വി.ഡി. സതീശൻ
തിരുവനന്തപുരം: നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്ത് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിന് നേതൃത്വം നൽകിയ നരാധമന്മാരെ സംരക്ഷിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇപ്പോഴത്തെ തീരുമാനം ചെറിയൊരു നടപടി മാത്രമായെ കാണാനാകൂ. മാത്രമല്ല ഈ നടപടി രണ്ട് വർഷം മുമ്പ് സ്വീകരിക്കേണ്ടതായിരുന്നു. ക്രൂര മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്ന ശേഷവും സർക്കാർ പൊലീസുകാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സുജിത്തിനെ ക്രൂരമായി മർദിച്ച മുൻ പൊലീസ് ഡ്രൈവറെ സർക്കാർ ഇപ്പോഴും ചേർത്ത് പിടിക്കുന്നത് ആർക്കു വേണ്ടിയാണ്? കൊടുംക്രൂരത കാട്ടിയ അഞ്ച് ക്രിമിനലുകളെയും സർവിസിൽ നിന്ന് പുറത്താക്കി നിയമ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കണ്ണില്ലാത്ത ക്രൂരത കാട്ടിയ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ യു.ഡി.എഫ് സമരം തുടരും.
കുന്നംകുളം കസ്റ്റഡി മർദനത്തിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാരെയാണ് സസ്പെൻഷൻഡ് ചെയ്തത്. നാലു പൊലീസുകാർക്കെതിരെയും സസ്‌പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡി.ഐ.ജി ഉത്തരമേഖല ഐ.ജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐ നൂഹ്മാൻ, സീനിയർ സി.പി.ഒ ശശിധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ, സന്ദീപ് എന്നിവരെ സസ്പെൻഡ് ചെയ്തത്. ഡി.ഐ.ജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐ.ജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐ.ജിയുടെ ഉത്തരവിൽ പറയുന്നു.
നാലുപേർക്കുമെതിരെ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരൻ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് ആണ് പൊലീസുകാരുടെ മർദനത്തിനിരയായത്. 2023 ഏപ്രിൽ അഞ്ചിന് രാത്രി കുന്നംകുളം സ്റ്റേഷനിൽവെച്ച് സുജിത്തിനെ പൊലീസ് ക്രൂരമായി മർദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കസ്‍റ്റഡിയിലെ ക്രൂരമർദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് സുജിത് കഴിഞ്ഞദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.