യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത്തിനെ പൊലീസ് കസ്റ്റഡിയിൽ മർദിക്കുന്നു
തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ സസ്പെൻഷൻ നടപടികളിലേക്കെങ്കിലും പോകാനെടുത്ത കാലയളവ് 29 മാസം. മർദനത്തിന് ഇരയായ വ്യക്തി പരാതി നൽകുകയും മെഡിക്കൽ പരിശോധനയിൽ കേൾവിത്തകരാർ സംഭവിക്കുകയും കുന്നംകുളം കോടതി നേരിട്ട് കേസെടുക്കുകയും ചെയ്തിട്ടും ഉത്തരവാദികളായ പൊലീസുകാർക്കെതിരെ കർശന നടപടി കൈക്കൊണ്ടിരുന്നില്ല. ഒടുവിൽ മർദനത്തിന് ഇരയായ വ്യക്തി നിയമപോരാട്ടത്തിലൂടെ സംസ്ഥാനത്ത് ആദ്യമായി പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തെത്തിച്ചപ്പോഴാണ് സസ്പെൻഡ് ചെയ്യാൻ തയാറാകുന്നത്.
2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിൽ 2025 സെപ്റ്റംബർ ആറിനാണ് പൊലീസ് സസ്പെൻഷൻ ശിപാർശ ചെയ്തുള്ള റിപ്പോർട്ട് നൽകുന്നത്. കുന്നംകുളത്തുനിന്ന് തൃശൂരിലെ വിവിധ സ്റ്റേഷനുകളിലേക്കുള്ള സ്ഥലംമാറ്റവും ഇൻക്രിമെന്റ് തടയലുമായിരുന്നു ക്രൂരമർദനത്തിൽ നേരത്തേ സ്വീകരിച്ച നടപടി.
29 മാസത്തിനുശേഷം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പൊലീസ് ക്രൂരത ലോകം മുഴുവൻ കണ്ടപ്പോഴും അധികൃതർ നടപടിക്ക് തയാറായിരുന്നില്ല. നേരത്തേതന്നെ നടപടിയെടുത്തെന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ പരസ്യമായി സ്വീകരിച്ചത്. പ്രതിഷേധം ശക്തമാകുകയും കേരളം ഇന്നോളം കാണാത്തവിധം പൊലീസുകാരുടെ വീടുകളിലേക്ക് മാർച്ചും ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിക്കലും അടക്കം പ്രതിഷേധങ്ങളും ഉയർന്നതോടെയാണ് ഈ നടപടിക്ക് തയാറായത്. അതേസമയം, സസ്പെൻഷൻ നടപടിയിൽ തൃപ്തരല്ലെന്നും സർവിസിൽനിന്ന് പിരിച്ചുവിടണമെന്നുമാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ആവശ്യം.
സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്ന് കഴിഞ്ഞ ദിവസം ഡി.ഐ.ജി തന്നെ പറഞ്ഞിരുന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ പിരിച്ചുവിടുന്നതുവരെ സമരം തുടരുമെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
അഞ്ചാമത്തെ ഉദ്യോഗസ്ഥനെതിരായ നടപടിയിൽ ആശയക്കുഴപ്പം
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദന സംഭവത്തിൽ നാല് പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചപ്പോഴും അഞ്ചാമനെതിരായ നടപടിയിൽ ആശയക്കുഴപ്പം. മർദനം നടക്കുമ്പോൾ കുന്നംകുളം സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഷജീർ എന്ന പൊലീസുകാരൻ പിന്നീട് വകുപ്പുമാറ്റത്തിലൂടെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കു പോയിരുന്നു. തൃശൂർ പഴയന്നൂരിൽ വി.ഇ.ഒ ആയി ജോലി ചെയ്യുകയാണ് ഇയാൾ. ഷജീറിനെതിരെ ആഭ്യന്തര വകുപ്പിന് നടപടി സ്വീകരിക്കാനാകില്ല. തദ്ദേശ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് പൊലീസ് പറയുന്നത്. എസ്.ഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും സസ്പെൻഷൻ നടപടി നടക്കുമ്പോഴും ഷജീറിനെ ഉൾപ്പെടുത്താനായിട്ടില്ല. അതേസമയം, മറ്റൊരു വകുപ്പിൽ ജോലിയിലിരിക്കുന്നതിനിടെയുണ്ടായ സംഭവത്തിൽ തദ്ദേശ വകുപ്പ് നടപടി സ്വീകരിക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കുന്നംകുളം കോടതി സ്വമേധയാ എടുത്ത കേസിലെ ഉത്തരവിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലേ നടപടി സ്വീകരിക്കാൻ കഴിയൂവെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.