കുന്നംകുളം കസ്റ്റഡി മർദനത്തിൽ സസ്പെൻഷനിലായ പൊലീസുകാർ 

കുന്നംകുളം കസ്റ്റഡി മർദനം: എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ

തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ എസ്.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് സസ്പെൻഷൻ. നാലു പൊലീസുകാർക്കെതിരെയും സസ്‌പെൻഷന് ശിപാർശ ചെയ്തുകൊണ്ട് തൃശൂർ ഡി.ഐ.ജി ഉത്തരമേഖല ഐ.ജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐ നൂഹ്മാൻ, സീനിയർ സി.പി.ഒ ശശിധരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സജീവൻ, സന്ദീപ് എന്നിവരെ സസ്പെൻഡ് ചെയ്തത്. ഡി.ഐ.ജി ഹരി ശങ്കർ നൽകിയ ശുപാർശ പരിഗണിച്ച് നോർത്ത് സോൺ ഐ.ജി രാജ് പാൽ മീണയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. മർദനം നടന്ന് രണ്ടര വർഷം തികയാറായപ്പോൾ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടികളിലേക്ക് പൊലീസ് നീങ്ങിയത്.

ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് ഐ.ജിയുടെ ഉത്തരവിൽ പറയുന്നു. നാലുപേർക്കുമെതിരെ കോടതി ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. ആരോപണ വിധേയനായ മറ്റൊരു പൊലീസുകാരൻ തദ്ദേശവകുപ്പിലാണ് ജോലി ചെയ്യുന്നത്. അതിനാൽ വകുപ്പുതല നടപടി സാധ്യമല്ല. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് ആണ് പൊലീസുകാരുടെ മർദനത്തിനിരയായത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. 2023 ഏപ്രിൽ അഞ്ചിന് രാത്രി കുന്നംകുളം സ്റ്റേഷനിൽവെച്ച് സുജിത്തിനെ പൊലീസ് ക്രൂരമായി മർദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അടിവസ്‍ത്രം മാത്രം ധരിപ്പിച്ച് സുജിത്തിനെ പൊലീസ് ജീപ്പിൽ നിന്ന് ഇറക്കുന്നത് മുതൽ പല തവണ അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.കസ്‍റ്റഡിയിലെ ക്രൂരമർദനം ഒതുക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്തെന്ന് സുജിത് കഴിഞ്ഞദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

 സുജിത്തിനോടും പരാതിയടക്കം നിയമ നടപടികൾക്ക് പിന്തുണ നൽകിയ പ്രാദേശിക കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. പണം വാഗ്ദാനം ചെയ്തപ്പോള്‍ നിയമവഴിയിൽ കാണാമെന്ന് തിരിച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ പിൻതിരിയുകയായിരുന്നു. അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈറും തന്നെ മർദിച്ചിരുന്നു. ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത് പറഞ്ഞു. സുഹൈർ ഇപ്പോൾ റവന്യൂ വകുപ്പ് ജീവനക്കാരനാണ്. മര്‍ദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നും സുജിത് ആവശ്യപ്പെട്ടു.

തൃശൂര്‍ ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ട് സുജിത് വിവരമന്വേഷിക്കുകയായിരുന്നു. തുടർന്ന്, ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ. നുഹ്മാന്റെ തേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു.

Tags:    
News Summary - Kunnamkulam custodial beating: Four policemen suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.