നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവീസ് ടാക്സ്) ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സ്വാതന്ത്രദിന സന്ദേശത്തിലാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി സുപ്രധാനകാര്യം രാജ്യത്തെ ജനങ്ങളെ അറിയിച്ചത്. ഇതോടെ രാജ്യത്ത് ലഭിക്കുന്ന പല സാധങ്ങളുടെയും നികുതിയിൽ മാറ്റം വരും. വാഹന വിപണിയിൽ ചെറു കാറുകൾ, ഇരുചക്രവാഹനങ്ങൾ, എസ്.യു.വി സെഗ്‌മെന്റ് കാറുകൾ തുടങ്ങിയവയുടെ ജി.എസ്.ടിയിൽ വലിയ ഇളവ് ലഭിക്കാനും സാധ്യതയുണ്ട്. നിലവിൽ ചെറിയ കാറുകൾക്ക് 28 ശതമാനവും എസ്.യു.വി സെഗ്‌മെന്റ് വാഹനങ്ങൾക്ക് 50 ശതമാനവുമാണ് സർക്കാർ ഈടാക്കുന്ന ജി.എസ്.ടി നിരക്ക്.
ജി.എസ്.ടി നിരക്ക് രണ്ട് തട്ടുകളിലേക്ക് ചുരുക്കുന്നതോടെ രാജ്യത്ത് ലഭ്യമാക്കുന്ന വാഹനങ്ങളുടെ വില കുറയാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. പുതിയ ഏകീകരണം മൂലം ദൈനംദിന ഉപയോഗ വസ്തുക്കളുടെ ജി.എസ്.ടി പരമാവധി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് 5 ശതമാനവും മറ്റുള്ളവക്കെല്ലാം പൊതുവിലായി 18 ശതമാനവുമായി നിരക്കുകൾ ക്രമീകരിക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചുരുക്കം ചില വസ്തുക്കൾക്ക് മാത്രമേ അധിക നിരക്ക് ഈടാക്കുകയൊള്ളു.
പരിഷ്‌ക്കരിച്ചെത്തുന്ന ജി.എസ്.ടി നിരക്ക് ഏകീകരണം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഈ വർഷത്തെ ദീപാവലി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന വാഹന വിൽപ്പനയിൽ ഒരു പക്ഷെ ഈ ഏകീകരണം നടപ്പിൽ വന്നേക്കാം. പുതിയ ഏകീകരണപ്രകാരം 1200 സി.സിയിൽ താഴെ എഞ്ചിനുള്ള ചെറിയ കാറുകൾ ഒരു വിഭാഗത്തിലും, 1200 സി.സിക്ക് മുകളിൽ എൻജിൻ ശേഷിയുള്ള വലിയ കാറുകൾ ഉയർന്ന നികുതിയുള്ള രണ്ടാമത്തെ വിഭാഗത്തിലും ഉൾപ്പെടും.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് ശേഷം ജി.എസ്.ടി പരിഷ്‌ക്കാരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതി (GoM) കൂടുതൽ ചർച്ചകൾക്ക് ശേഷമാകും ഈ വിഷയത്തിൽ അന്തിമ തീരുമാനം അറിയിക്കുന്നത്. എന്നിരുന്നാലും പ്രധാന മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ സജ്ജീവമാകാൻ തയ്യാറാവുകയാണ് വാഹനനിർമാതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.