്നും പൊലീസ് ആവർത്തിച്ചു. മർദനം സംബന്ധിച്ച് തന്റെ പരാതി നിലനിൽക്കെ തന്നെ, എസ്.ഐ. ആയിരുന്ന രതീഷിന് ഒരുമാസത്തിന് ശേഷം ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ സർക്കിളായി സ്ഥാനക്കയറ്റം നൽകിയെന്നും ഔസേപ്പ് പറഞ്ഞു.
വാർത്തയായതോടെ, കഴിഞ്ഞ ദിവസം ഡി.ഐ.ജി ഹരിശങ്കർ വാട്സപ്പിൽ മെസേജ് അയച്ചിരുന്നു. ചട്ടപ്രകാരം അന്വേഷണം നടക്കുന്നതായും ഫയൽ സൗത് സോൺ ഐ.ജിയുടെ ഓഫീസിലാണെന്നും അദ്ദേഹം അറിയിച്ചു. അവിടുത്തെ നമ്പറും നൽകിയിട്ടുണ്ട്. കുറ്റക്കാരനായ ഉദ്യോഗസ്ഥൻ ഇപ്പോൾ കടവന്ത്രയിൽ ക്രമസമാധാനത്തിന്റെ ചുമതല വഹിക്കുകയാണ്. ഇയാളടക്കം കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നാണ് ആവശ്യമെന്നും ഔസേപ്പ് പറഞ്ഞു.
കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് മര്‍ദനം വിവാദമായതിനു പിന്നാലെയാണ് പീച്ചി പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യങ്ങളും പുറത്തുവരുന്നത്. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വെച്ച് എസ്.ഐ പി.എം. രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാനേജര്‍ റോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയുമാണ് മര്‍ദിച്ചത്. പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ ആക്രോശിക്കുകയും ചെയ്തിരുന്നു. ഫ്‌ളാസ്‌കുകൊണ്ടും അടിക്കാന്‍ ശ്രമിച്ചിരുന്നതായി ഔസേപ്പ് പറഞ്ഞു.
2023 മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവിൽ വിട്ടുകിട്ടിയത്. വിവരാവകാശനിയമപ്രകാരം പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ആദ്യമായി കിട്ടുന്നത് ഔസേപ്പിനാണെങ്കിലും കുന്നംകുളം സംഭവത്തിനുശേഷമാണ് ഇവര്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പണം കൈമാറുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.