ശബരിമലയെ വിവാദഭൂമിയാക്കരുത്, കേസുകൾ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പസംഗമത്തിന് ബദല്‍സംഗമം ശരിയല്ല. അയ്യപ്പസംഗമത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. അങ്ങനെ പറയുന്നവര്‍ കാടടച്ച് വെടിവെക്കുകയാണ്. വിവാദങ്ങള്‍ മാറ്റിവെക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംസ്ഥാന സർ‌ക്കാർ സംഘടിപ്പിക്കുന്ന ആ​ഗോള അയ്യപ്പസം​ഗമത്തിലേക്ക് ക്ഷണിക്കാൻ ദേവസ്വം പ്രസിഡന്റ് പി.എസ്‍ പ്രശാന്ത് എത്തിയ​പ്പോഴായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം. എസ്.എൻ.ഡി.പിക്ക് ഇക്കാര്യത്തിൽ‌ വ്യക്തമായ നിലപാടുണ്ട്. സം​ഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തെ ഭക്തര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അയ്യപ്പസംഗമത്തോടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാനസാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കോൺഗ്രസും ബി.ജെ.പിയുമടക്കമുളളവർ വിമർശനം തുടരുന്നതിനിടയിലും ആഗോള അയ്യപ്പ സംഗമത്തിന് തയ്യാറെടുപ്പുമായി സർക്കാറും ദേവസ്വം ബോർഡും മുന്നോട്ട് പോകുകയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് എസ്.എൻ.ഡി.പി, എൻ.എസ്.എസ് പ്രതിനിധികളെ ക്ഷണിച്ചുകൊണ്ടാണ് സർക്കാർ നീക്കം. ഇതിനിടെ, 22ന് നടക്കുന്ന ബദൽ സംഗമത്തിന്റെ നീക്കങ്ങളുമായി ശബരിമല കർമ്മസമിതിയും രംഗത്തുണ്ട്.

നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം രാഷ്ട്രീയ കാപട്യമാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരാമർശിച്ചിരുന്നു. ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണ് സി.പി.എമ്മെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൻറെ ക്ഷണക്കത്തുമായി തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഹൗസിലെത്തിയ ദേവസ്വംബോർഡ് പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കാണാൻ കൂട്ടാക്കിയില്ല. തുടർന്ന്, കത്ത് ഓഫീസിൽ ഏല്‍പ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മടങ്ങുകയായിരുന്നു.  

Tags:    
News Summary - Devaswom president invites Vellappally Natesan to the global Ayyappa Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.