മലപ്പുറം: അക്യുപങ്ചറിന്റെ മറവിൽ ഗാർഹികപ്രസവവും മരുന്നുരഹിത ചികിത്സയും നിർബാധം തുടരുമ്പോഴും വ്യാജ ചികിത്സകർക്കെതിരായ നടപടി വൈകിപ്പിച്ച് സർക്കാർ. വ്യാജ ചികിത്സകരുടെ സ്വാധീനത്തിൽപെട്ട് നിരവധി പേർ മരണത്തിന് കീഴടങ്ങിയിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. അക്യുപങ്ചർ പഠിച്ചെന്നവകാശപ്പെട്ട് നിരവധി പേർ ക്ലിനിക് തുറന്ന് അനധികൃത പ്രാക്ടിസ് തുടരുമ്പോഴും ആരോഗ്യവകുപ്പ് തികഞ്ഞ മൗനത്തിലാണ്.
2021ലെ നാഷനൽ കമീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രഫഷൻസ് (എൻ.സി.എ.എച്ച്.പി) നിയമപ്രകാരം അക്യുപങ്ചർ പ്രാക്ടിസിന് കർശന നിയന്ത്രണമുണ്ട്. 2024 സെപ്റ്റംബർ 26ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഭേദഗതി ചട്ട പ്രകാരം ‘അദർ കെയർ പ്രഫഷനലുകൾ’ എന്ന വിഭാഗത്തിലാണ് അക്യുപങ്ചർ പ്രഫഷനലുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്. അക്യുപങ്ചർ പ്രാക്ടിസ് ചെയ്യുന്നതിന് അംഗീകൃത യോഗ്യത നിർബന്ധമാണ്.
ബന്ധപ്പെട്ട സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ കേന്ദ്ര അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രഫഷനലുകളുടെ രജിസ്റ്ററിലോ ഇവർ രജിസ്റ്റർ ചെയ്യണം. നിയമം നിശ്ചയിച്ച വിദ്യാഭ്യാസ-പ്രഫഷനൽ മാനദണ്ഡങ്ങൾ പ്രാക്ടിഷണർമാർ പാലിച്ചില്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കും. ശരിയായ രജിസ്ട്രേഷനും യോഗ്യതയുമില്ലാതെ അക്യുപങ്ചർ പ്രാക്ടിസ് ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. എൻ.സി.എ.എച്ച്.പി നിയമപ്രകാരം സംസ്ഥാന സർക്കാറിനു കീഴിൽ സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ കൗൺസിൽ നിലവിൽ വന്നിട്ടുണ്ടെങ്കിലും രജിസ്ട്രേഷൻ ബോർഡടക്കം അനുബന്ധ സംവിധാനങ്ങൾ രൂപവത്കരിച്ചിട്ടില്ല.
അക്യുപങ്ചർ ചികിത്സയുടെ ഫലമായി കുറ്റ്യാടിയിൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത വീട്ടമ്മയുടെ മരണമടക്കം നിരവധി പരാതികളാണ് ഇത്തരം പ്രാക്ടിഷണർമാർക്കെതിരെ ഉയരുന്നത്. കേരളത്തിൽ പ്രാക്ടിസ് ചെയ്യുന്ന ഭൂരിഭാഗം അക്യുപങ്ചറിസ്റ്റുകളും അംഗീകൃത ബിരുദമുള്ളവരല്ല. ഇതിനാൽ നാഷനൽ കമീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രഫഷനലിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദേശം ഇവർ അനുസരിക്കുന്നില്ല.
ആരോഗ്യം, സംസ്ഥാന വിഷയമായതിനാൽ സംസ്ഥാനങ്ങൾക്ക് അധികചട്ടം രൂപവത്കരിക്കാം. മലപ്പുറത്ത് ഗാർഹികപ്രസവത്തെ തുടർന്ന് യുവതി മരിച്ചതും ചികിത്സ നിഷേധിച്ചതിനാൽ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസ്സുകാരൻ മരിച്ചതും വ്യാപക ചർച്ചയായിട്ടും ആരോഗ്യവകുപ്പ് ഉണർന്നുപ്രവർത്തിക്കുന്നില്ല. അംഗീകൃത വൈദ്യശാസ്ത്രത്തിൽ യോഗ്യതയുള്ളവർക്ക് അക്യുപങ്ചർ പ്രാക്ടിസ് പരിമിതപ്പെടുത്തി തമിഴ്നാട് സർക്കാർ മുമ്പ് ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.