തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 18 പേർ ചികിത്സയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈവർഷം 41 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ചികിത്സക്കാവശ്യമായ മരുന്നുകൾ ഉറപ്പാക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. ആദ്യമായാണ് അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കണക്ക് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.
അതേസമയം, രോഗം കൂടുതൽ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനാധികാരികൾക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നൽകി. ഇതിന്റെ ഭാഗമായി ‘ജലമാണ് ജീവൻ’ കാമ്പയിന് തുടക്കം കുറിച്ചു. 30, 31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യാനും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കാനും തീരുമാനിച്ചു.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കാമ്പയിൻ. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം. ഇക്കാര്യം ആരോഗ്യപ്രവർത്തകർ പരിശോധിച്ച് ഉറപ്പ് വരുത്തണം.
ഓണാവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനങ്ങളും ബോധവത്കരണവും നൽകും.
കോഴിക്കോട്: തുടർച്ചയായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 30, 31 തീയതികളിൽ പ്രാദേശിക ജലസ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തുന്നതിനായി ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി സ്പെഷൽ ഡ്രൈവ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.