തിരുവനന്തപുരം: പ്രതിപക്ഷം ആവർത്തിച്ച് പ്രകോപിപ്പിച്ചിട്ടും ശബരിമല യുവതി പ്രവേശന വിഷയത്തിലെ സത്യവാങ്മൂലത്തിൽ തന്ത്രപരമായ മൗനം തുടർന്ന് സർക്കാരും സി.പി.എമ്മും. അയ്യപ്പസംഗമവുമായി മുന്നോട്ടുപോകുന്ന സർക്കാർ യുവതി പ്രവേശനത്തെ അനുകൂലിച്ച് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. പ്രതികരണം എന്തുതന്നെയായാലും കുരുക്കാകുമെന്നതിനാൽ വിഷയത്തിൽ തൊടാൻ സി.പി.എം തയാറായിട്ടില്ല.
അതേസമയം, അയ്യപ്പസംഗമവുമായി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ നിലപാട് പറയാതിരിക്കാനുമാകില്ല. യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയിട്ടാണ് യുവതി പ്രവേശത്തിന് അനുകൂലമായ സത്യവാങ്മൂലം സി.പി.എം നേതൃത്വം വഹിക്കുന്ന സർക്കാർ അന്ന് കോടതിയിൽ നൽകിയത്. വനിത മതിൽ മുതൽ നവോത്ഥാന സമിതി വരെയുള്ള സർക്കാർ നീക്കങ്ങളെ തളളിപ്പറയാതെ സി.പി.എമ്മിന് സത്യവാങ്മൂല വിഷയത്തിൽ നിലപാട് പറയാനുമാകില്ല. സർക്കാറിന്റെയും സി.പി.എമ്മിന്റെയും ഈ നിസ്സഹായാവസ്ഥ പരമാവധി മുതലാക്കാനാണ് യു.ഡി.എഫ് ശ്രമം.
തങ്ങളുന്നയിച്ച ചോദ്യങ്ങൾ എന്താണ് നിലപാടെന്ന് വ്യക്തമാക്കണമെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ശനിയാഴ്ചയും ആവർത്തിച്ചു. ഒപ്പം അയ്യപ്പസംഗമത്തിൽ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന പുതിയ ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്. ശബരിമല ആചാര സംരക്ഷണ വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിലകൊണ്ടത് തങ്ങൾ മാത്രമാണെന്ന് സ്ഥാപിച്ച് സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരെ പ്രചാരണവുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം.
സി.പി.എമ്മും ഇടതുമുന്നണിയും യുവതി പ്രവേശനത്തിന് അനുകൂലമായിരുന്നുവെന്നതിന് തെളിവുകൾ നിരത്തേണ്ട കാര്യമല്ല. മുഖ്യമന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും പ്രസംഗങ്ങൾ തന്നെ നിരവധി. ഇതിനോടകം ഇവയുടെ കട്ട്ക്ലിപ്പുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണായുധമായി മാറുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പിയാകട്ടെ രാഷ്ട്രീയ നേട്ടത്തിനുള്ള സുവർണാവസരമായാണ് ശബരിമലയെ കണ്ടെതെന്നത് മുൻനിർത്തിയാണ് യു.ഡി.എഫ് നീക്കങ്ങൾ. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരുമെന്ന ബി.ജെ.പി നേതാക്കളുടെ പ്രഖ്യാപനങ്ങളെ തുറന്നുകാട്ടും. കോടതി വിധിയെ മറികടക്കാനാണ് നിയമനിർമാണമെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം.
പ്രകടനപത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്തിയെങ്കിലും 2019 ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അവർ പറഞ്ഞതിൽ നിന്നെല്ലാം പിൻമാറി. കോടതി വിധി വന്നയുടൻ ആർ.എസ്.എസ് അതിനെ സ്വാഗതം ചെയ്തതും പിന്നീട് വിശ്വാസികളുടെ എതിർപ്പുയർന്നതോടെ കളംമാറിയതുമെല്ലാം ചൂണ്ടിക്കാട്ടിയാകും കോൺഗ്രസ് നീക്കം. അയ്യപ്പസംഗവുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി ബി.ജെ.പി പാളയത്തിലെ നിശ്ശബ്ദതയും സംശയാസ്പദമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.