ഹെവി വാഹനങ്ങള്‍ക്ക് ഇനി ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം; നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധമാക്കും. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെ.എസ്.ആർ.ടി.സി ബസുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. ഈ ഉത്തരവ് പ്രകാരം ഹെവി വാഹനങ്ങളുടെ ഇരുവശത്തും ബ്ലൈൻഡ് സ്പോട്ട് മിററുകൾ ഘടിപ്പിക്കണം. ഡ്രൈവർക്ക് കാണാൻ കഴിയാത്ത ഭാഗങ്ങൾ ഈ മിററിലൂടെ കാണാൻ സാധിക്കും. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

നിയമം പ്രാബല്യത്തിൽ വന്നാൽ വാഹന പരിശോധനയിൽ ബ്ലൈൻഡ് സ്പോട്ട് മിററുകൾ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും. നിയമലംഘനത്തിന് പിഴയും ചുമത്തും. ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈന്‍ഡ് സ്‌പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകള്‍ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

എന്താണ് ബ്ലൈൻഡ് സ്പോട്ട് മിറർ?

​വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് കാണാൻ കഴിയാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്പോട്ടുകൾ (Blind Spots). കാറുകൾ, ട്രക്കുകൾ, ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങളിൽ ഈ ബ്ലൈൻഡ് സ്പോട്ടുകൾ വളരെ വലുതായിരിക്കും. ഇത് റോഡിൽ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് ബ്ലൈൻഡ് സ്പോട്ട് മിററുകൾ. സാധാരണ മിററുകൾക്ക് പുറമെ വാഹനത്തിന്‍റെ സൈഡ് മിററുകളിൽ ഘടിപ്പിക്കുന്ന ചെറുതും വളഞ്ഞതുമായ കോൺവെക്സ് കണ്ണാടിയാണ് ബ്ലൈൻഡ് സ്പോട്ട് മിറർ. ഈ മിററുകൾ കൂടുതൽ കാഴ്ചാപരിധി നൽകുന്നതുകൊണ്ട് ഡ്രൈവർക്ക് ബ്ലൈൻഡ് സ്പോട്ടുകളിൽ മറഞ്ഞിരിക്കുന്ന മറ്റ് വാഹനങ്ങളെയോ കാൽനടയാത്രക്കാരെയോ കാണാൻ സാധിക്കും.

ബ്ലൈൻഡ് സ്പോട്ട് മിററുകളുടെ ഉപയോഗങ്ങൾ

  • ബ്ലൈൻഡ് സ്പോട്ടുകൾ കാരണം സംഭവിക്കാവുന്ന അപകടങ്ങൾ വലിയ അളവിൽ കുറക്കാൻ സഹായിക്കുന്നു
  • വാഹനം ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് മാറ്റുമ്പോൾ, ബ്ലൈൻഡ് സ്പോട്ടിൽ വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ ഈ മിററുകൾ സഹായിക്കുന്നു
  • ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ബ്ലൈൻഡ് സ്പോട്ട് മിററുകൾ വഴി പിന്നിലുള്ള വസ്തുക്കളെയും തടസ്സങ്ങളെയും വ്യക്തമായി കാണാൻ സാധിക്കും
Tags:    
News Summary - Blind spot mirrors now mandatory for heavy vehicles; effective from November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.