ന്യൂഡൽഹി: മാരുതി സുസുക്കി മോട്ടോർസ് ഇന്ത്യ അവരുടെ പ്രീമിയം എസ്.യു.വിയായ ബ്രെസ്സക്ക് മുകളിലും ഗ്രാൻഡ് വിറ്റാരക്ക് താഴെയുമായി വിപണിയിൽ എത്തിക്കുന്ന ഏറ്റവും പുതിയ മിഡ്-സൈസ് എസ്.യു.വിയാണ് വിക്ടോറിസ്. നേരത്തെ മാരുതിയുടെ ജനപ്രിയ മോഡലായ എസ്ക്യൂടോ വീണ്ടും വിപണിയിൽ എത്തുമെന്ന അഭ്യുഹങ്ങൾക്കിടയിലാണ് കമ്പനി വിക്ടോറിസിനെ നിരത്തുകളിൽ എത്തിക്കുന്നത്. LXI, VXI, ZXI, ZXI(O), ZXI+, ZXI+(O) എന്നീ ആറ് വകഭേദങ്ങളിലായിട്ടാകും വിക്ടോറിസ് വിൽപ്പനക്കെത്തുക. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോൾക്‌സ്‌വാഗൻ ടൈഗൂൺ എന്നീ മോഡലുകളാകും വിക്ടോറിസിന്റെ പ്രധാന എതിരാളികൾ.
മാരുതി സുസുക്കി 2022ൽ വിപണിയിൽ എത്തിച്ച ആദ്യ മിഡ്-സൈസ് എസ്.യു.വി ആയിരുന്നു ഗ്രാൻഡ് വിറ്റാര. രാജ്യത്ത് റെക്കോഡ് വിൽപ്പന നേട്ടത്തിൽ ഏറെ മുൻപിലുള്ള ഗ്രാൻഡ് വിറ്റാരക്ക് മറ്റൊരു കൂട്ടാളിയായി വിപണിയിൽ വിൽപ്പന വർധിപ്പിക്കാൻ മാരുതി അവതരിപ്പിച്ച രണ്ടാമത്തെ മിഡ്-സൈസ് എസ്.യു.വിയാണ് വിക്ടോറിസ്. മാരുതിയുടെ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാരയുടെ ഡിസൈൻ മോഡൽ ഉൾക്കൊണ്ടാണ് വിക്ടോറിസ് നിർമിച്ചിരിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ചങ്കി എൽ.ഇ.ഡി ഹെഡ്ലൈറ്റ്, ക്രോം സ്ട്രിപ്പോഡ് കൂടിയ സ്ലിം ഗ്രിൽ, പ്ലാസ്റ്റിക് ക്ലാഡിങ്, സിൽവർ സ്കിഡ് പ്ലേറ്റ് തുടങ്ങിയവ വിക്ടോറിസിന്റെ മുൻവശത്തെ പ്രത്യേകതകളാണ്.
18 ഇഞ്ച് അലോയ് വീൽ, ബ്ലാക്ക്‌ഡ്-ഔട്ട് പില്ലർ, സിൽവർ റൂഫ് റൈൽസ്, ചതുരാകൃതിയിലുള്ള ഓഫ് ബോഡി ക്ലാഡിങ് എന്നിവയും പുറകിലായി എൽ.ഇ.ഡി അക്ഷരങ്ങളിൽ "VICTORIS' എന്ന ബ്രാൻഡിങ്ങും മാരുതി എസ്.യു.വിക്ക് നൽകിയിട്ടുണ്ട്.
വയർലെസ്സ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്മോസ് 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 64 നിറങ്ങളിൽ ആമ്പിയന്റ് ലൈറ്റിങ്സ്, കണക്റ്റഡ് കാർ ടെക്, ലെതർ അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പനോരാമിക് സൺറൂഫ്, വയർലെസ്സ് ചാർജർ, 8 രീതിയിൽ ഇലക്ട്രികലി അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, പവർ ടൈൽഗേറ്റ് തുടങ്ങിയ ഒട്ടനവധി ഫീച്ചറുകൾ വിക്ടോറിസിനുണ്ട്.
കൂടാതെ ഏറ്റവും ആധുനിക സുരക്ഷ ഫീച്ചറായ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം) ലെവൽ 2, സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ് സിസ്റ്റം, ട്രാക്ഷൻ കണ്ട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കണ്ട്രോൾ, കുട്ടികളുടെ സുരക്ഷക്കായി റിയർ സീറ്റുകളിൽ ISOFIX സിസ്റ്റം എന്നിവയും വിക്ടോറിസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന വേരിയന്റിൽ 360 ഡിഗ്രി കാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം എന്നിവയും ലഭിക്കും.
103 എച്ച്.പി കരുത്ത് നൽകുന്ന 1.5-ലിറ്റർ 4 സിലിണ്ടർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ, 116 എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 1.5-ലിറ്റർ 3 സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ് എൻജിൻ, 89 എച്ച്.പി പവർ നൽകുന്ന 1.5-ലിറ്റർ പെട്രോൾ, സി.എൻ.ജി എൻജിൻ എന്നിങ്ങനെ മൂന്ന് എൻജിൻ പവർട്രെയിനുകളാണ് വിക്ടോറിസിന്റെ കരുത്ത്. സി.എൻ.ജി വകഭേദത്തിന്റെ ഫ്യുവൽ ടാങ്ക് വാഹനത്തിന്റെ അടിവശത്ത് സജ്ജീകരിച്ചിരിക്കുന്നതിനാൽ ബൂട്സ് സ്പേസിൽ ധാരാളം സ്ഥലം വാഹന ഉടമകൾക്ക് ലഭിക്കും.
5 സ്‌പീഡ് മാനുവൽ, 6 സ്പീഡ് ടോർക് കൺവെർട്ടഡ് ഓട്ടോ ഗിയർ ബോക്സുകളാണ് പെട്രോൾ എൻജിന് ലഭിക്കുന്നത്. ഇ-സി.വി.ടി ഗിയർ ബോക്സ് ഹൈബ്രിഡ് എഞ്ചിനുകൾക്കും 5 സ്പീഡ് മാനുവൽ ഗിയർ ബോക്സ് സി.എൻ.ജി വേരിയന്റിനും ലഭിക്കും. കൂടാതെ വിക്ടോറിസ് ഉപഭോക്താക്കൾക്ക് ഓൾ-വീൽ ഡ്രൈവ് പെട്രോൾ ഓട്ടോ കോൺഫിഗറേഷൻ വകഭേദവും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഭാരത് എൻ.സി.എ.പി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് നേടിയ വിക്ടോറിസ് ഉടൻ നിരത്തുകളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വാഹനപ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.