മുംബൈ: ആഗോളതലത്തിൽ ആദ്യ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റമുള്ള എസ്.യു.വി എന്ന ക്രെഡിറ്റ് മഹീന്ദ്ര ഥാർ റോക്സ് സ്വന്തമാക്കിയപ്പോൾ ഇന്ത്യൻ വാഹന ലോകത്ത് കമ്പനിയുടെ വലിയൊരു കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. പിന്നീട് ഇലക്ട്രിക് മോഡലായ BE 6, XEV 9e വാഹനങ്ങളിലും ഇതേ സൗണ്ട് സിസ്റ്റം മഹീന്ദ്ര കൊണ്ടുവന്നു. ഇപ്പോഴിതാ, വാഹനപ്രേമികൾക്ക് സർപ്രൈസായി ബജറ്റ് ഫ്രണ്ട്‌ലി 5 സീറ്റർ എസ്.യു.വിയായ XUV 3XO യിലും ഇനിമുതൽ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ലഭിക്കും.
മഹീന്ദ്ര പുതിയതായി അവതരിപ്പിച്ച XUV 3XO REVX A വകഭേദത്തിലാകും ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ലഭിക്കുകയെന്ന് കമ്പനി അറിയിച്ചു. 12 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ആരംഭിക്കുന്ന ആദ്യ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ലഭിക്കുന്ന എസ്.യു.വിയാണ് XUV 3XO REVX A. മഹീന്ദ്രയുടെ വാഹനങ്ങളിൽ മികച്ച എന്റർടൈൻമെന്റ് എക്‌സ്‌പീരിയൻസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡോൾബി ലബോറട്ടറീസുമായി പങ്കുചേർന്നാണ് മഹീന്ദ്ര പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇതുവഴി സ്‌പീക്കറുകളിൽ നിന്നും പുറത്ത് വരുന്ന ശബ്ദങ്ങൾ കൂടുതൽ ക്ലിയറുള്ളതും ഡെപ്ത്തുള്ളതുമാക്കും.
XUV 3XO ആറ് സ്‌പീക്കറുകളുള്ള ഓഡിയോ സെറ്റ്അപ്പിലാണ് വിപണിയിൽ ലഭിക്കുന്നത്. ഏറ്റവും ഉയർന്ന വകഭേദമായ AX7Lൽ സബ് വൂഫർ ലഭിക്കുന്നതിനാൽ മികച്ച ശബ്‌ദാനുഭവം യാത്രക്കാർക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. XUV 3XOന്റെ REVX A, AX5L, AX7, AX7L എന്നീ വകഭേദങ്ങളിൽ ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ലഭിക്കും. പുതിയ ഫീച്ചറോട് കൂടിയ വാഹനങ്ങൾ 2025 സെപ്റ്റംബർ മുതൽ ഡെലിവറി ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
2024 ഏപ്രിൽ 29നാണ് മഹീന്ദ്ര XUV 3XO വിപണിയിൽ അവതരിപ്പിച്ചത്. പിന്നീട് ചെറിയ പരിഷ്‌കാരങ്ങളോടെ എത്തിയ XUV 3XO REVX ന് REVX M, REVX M(O), REVX A എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. 1.2 ലിറ്റർ TCMPFI ടർബോചാർജ്ഡ് പെട്രോൾ എൻജിനാണ് REVX M, REVX M(O) വകഭേദങ്ങളുടെ കരുത്ത്. ഇതിൽ സിംഗിൾ-പാൻ സൺറൂഫ് ഉൾപ്പെടെ നിരവധി ഫീച്ചറുകളുണ്ട്. 1.2 ലിറ്റർ TGDI ടർബോചാർജ്ഡ് പെട്രോൾ എൻജിനിൽ എത്തുന്ന REVX A മാന്വൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. REVX M മോഡൽ 8.94 ലക്ഷം (എക്സ് ഷോറൂം), REVX M(O) മോഡൽ 9.44 ലക്ഷം (എക്സ് ഷോറൂം), REVX A മോഡൽ 11.79 ലക്ഷം (എക്സ് ഷോറൂം) രൂപ എന്നിങ്ങനെയാണ് വാഹനത്തിന്റെ വില.
സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, റിയർ പാർക്കിങ് കാമറ സെൻസർ, 10.25-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ഡ്യൂവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, പനോരാമിക് സൺറൂഫ്, 6 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ XUV 3XO REVX മോഡലിന്റെ പ്രത്യേകതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.