വീണ ​ജോർജ്

കേരളത്തിലെ ശിശുമരണ നിരക്ക് യു.എസിനേക്കാൾ കുറവ്; നേട്ടത്തിന് വേണ്ടി പ്രവർത്തിച്ചവർക്ക് നന്ദിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ശിശു മരണനിരക്ക് അഞ്ച് ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് കേരളത്തിലെ ശിശു മരണനിരക്ക്. ഈ അഭിമാന നേട്ടത്തിന് ഒപ്പം പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകരേയും മറ്റ് സഹപ്രവർത്തകരേയും ആരോഗ്യ മന്ത്രി വീണ ജോർജ് നന്ദി അറിയിച്ചു.

രാജ്യത്ത് ഗ്രാമീണ നഗര മേഖലകളില്‍ ശിശുമരണ നിരക്കിൽ വലിയ അന്തരമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു . രാജ്യത്തെ ശിശുമരണ നിരക്കിന്റെ ശരാശരി ഗ്രാമീണ മേഖലയില്‍ 28ഉം നഗര മേഖലയില്‍ 19 തുമാണ് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു .എന്നാൽ കേരളത്തിൽ ഇരുമേഖലകളിലും ഒരേപോലെ മരണ നിരക്ക് കുറക്കാൻ കഴിഞ്ഞു. കേരളത്തിന്റെ നിരക്കിൽ ഗ്രാമ നഗര വ്യത്യാസമില്ല. ഗ്രാമനഗര വ്യത്യാസമില്ലാതെ ഒരേ പോലെ ആരോഗ്യ സേവനങ്ങൾ (ഹെൽത്ത് കെയർ ആക്സിസിബിലിറ്റി ) ജനങ്ങൾക്ക് പ്രാപ്തമാകുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു .

ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും പൊതുജനാരോഗ്യപ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തുന്നതിനും അക്ഷീണം പ്രവർത്തിക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി പറയുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

2021ലെ ശിശുമരണ നിരക്കായ ആറിൽ നിന്നാണ് മികച്ച പ്രവർത്തനങ്ങളിലൂടെ അഞ്ചാക്കി കുറക്കാനായത്. കേരളത്തിലെ നവജാത ശിശുമരണ നിരക്ക് നാലിൽ താഴെയാണ്. ദേശീയ തലത്തിൽ 18 ഉള്ളപ്പോഴാണിത്. ഇത് വികസിത രാജ്യങ്ങൾക്ക് തുല്യമാണ്.

വിദ്യാർഥി പ്രവേശനം സുഗമമാക്കാൻ അടിയന്തര നടപടി: മന്ത്രി

തിരുവനന്തപുരം: വയനാട്, കാസർകോട് മെഡിക്കൽ കോളജുകൾക്ക് നാഷണൽ മെഡിക്കൽ കമീഷൻ അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാർഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രണ്ട് മെഡിക്കൽ കോളജുകളും സന്ദർശിച്ച് വിദ്യാർഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം. സമയബന്ധിതമായി എം.ബി.ബി.എസ് അഡ്മിഷൻ നടത്താനും മന്ത്രി നിർദേശം നൽകി.

രണ്ട് മെഡിക്കൽ കോളജുകൾക്കും നേരത്തെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളിൽ പി.എസ്.സി വഴിയുള്ള നിയമനം ഉറപ്പാക്കും. രണ്ട് മെഡിക്കൽ കോളജുകൾക്കും അധികമായി ആവശ്യമുള്ള തസ്തികകൾ സംബന്ധിച്ച് നേരത്തെ തന്നെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിച്ചിരുന്നു. ഓണത്തിന്റെ തിരക്കാണെങ്കിലും അഡ്മിഷൻ തീയതി അടുത്ത സാഹചര്യത്തിൽ സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

Tags:    
News Summary - Kerala's infant mortality rate is lower than the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.