ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഇന്നു മിക്കവരുടെയും ഉറ്റസുഹൃത്താണ്. നമ്മുടെ എന്തു ചോദ്യങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന സുഹൃത്ത്. അതുകൊണ്ടുതന്നെ പല കാര്യങ്ങൾക്കും നമ്മൾ ആശ്രയിക്കുന്നത് ചാറ്റ് ജി.പി.ടി പോലുള്ള ചാറ്റ് ബോട്ടുകളെയാണ്. വർക്ക് ഔട്ട് പ്ലാനുകളും ഡയറ്റ് ടിപ്സുകളും എ.ഐ പറയുന്നതുപോലെ പിന്തുടരുന്നവരും ഇന്നത്തെ കാലത്തുണ്ട്. എന്നാൽ, ഈ പ്രവണതക്ക് പിന്നിലുള്ള അപകടം ചൂണ്ടിക്കാണിക്കുകയാണ് വിദഗ്ധർ.
നിങ്ങളെ നേരിട്ട് കാണുന്ന ഫിറ്റ്നസ് ട്രെയ്നറുടെയോ ഡോക്ടറുടെയോ അത്ര പ്രാവീണ്യം അൽഗോരിതം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിർമിത ബുദ്ധിക്കുണ്ടെന്ന് തോന്നുന്നുണ്ടോ? ഒരു വ്യക്തിയുടെ ശാരീരികവും വൈകാരികവുമായ അവസ്ഥ മനസ്സിലാക്കാൻ എ.ഐക്ക് കഴിയില്ല.
മാത്രമല്ല വ്യക്തികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താൻ ആ മേഖലയിൽ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള മനുഷ്യർ വഹിക്കുന്ന പങ്കിനോളം നിലവിൽ എ.ഐക്ക് ചെയ്യാൻ സാധിക്കില്ല. നമുക്ക് തടിക്കണോ അതോ മെലിയണോ, ആവശ്യമെന്തുതന്നെയായാലും അതിലുള്ള വ്യായാമങ്ങൾ, ഭക്ഷണങ്ങൾ, യോഗ മുറകൾ തുടങ്ങി എല്ലാം സെക്കൻഡുകൾകൊണ്ട് എ.ഐ തയാറാക്കി നൽകും.
മുൻകാല ഡേറ്റ വിശകലനം ചെയ്തും അൽഗോരിതമനുസരിച്ചുമാണ് ഇവ ഇത്തരത്തിൽ വിവരങ്ങൾ കൈമാറുന്നത്. ഒരു പരിശീലകനോ ഡോക്ടറോ നൽകുന്ന സ്നേഹവും പരിഗണനയും എ.ഐക്ക് തരാൻ സാധിക്കില്ല എന്നുകൂടി ഓർക്കേണ്ടതുണ്ട്. ഫിറ്റ്നസ് എന്നത് വളരെ വ്യക്തിപരമായ കാര്യമാണ്.
മുൻകാല രോഗങ്ങൾ, ഉപാപചയ പ്രവർത്തനങ്ങൾ, ജീവിതശൈലി, മാനസികാരോഗ്യം തുടങ്ങിയ ഘടകങ്ങൾ കാരണം ഒരേ പ്രായവും ഭാരവുമുള്ള രണ്ട് ആളുകൾക്കുപോലും വളരെ വ്യത്യസ്തമായ ചികിത്സരീതികളാണ് ആവശ്യമായി വരുക. പരിശീലനം ലഭിച്ച ഒരു ഡോക്ടർക്കോ സർട്ടിഫൈഡ് പരിശീലകനോ കഴിയുന്നതുപോലെ എ.ഐക്ക് ഈ സൂക്ഷ്മതകൾ പൂർണമായി വിശദീകരിക്കാൻ കഴിയില്ലെന്ന് താണെയിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. അനികേത് മുലെ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.