സുസുക്കി മോട്ടോഴ്സ് ഇന്ത്യ അവരുടെ സ്പോർട്സ് സെഗ്മെന്റിൽ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ച ജിക്സർ 250 ബൈക്കിന്റെ അയ്യായിരത്തി ഒരുനൂറ്റി നാൽപത്തിയഞ്ച് (5145) യൂനിറ്റുകളാണ് തിരിച്ചുവിളിക്കുന്നത്. ബൈക്കിന്റെ ബ്രേക്കിങ്ങിലുള്ള തകരാർ പരിഹരിക്കുന്നതിനായാണിതെന്നാണ് കമ്പനി വക്താക്കൾ പറയുന്നത്.
ഇന്ത്യൻ വിപണിയിലിറക്കിയ ജിക്സർ 250സിസി സെഗ്മെന്റിലുള്ള രണ്ട് മോഡലുകളായ സുസുക്കി ജിക്സർ 250 ഉം ജിക്സർ എസ്.എഫ് 250സിസി ബൈക്കുകളാണ് കമ്പനി സുരക്ഷാകാരണങ്ങളാൽ തിരിച്ചുവിളിക്കുന്നത്. 2022 ഫെബ്രുവരി മുതൽ ജൂൺ 2026 വരെയുള്ള സമയത്ത് നിരത്തിലിറങ്ങിയ ബൈക്കുകളാണ് സർവിസിന് എത്തിക്കേണ്ടത്.
ബ്രേക്ക് സിസ്റ്റത്തിലുണ്ടാകുന്ന പിഴവ് പരിഹരിക്കാനാണിത്. നിലവിൽ ജിക്സർ 250 സീരീസിൽ സുസുക്കി വി സ്റ്റോം 250സിസി ബൈക്കിന്റെ റിയർ ബ്രേക്ക് കാലിപ്പറാണ് ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ബ്രേക്ക്പാഡും ബ്രേക്ക് ഡിസ്കും തമ്മിലുള്ള അനുപാതം കൃത്യമാകാതെ ബ്രേക്ക് ചെയ്യുന്ന സമയത്ത് തകരാറിലാവുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ തകരാർ പരിഹരിക്കാനാണ് ഇപ്പോൾ തിരിച്ചു വിളിക്കുന്നത്. ഇതിനുമുമ്പും 250 സിസി സീരീസിലുള്ള ബൈക്കുകൾ കമ്പനി തിരിച്ചുവിളിച്ചിട്ടുണ്ട്.
ജിക്സർ 250, എസ്.എഫ് 250, വി-സ്റ്റോം എസ്.എക്സ് എന്നീ മോഡലുകളിലെ എഞ്ചിൻ ഷാഫ്റ്റുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കുന്നതിനായിരുന്നു അത്. സുസുക്കി അവരുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർവിസ് സെന്ററുകളിലെത്തി ബ്രേക്കുമായി ബന്ധപ്പെട്ട തകരാറുകൾ സൗജന്യമായി പരിഹരിക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് യുവാക്കൾക്കിടയിൽ ഹരമായി മാറിയ സ്പോർട്സ് സെഗ്മെന്റ് ബൈക്കുകളാണ് സുസുക്കിയുടെ ജിക്സർ 250 സിസി മോഡലുകൾ. 249 സിസി എസ്ഒസിഎച്ച് സിംഗിൾ സിലിണ്ടർ 4 വാൽവ് ഓയിൽ കൂൾഡ് എൻജിൻ 26.5എച്ച്പി പവറും 22എൻഎം ടോർക്കും ജനറേറ്റ്ചെയ്യുന്നു. ആറ് സ്പീഡ് ഗിയർബോക്സ് സ്പോർട്ടി പെർഫോമൻസും സുഖകരമായ യാത്രയും പ്രദാനംചെയ്യുന്നതാണ്്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.