കോഴിക്കോട്: ആരോഗ്യമേഖലയിലും ഡിജിറ്റൽ രംഗത്തും വലിയ നേട്ടം കൈവരിക്കുമ്പോഴും മൃതദേഹങ്ങൾ കീറിമുറിക്കാതെയുള്ള ഡിജിറ്റൽ പോസ്റ്റ്മോർട്ടം എന്ന ആശയം ഇനിയും ചർച്ചചെയ്യാതെ കേരളം. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ഫോറൻസിക് വിദഗ്ധ ഡോ. ഷെർലി വാസു, കേരളത്തിൽ മറ്റേതൊരു സംസ്ഥാനത്തേക്കാളും ഈ രംഗത്ത് പരിഷ്കാരം വേണമെന്നും അതിന് സാധ്യതകളുണ്ടെന്നും ശക്തമായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
‘വെർച്വൽ ഓട്ടോപ്സി’ അഥവാ ‘വെർചോപ്സി’ ഭാവിയിൽ ജഡപരിശോധന (പോസ്റ്റുമോർട്ടം) മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്ന അഭിപ്രായമാണ് അവർ പങ്കുവെച്ചത്.
2024 ജനുവരിയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാനത്ത് ഫോറൻസിക് സയൻസ് ലബോറട്ടറികൾ നവീകരിക്കാനും പ്രത്യേക സൈബർ ഓപറേഷൻസ് വിങ് സ്ഥാപിക്കാനും പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ പോസ്റ്റുമോർട്ടം നടപടികളിലെ പരിഷ്‍കാരം ഇപ്പോഴും സങ്കൽപത്തിൽ ഒതുങ്ങുകയാണ്. അതേസമയം, ഡൽഹി എയിംസിൽ 2021ൽ വെർച്വൽ പോസ്റ്റുമോർട്ടത്തിന്റെ സെന്റർ പ്രവർത്തനം തുടങ്ങി. വെർച്വൽ ഓട്ടോപ്സിയുടെ നോഡൽ സെന്റർ ആയാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ഈ മേഖലയിൽ പരിശീലനം നൽകാനും ആശയവിനിമയത്തിനുമാണ് നോഡൽ സെന്റർ പ്രവർത്തിക്കുന്നത്. ഇതിനകം നൂറോളം വെർച്വൽ പോസ്റ്റുമോർട്ടം ഇവിടെ നടന്നുവെന്നാണ് റിപ്പോർട്ട്.
ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ഡിജിറ്റൽ ആക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൂന്ന് കോടിയോളം ചെലവുള്ള പദ്ധതിക്കായി അവിടെ ടെൻഡർ നടപടികൾ ആരംഭിച്ചു. പദ്ധതി യാഥാർഥ്യമായാൽ ദക്ഷിണേന്ത്യയിലെ ആദ്യ വെർച്വൽ ഓട്ടോപ്സി സെന്ററാവുമിത്. ഗുജറാത്തിലും ഷില്ലോങ്ങിലും പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതായാണ് റിപ്പോർട്ട്. നാഗ്പുർ എയിംസിൽ 19 കോടിയുടെ പദ്ധതിയാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ സ്കാനിങ് വഴി ജഡപരിശോധന നടത്തുന്ന സംവിധാനം ഉണ്ട്. സ്കാനിങ്ങിൽ സെക്കൻഡുകൾക്കകം ശരീരത്തിനുള്ളിലെ കാൽ ലക്ഷത്തോളം സൂക്ഷ്മചിത്രങ്ങളും അസ്വാഭാവിമായ അവസ്ഥകളും മുറിവുകളും ചതവുകളും ആന്തരിക രക്തസ്രാവങ്ങളെ കുറിച്ച വിവരങ്ങളും ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
‘3-ഡി ബോഡി സർഫേസ് മാപിങ്, കമ്പ്യൂട്ടഡ് ടോമോഗ്രഫി (സി.ടി), മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എം.ആർ.ഐ)’ എന്നിവയുടെ സഹായത്തോടെ മൃതശരീരം വികലമാക്കാതെയും രോഗവ്യാപനം വരാതെയും പോസ്റ്റുമോർട്ടം നടപടികൾ സാധ്യമാണെന്ന് ഡോ. ഷെർലി വാസു സാക്ഷ്യപ്പെടുത്തിയിരുന്നു. ‘പോസ്റ്റുമോർട്ടം ടേബിൾ’ എന്ന തന്റെ പുസ്തകത്തിൽ അവർ ഈ വിഷയത്തെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നുണ്ട്.
കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പല പരിഷ്കാരങ്ങളും വരുന്നുണ്ടെങ്കിലും മോർച്ചറികളുടെ അവസ്ഥ ദയനീയമാണ്. ആധുനികവത്കരണമോ ആരോഗ്യപ്രവർത്തകർക്ക് മതിയായ സുരക്ഷ സൗകര്യങ്ങളോ പരിമിതമാണ്. സാങ്കേതികത്വത്തിന്റെ പേരിൽ മാത്രം പോസ്റ്റ്മോർട്ടം വേണ്ടിവരുന്ന കേസുകളിലെങ്കിലും വെർച്വൽ ഓട്ടോപ്സി അഥവാ ഡിജിറ്റൽ പോസ്റ്റ്മോർട്ടം എന്ന രീതി അവലംബിക്കണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.