നിലമ്പൂര്‍: ഓണാഘോഷം കളറാക്കാൻ വാഹനങ്ങളിൽ കറങ്ങിയ വിദ്യാർഥികൾക്ക് പൊലീസിന്‍റെ പിടിവീണു. കോളജുകളിലും, സ്കൂളുകളിലും നടന്ന ഓണാഘോഷം കളറാക്കാനാണ് ആഡംഭര വാഹനങ്ങളുമായി വിദ്യാർത്ഥികളെത്തിയത്. ആഡംബര കാറുകളും ജീപ്പുകളും ഉൾപ്പടെ ഇരുപതോളം വാഹനങ്ങളാണ് നിലമ്പൂർ പൊലീസ് പിടിച്ചെടുത്തത്. മമ്പാട്, നിലമ്പൂർ, മൈലാടി എന്നിവിടങ്ങളിലെ വിദ്യാലയ പരിസരങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്.
നിലമ്പൂർ പൊലീസിന്‍റെ നിര്‍ദേശം ലംഘിച്ച് അപകടകരമായ വിധത്തിൽ ഉപയോഗിച്ച വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. മിനി കൂപ്പര്‍, ബി.എം.ഡബ്ലൂ, ഒ.ഡി, രൂപമാറ്റം വരുത്തിയ ഫോര്‍ വീല്‍ ജീപ്പുകള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തതില്‍പ്പെടും. മുകളില്‍ കയറി ആഘോഷം നടത്താന്‍ ഉപയോഗിച്ച ലോറിയും രൂപമാറ്റം വരുത്തിയ വാഹനങ്ങളും പിടിച്ചെടുത്തു. ഇവയിൽ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തവയുമുണ്ട്. ‘അലിയാർ ഗ്യാങ്’ എന്ന് മാത്രം എഴുതിയാണ് ചില വാഹനങ്ങൾ റോഡിലിറക്കിയത്.
നിയമലംഘനത്തിന് ഉപയോഘിച്ച വാഹനങ്ങൾ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുമെന്ന് നിലമ്പൂര്‍ ഇൻസ്പെക്ടർ സുനില്‍ പുളിക്കല്‍ പറഞ്ഞു. മുൻകാലങ്ങളിലൊക്കെ വാഹന അഭ്യാസങ്ങൾ അപകടങ്ങൾക്ക് വഴിവെച്ചിരുന്ന സാഹചര്യത്തിൽ ഇത്തവണ നിലമ്പൂർ പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സി.ഐയെ കൂടാതെ എസ്.ഐ മാരായ വിഷ്ണുരാജ്, മുസ്തഫ, സൈഫുള്ള, തോമസ് കുട്ടി ജോസഫ് എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
ലോഹിതദാസിന്‍റെ രചനയിൽ ജോഷി സംവിധാനം നിർവഹിച്ച് 1992ൽ പുറത്തിറങ്ങിയ ‘കൗരവറി’ലെ അലിയാരുടെ (തിലകൻ) നേതൃത്വത്തിലെ അണ്ടർ വേൾഡ് ഗ്യാങ്ങിനെ സൂചിപ്പിച്ചാണ് ‘അലിയാർ ഗ്യാങ്’ സ്റ്റിക്കർ വിദ്യാർഥികൾ പതിക്കുന്നത്.
ആന്റണിയുടെ (മമ്മൂട്ടി) ഭാര്യയുടെയും മകളുടെയും, അലിയാറിന്റെ (തിലകൻ) ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മരണത്തിന് ഉത്തരവാദിയായ പൊലീസ് ഓഫീസറോടുള്ള പകയുടെ കഥയാണ് ‘കൗരവർ’ പറയുന്നത്. ചിത്രത്തിലെ സീനുകൾ അടുത്തിടെയായി അലിയാർ ഗ്യാങ് എന്ന പേരിൽ വിദ്യാർഥികൾക്കിടയിൽ റീലുകളായി വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.