ആഗസ്റ്റ് 15 മുതൽ ഹൈവേ യാത്രകൾ ലാഭകരമാകും; ഫാസ്ടാഗ് വാർഷിക പാസിന് അപേക്ഷിക്കാം

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 മുതൽ പുതിയ ഫാസ്ടാഗ് വാർഷിക പാസ് നിലവിൽവരും. ഈ ദിവസം മുതൽ രാജ്യത്തെ ദൈനംദിന ഹൈവേ യാത്രകൾ കൂടുതൽ ലാഭകരമാകുമെന്നത് യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയാണ്. ടോൾ ചാർജുകൾ ലാഭിക്കാൻ സ്ഥിരം യാത്രക്കാരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ഫാസ്ടാഗ് വാർഷിക പാസ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) പുറത്തിറക്കും. ഈ സന്ദർഭത്തിൽ ഓരോ യാത്രക്കാരനും അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.

കാറുകൾ, ജീപ്പുകൾ തുടങ്ങിയ സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾക്ക് മാത്രമാണ് വാർഷിക ഫാസ്ടാഗ് പാസ് ലഭിക്കുക. ബസുകൾ, ട്രക്കുകൾ, പാസഞ്ചർ ടാക്സികൾ എന്നിവയുൾപ്പെടെയുള്ള വലിയ വാണിജ്യ വാഹനങ്ങൾക്ക് യോഗ്യതയില്ല. വാർഷിക പാസിന് 3,000 രൂപ വാർഷിക ഫീസ് ഉണ്ട്. 200 യാത്രകൾ എന്ന പരിധി കടന്നാലോ ഒരു വർഷം പൂർത്തിയായാലോ (ഏതാണോ ആദ്യം) പാസിന്‍റെ കാലാവധി തീരും. അതിനുശേഷം സാധാരണ നിരക്കുകൾ ബാധകമാകും.

എന്നാൽ വാർഷിക പാസ് ഒരിക്കലും നിർബന്ധമല്ല. നിലവിലെ ഫാസ്ടാഗ് തുടർന്നും പ്രവർത്തിക്കും. എല്ലാ ടോൾ പ്ലാസകളിലും പണം നൽകുന്നതിന് പകരം, മുൻകൂറായി ഒരു നിശ്ചിത ഫീസ് അടച്ച് പണം ലാഭിക്കാൻ ദിവസേന യാത്ര ചെയ്യുന്നവരെ സഹായിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ജോലി ആവശ്യങ്ങൾക്കായി ദിവസത്തിൽ രണ്ടുതവണ ഹൈവേയിലൂടെ വാഹനമോടിക്കുന്നവർക്ക് ടോൾ ചെലവുകൾ വർഷത്തിൽ ആയിരക്കണക്കിന് രൂപ വരെ വരാം.

രാജ്മാർഗ് യാത്ര ആപ്പ് (ആപ്പ് സ്റ്റോറുകളിൽ ലഭ്യം), എൻ.എച്ച്.എ.ഐ ഔദ്യോഗിക വെബ്സൈറ്റ് (www.nhai.gov.in), ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (www.morth.nic.in) എന്നിവ വഴി യാത്രക്കാർക്ക് ഫാസ്ടാഗിനായി അപേക്ഷിക്കാം. ഇതിനകം ഫാസ്ടാഗ് ഉണ്ടെങ്കിൽ പുതിയത് വാങ്ങേണ്ടതില്ല. അംഗീകൃത പോർട്ടൽ വഴിയോ ആപ്പ് വഴിയോ 3,000 രൂപ ഫീസ് അടച്ച ശേഷം വാർഷിക പാസ് നിലവിലുള്ള ടാഗുമായി ബന്ധിപ്പിക്കാം.

യാത്രയുടെ ഇടയിൽ നിങ്ങളുടെ കൈയിലുള്ള പണം കുറയുന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഒരേ ടോൾ പോയിന്‍റുകൾ സ്ഥിരമായി മുറിച്ചുകടക്കുന്നവർക്ക് മനസ്സമാധാനവും ഉണ്ടാകും. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് സാധാരണ ഫാസ്ടാഗ് പേയ്‌മെന്‍റ് സംവിധാനം തന്നെ മതിയാകും. ഇതിൽ ഏത് വേണമെന്ന് ആഗസ്റ്റ് 15 മുതൽ തെരഞ്ഞെടുക്കാനുള്ള അവസരം യാത്രക്കാർക്കായിരിക്കും. കരിമ്പട്ടികയിലോ ടോൾ പേയ്‌മെന്‍റുമായി ബന്ധപ്പെട്ട തർക്കങ്ങളിലോ ഉൾപ്പെട്ട വാഹനങ്ങൾക്ക് ഫാസ്ടാഗിന്‍റെ സേവനം ലഭ്യമായിരിക്കില്ല എന്നുകൂടി ഓർക്കുക.

Tags:    
News Summary - FASTag Annual Pass FAQs: Eligibility, Validity, Purchase Process And Key Rules Ahead Of August 15 Launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.