മഹീന്ദ്രയുടെ പുതിയ നാല് കൺസെപ്റ്റുകൾ
മുംബൈ: രാജ്യം സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചപ്പോൾ വാഹനലോകത്തിന് ശുഭ പ്രതീക്ഷയുമായി മഹീന്ദ്രയും സ്വാതന്ത്രം ആഘോഷകരമാക്കി മാറ്റി. ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വാതന്ത്രദിനത്തിൽ നടത്തിയ പ്രദർശന മേളയിൽ നാല് പുതിയ കൺസെപ്റ്റുകളാണ് അവതരിപ്പിച്ചത്. NU_IQ പ്ലാറ്റ്ഫോമിൽ നിർമിക്കാൻ പോകുന്ന എസ്.യു.വി സെഗ്‌മെന്റ് വാഹനങ്ങളുടെ കൺസെപ്റ്റായ വിഷൻ.എസ്, വിഷൻ.ടി, വിഷൻ എസ്.എക്സ്.ടി, വിഷൻ.എക്സ് എന്നീ നാല് വേരിയന്റുകളാണ് മഹീന്ദ്ര അവതരിപ്പിച്ചത്. മുംബൈയിൽ നടന്ന 'ഫ്രീഡം നു' പ്രദർശന മേളയിലാണ് ഈ പുതിയ കൺസെപ്റ്റുകൾ വാഹനപ്രേമികൾക്ക് മഹീന്ദ്ര പരിചയപ്പെടുത്തിയത്.
പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയ മൾട്ടി-എനർജി പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കാവുന്ന ഏറ്റവും പുതിയ NU_IQ മോഡലുകളാണ് ഇന്നലെ നടന്ന പ്രദർശന മേളയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര രാജ്യത്തിന് സമർപ്പിച്ചത്. ഫ്രണ്ട്-വീൽ ഡ്രൈവ്, റിയർ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് തുടങ്ങിയ പവർട്രെയിൻ വകഭേദങ്ങളിലും ലെഫ്റ്റ്-ഹാൻഡ് ഡ്രൈവ്, റൈറ്റ്-ഹാൻഡ് ഡ്രൈവ് എന്നീ ഡ്രൈവിങ് കോൺഫിഗറേഷൻസിലും ഒരേപോലെ ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോമാണ് NU_IQ. 2027ൽ പുറത്തിറങ്ങുന്ന അടുത്ത തലമുറയിലെ വാഹനങ്ങളിലാകും ഈ നാല് പുതിയ കൺസെപ്റ്റുകൾ ഉപയോഗിച്ച് വാഹനങ്ങൾ നിർമ്മിക്കുകയെന്ന് കമ്പനി അറിയിച്ചു.
'ഫ്രീഡം നു' പ്രദർശന മേളയുടെ ഭാഗമായി മഹീന്ദ്ര ഇന്ത്യ അവതരിപ്പിച്ച കൺസെപ്റ്റാണ് വിഷൻ ടി. 2023 ഓഗസ്റ്റിൽ പുറത്തിറങ്ങിയ ഥാർ. ഇ കൺസെപ്റ്റാണ് മഹീന്ദ്ര വിഷൻ ടി എന്ന പേരിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 2027ലാകും വിഷൻ ടി അടിസ്ഥാമാക്കി പുതിയ വാഹനങ്ങൾ നിർമിക്കുക.
മഹീന്ദ്ര വിഷൻ ടി
ബോക്സി ഡിസൈനിൽ ഓഫ്‌റോഡ് ഡ്രൈവിന് അനുയോജ്യമായാണ് വിഷൻ ടി അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കരുത്തുറ്റ ബമ്പറുകളും പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ടോഹുക്കും ഓൾ ടെറൈൻ ടയറുകളുമെല്ലാം വിഷൻ ടിയുടെ പ്രത്യേകതകളാണ്. ഇന്ത്യയിൽ മുംബൈയിലെയും യു.കെയിൽ ബാൻബുറിയിലെ ഡിസൈൻ സ്റ്റുഡിയോകളിലുമാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിപണിയിൽ തരംഗമാകാൻ പോകുന്ന NU_IQ പ്ലാറ്റ്‌ഫോം കൺസെപ്റ്റാണ് വിഷൻ എക്സ്. സ്‌പോർട്ടി-ക്രോസ് ഓവർ ഡിസൈനിലാണ് വിഷൻ എക്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മഹീന്ദ്ര ഏക്.യു.വി 3XO മോഡലിനോട് ഏറെ സാമ്യമുള്ള ഡിസൈനിലാണ് വിഷൻ എക്സ് നിർമ്മാണം. എന്നാൽ മുൻഭാഗത്തെ ഗ്രില്ല് എക്സ്.ഇ.വി മോഡലിനോടെ സാമ്യമുള്ളതാണ്. ഉയന്ന വീൽ ബേസും ഗ്രൗണ്ട് ക്ലിയറൻസുമുള്ള ഈ സെഗ്‌മെന്റ് 4 മീറ്റർ സബ് കോംപാക്ട് വാഹനമായിട്ടാകും വിപണിയിലേക്കെത്തുന്നത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ് തുടങ്ങിയ മൾട്ടി-എനർജി മോഡലുകളിൽ വാഹനം നിർമ്മിക്കാൻ സാധിക്കും.
മഹീന്ദ്ര വിഷൻ എക്സ്
'ബിഗ് ഡാഡി' എന്നറിയപ്പെടുന്ന മഹീന്ദ്ര സ്കോർപിയോ എസ്.യു.വിക്ക് വളരെ സാമ്യമുള്ള മോഡലാണ് വിഷൻ എസ്. സ്വാതന്ത്രദിനത്തിൽ മഹീന്ദ്ര അവതരിപ്പിച്ച നാല് കൺസെപ്റ്റുകളിൽ ഏറെ ശ്രദ്ധ നേടിയ മോഡലാണ് വിഷൻ എസ്. NU_IQ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഈ മോഡലിന്റെയും നിർമ്മാണം.
മഹീന്ദ്ര വിഷൻ എസ്
ബോക്സി ഡിസൈനിൽ ഒരു ഓഫ്‌റോഡ് മോഡലായാണ് വിഷൻ എസ് വിപണിയിലേക്കെത്തുക. മുൻവശത്തായി കുത്തനെയും നിരത്തിയും സ്ഥാപിച്ചിട്ടുള്ള മൂന്ന് എൽ.ഇ.ഡി ലൈറ്റുകൾക്കിടയിലാണ് ലോഗോ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ തലതിരിഞ്ഞ 'എൽ' ഷേപ്പിൽ ഹെഡ്‍ലൈറ്റുകളും ഏറ്റവും താഴെയായി എൽ.ഇ.ഡി ഫോഗ് ലാമ്പുകളും വിഷൻ എസിൽ കാണാൻ സാധിക്കും. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള മോഡലിന് 3,990 എം.എം മുതൽ 4,320 എം.എം വരെ നീളത്തിലുള്ള വാഹനങ്ങൾ നിർമ്മിക്കാനാകും. കൂടാതെ ഫ്രണ്ട്-വീൽ ഡ്രൈവ്, റിയർ-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് പവർട്രെയിനിലും വിഷൻ എസ് കൺസെപ്റ്റിൽ വാഹനങ്ങൾ നിർമ്മിക്കാം.
പുതുതായി അവതരിപ്പിച്ച നാല് മോഡലുകളിൽ ഏറ്റവും അവസാനത്തെ മോഡലാണ് വിഷൻ എസ്.എക്സ്.ടി. വിഷൻ ടി കൺസെപ്റ്റിൽ മാറ്റങ്ങളോടെ പിക്അപ്പ് സ്റ്റൈലിലുള്ള മോഡലാണ് എസ്.എക്സ്.ടി. മറ്റ് നാല് മോഡലുകളെ പോലെ 2027ലോ അതിനു ശേഷമോ ആയിരിക്കും എസ്.എക്സ് ടി മോഡലിന്റെ നിർമ്മാണം ആരംഭിക്കുക.
മഹീന്ദ്ര വിഷൻ എസ്.എക്സ്.ടി
മഹീന്ദ്ര ഇന്ത്യ 2023ൽ അവതരിപ്പിച്ച ഥാർ. ഇ കൺസെപ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വിഷൻ ടിയും വിഷൻ എസ്.എക്സ്.ടിയും നിർമിച്ചിരിക്കുന്നത്. 5 സീറ്റർ മോഡലിൽ എത്തുന്ന ഈ കൺസെപ്റ്റ് പ്രകാരം പുറകുവശത്തായി രണ്ട് സ്പെയർ ടയറുകൾ നൽകിയിട്ടുണ്ട്. വാഹനനിർമ്മാണം ആരംഭിക്കുന്ന ഘട്ടത്തിൽ ഉപഭോക്താക്കളുടെ താൽപര്യപ്രകാരം ടയറുകൾക്ക് പകരമായി ഭാരം വഹിക്കാനുള്ള ഒരു ചെറിയ സ്പേസായി ഇത് ഉപയോഗപ്പെടുത്താം.
എന്നാൽ മുഖം മിനുക്കിയെത്തുന്ന മഹീന്ദ്ര ബൊലേറോയുടെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഒരു പക്ഷെ അടുത്ത സ്വാതന്ത്രദിനത്തിൽ വിപണിയിൽ എത്താൻപോകുന്ന ഈ ജനപ്രിയ എസ്.യു.വി ഏറെ പ്രതീക്ഷകളോടെയാണ് വാഹനലോകം നോക്കികാണുന്നത്. മഹീന്ദ്രയുടെ ഐകോണിക് വാഹനമായ ഥാർ എസ്.യു.വിക്ക് മുൻപ് ഇന്ത്യൻ നിരത്തുകളിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ വാഹനമായിരുന്നു ബൊലേറോ. എങ്കിലും വിൽപ്പന മൂല്യവും വിപണിയിൽ ഏറെ തരംഗവുമായ ബൊലേറോക്ക് ഇന്നും വലിയ ആരാധകരുണ്ടെന്നത് ബൊലേറോ എസ്.യു.വിയുടെ മാത്രം പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.