സമയം കളയാനും സമ്മർദ്ദം കുറക്കാനും ഇന്ന് മിക്കവരും ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. ഇൻസ്റ്റാഗ്രാം റീലുകൾ, യൂട്യൂബ് ഷോർട്ട്സ് എന്നിവ തലച്ചോറിൽ ഉണ്ടാകുന്ന ഫലങ്ങൾ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ ഭയാനകവും ആശങ്കാജനകവുമാണെന്ന് ന്യൂറോ സയന്റിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുള്ള ഹ്രസ്വ വീഡിയോകൾ മദ്യത്തിന് സമാനമായി ആസക്തി ഉണ്ടാക്കുന്ന തരത്തിലാണ് തലച്ചോറിനെ ബാധിക്കുന്നത്.
ഷോർട്ട് വീഡിയോ ആസക്തി ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. ഇത് നമ്മുടെ ശ്രദ്ധ, ഉറക്കം, ഓർമ്മ ശക്തി, മാനസികാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും വിഷാദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ടിയാൻജിൻ നോർമൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്വിയാങ് വാങ് പറയുന്നു. നമ്മുടെ മാനസികാവസ്ഥ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന നിർണായക ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപാമൈൻ.
നമ്മൾ എന്തെങ്കിലും അംഗീകാരങ്ങൾ നേടുമ്പോഴോ, ഭക്ഷണം ആസ്വദിക്കുമ്പോഴോ, പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുമ്പോഴൊക്കെ നമുക്ക് സന്തോഷം തോന്നിപ്പിക്കുന്ന രാസവസ്തുവാണിത്. മദ്യം, ഗെയിമിംഗ്, റീൽസ് പോലുള്ള എന്തെങ്കിലും ഉപയോഗിക്കുമ്പോഴെല്ലാം, ഡോപാമൈനിന്റെ അളവ് ഉയരുകയും ഉന്മേഷബോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ഫരീദാബാദിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. കുനാൽ ബഹ്‌റാനി വിശദീകരിക്കുന്നു.
ഡോപാമൈൻ ഉൽപാദനം കൂടുന്നതിനനുസരിച്ച് തലച്ചോറിൽ കൂടുതൽ ന്യൂറോ-കണക്ഷനുകൾ രൂപപ്പെടുന്നു. വീണ്ടും വീണ്ടും റീലുകൾ കാണാനുള്ള ആസക്തി ഇത് സൃഷ്ടിക്കുന്നു. ഈ പ്രവണത തലച്ചോറിനേൽപ്പിക്കുന്ന ക്ഷതവും വലുതാണ്.
പ്രീഫ്രോണ്ടൽ കോർട്ടെക്സ്: തലച്ചോറിന്റെ ഈ ഭാഗമാണ് ശ്രദ്ധ, ആത്മനിയന്ത്രണം, തീരുമാനമെടുക്കൽ എന്നിവയ്ക്ക് ഉത്തരവാദി. 26 അല്ലെങ്കിൽ 27 വയസ്സ് വരെ പ്രീഫ്രോണ്ടൽ കോർട്ടെക്സ് വികസിക്കുന്നു. എന്നാൽ റീലുകൾ കാണുമ്പോൾ നിരന്തരം ഉള്ളടക്ക മാറ്റം സംഭവിക്കുന്നതിലൂടെ നമ്മൾ ഇതിനെ അമിതമായി പ്രവർത്തിപ്പിക്കുന്നു. കാലക്രമേണ, പ്രീഫ്രോണ്ടൽ കോർട്ടെക്സ് ചുരുങ്ങുകയും ദൈനംദിന പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
ഹിപ്പോകാമ്പസ്: രാത്രിയിലെ സ്ക്രോളിംഗ് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ഓർമ്മശക്തിയുടെ ഏകീകരണത്തെയും തടസ്സപ്പെടുത്തുന്നു. ഹിപ്പോകാമ്പസ് അസ്വസ്ഥമായാൽ, നമ്മുടെ അന്തർലീനമായ പഠനശേഷി ദുർബലമാകും. അതുകൊണ്ടാണ് റീലുകൾ അമിതമായി കാണുന്ന ആളുകൾ പലപ്പോഴും ശ്രദ്ധക്കുറവും ഓർമ്മക്കുറവും പരാതിപ്പെടുന്നത്.
അമിതമാകുന്ന എന്തും ആസക്തിയായി മാറും, അത് മദ്യമായാലും ഗെയിമിംഗായാലും സോഷ്യൽ മീഡിയ ആയാലും. ഇന്സ്റ്റഗ്രോമിലെയും യൂടൂബിലെയും ഹ്രസ്വ വീഡിയോകൾക്കും ഇത് ബാധകമാണ്. അതുകൊണ്ട് റീൽസുകൾക്കും അതിരുകൾ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. സ്‌ക്രീൻ സമയം ഒരു ദിവസം 2-3 മണിക്കൂറിൽ കൂടരുത്. അതിനപ്പുറം, അത് തലച്ചോറിന് വിഷമായി മാറുന്നു. നിയന്ത്രിച്ചില്ലെങ്കിൽ ഈ ഡിജിറ്റൽ ലഹരി ഡിജിറ്റൽ ഡിമെൻഷ്യയിലെത്തും. അമിത ഉത്തേജനം, മോശം ഉറക്കം, ഓർമ്മക്കുറവ് എന്നിങ്ങനെ തലച്ചോറിന്‍റെ പ്രവർത്തനങ്ങൾ താളം തെറ്റിയ അവസ്ഥയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.