എസ്.സി.ഡി ഉപകരണം ഡയാലിസിസ് ഉപകരണത്തിൽ
ഘടിപ്പിച്ചപ്പോൾ
മനാമ: അമിതമായ Infections, kidney disease, multi-organ failure എന്നീ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളുടെ ചികിത്സക്കായി സെലക്ടിവ് സൈറ്റോഫെററ്റിക് ഡിവൈസ് (എസ്.സി.ഡി) അവതരിപ്പിക്കാനുള്ള നീക്കവുമായി ബഹ്റൈൻ. അമേരിക്കയിൽ അടുത്തിടെ വലിയ വിജയകരമായി ഉപയോഗിച്ച എസ്.സി.ഡി രാജ്യത്തും കൊണ്ടുവരണമെന്ന നിർദേശവുമായി സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കാണ് പാർലമെന്റിൽ ഒരു നിർദേശം സമർപ്പിച്ചത്.
നിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ മേഖലയിൽ എസ്.സി.ഡി ഉപയോഗിക്കുന്ന ആദ്യ രാജ്യമായി ബഹ്റൈൻ മാറും. ഇത്തരം രോഗങ്ങളാൽ ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒരു മെഡിക്കൽ ഉപകരണമാണിത്. ചികിത്സക്ക് ഏറെ ഗുണകരമാകുന്ന ഇത് എം.പിമാരുടെ അംഗീകാരം ലഭിക്കുന്നതിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടും.
അമിതമായ അണുബാധയും അവയവങ്ങൾക്കുണ്ടാകുന്ന തകരാറും കാരണം അഞ്ച് ശതമാനം മാത്രം അതിജീവനസാധ്യത കൽപ്പിച്ചിരുന്ന അമേരിക്കയിലെ ഒരു കുട്ടിയിൽ എസ്.സി.ഡി പരീക്ഷിച്ചതിലൂടെയാണ് ഇത് ലോകശ്രദ്ധയാകർഷിച്ചത്. ഡയാലിസിസ് മെഷീനുകളുമായി സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന എസ്.സി.ഡി പ്രതിരോധ പ്രതികരണം നിയന്ത്രിക്കുകയും വീക്കം, അവയവങ്ങളുടെ കേടുപാടുകൾ എന്നിവ വർധിപ്പിക്കുന്നതിന് കാരണമാകുന്ന വെളുത്ത രക്താണുക്കളെ സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
ബ്ലോക്ക് പ്രസിഡന്റും പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാനുമായ എം.പി അഹമ്മദ് അൽ സല്ലൂമാണ് ഈ നിർദേശത്തിന് നേതൃത്വം നൽകുന്നത്. ഉപകരണം ബഹ്റൈനിലെ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഒരു നിർണായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കുട്ടികൾക്കായുള്ള സംരക്ഷണപ്രവർത്തനങ്ങളിലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കണ്ടുപിടിത്തങ്ങളിൽ ഗൾഫ് മേഖലയിൽ ബഹ്റൈൻ എന്നും മുന്നിലുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനും അത് വീണ്ടെടുക്കാനുള്ള വഴികൾക്കും മാർഗങ്ങൾ ഒരുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അൽ സല്ലൂം പറഞ്ഞു. സാങ്കേതികവിദ്യയുടെ പരിശോധനക്കും പരിശീലനത്തിനുമുള്ള ഒരു കേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതിന് നിർമാതാക്കളുമായും അന്താരാഷ്ട്ര ആശുപത്രികളുമായും സാധ്യമായ പങ്കാളിത്തത്തെക്കുറിച്ചും എം.പിമാർ ചർച്ച ചെയ്യുന്നുണ്ട്. ഇത് രാജ്യത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തും.
നിർദേശം അംഗീകരിക്കുകയാണെങ്കിൽ, ബഹ്റൈനിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളിലും ഈ ഉപകരണം ഉപയോഗിക്കുന്നതിന് വഴിയൊരുക്കും. നിർദേശം നിലവിൽ പാർലമെന്റിലെ സർവിസസ് കമ്മിറ്റിയുടെ അവലോകനത്തിലാണ്. ആരോഗ്യ മന്ത്രാലയം അടുത്ത ആഴ്ചകളിൽ ഈ നിർദേശത്തെക്കുറിച്ചുള്ള വിലയിരുത്തൽ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിഷയം അടിയന്തരമായി അവലോകനം ചെയ്യണമെന്നാണ് വിദഗ്ധരുടെയടക്കം ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.