മഹീന്ദ്ര ഥാർ റോക്സ്
ന്യൂഡൽഹി: ലഡാക്കിലെ ഐ.എസ്.ആർ.ഒ ബഹിരാകാശ പര്യവേഷണങ്ങളുടെ ഭാഗമാകാൻ ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്രയും. ബഹിരാകാശ അനലോഗ് ദൗത്യങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഐ.എസ്.ആർ.ഒയുമായി (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) സഹകരിച്ച് പ്രവർത്തിക്കാനാണ് ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ തീരുമാനം. ചന്ദ്രന്റെയും ചൊവ്വയുടെയും പ്രവർത്തനത്തെ നിരീക്ഷിക്കുന്ന ഹിമാലയൻ ഔട്ട്‌പോസ്റ്റ് ഫോർ പ്ലാനറ്ററി എക്‌സ്‌പ്ലോറേഷനിലാണ് (HOPE) മഹീന്ദ്ര ഐ.എസ്.ആർ.ഒയുമായി കൂടിചേർന്ന് പ്രവർത്തിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4,530 മീറ്റർ ഉയരത്തിലാണ് ഐ.എസ്.ആർ.ഒയുടെ ഈ പുതിയ ദൗത്യം.
'സ്പേസ് വാർഡ് ബൗണ്ട് ഇന്ത്യ 2025', 'ബിറ്റ് വീൻ ടു വേൾഡ്സ് 2025' എന്നീ രണ്ട് പേരുകളിലാണ് ഈ ദൗത്യം അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ബഹിരാകാശ ശാസ്ത്രജ്ഞരും ജീവശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ള ഗവേഷകർ ഈ ദൗത്യത്തിൽ പങ്കെടുക്കും. പര്യവേഷണ സ്ഥലങ്ങളിലേക്കുള്ള ആളുകളെയും സാധനങ്ങളെയും ലഡാക്കിലെ പരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത് മഹീന്ദ്രയാണ്.
കഠിനമായ ഭൂപ്രകൃതികൾ കീഴടക്കാൻ മഹീന്ദ്രയുടെ ഈ രണ്ട് വാഹനങ്ങൾക്ക് സാധിക്കുമെന്നതിൽ സംശയമില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ ബഹിരാകാശ പര്യവേഷണങ്ങളുടെ ഗതാഗത മേഖലയിൽ മികച്ച സംഭാവന നൽകാൻ മഹീന്ദ്രക്ക് കഴിയും.
മഹീന്ദ്ര ഥാർ റോക്സ്
നിലവിൽ മഹീന്ദ്ര ഥാർ റോക്‌സിന് 12.99 ലക്ഷം രൂപ മുതൽ 23.09 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനിൽ ഇത് ലഭ്യമാണ്. പ്രത്യേകിച്ചും, 2WD കോൺഫിഗറേഷൻ ഉള്ള 2.0 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ RWD, 4x4 എന്നീ മോഡലിൽ സജ്ജീകരിച്ച 2.2 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ഥാർ റോക്സ് വിപണിയിൽ എത്തുന്നത്. കൂടാതെ വാഹനപ്രേമികൾക്ക് അനുയോജ്യമായ മാന്വൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഹനം വാഗ്‌ദാനം ചെയ്യുന്നുണ്ട്.
മഹീന്ദ്ര സ്കോർപിയോ എൻ
'ബിഗ് ഡാഡി' എന്ന നാമകരണത്തിൽ വാഹന പ്രേമികൾക്കിടയിൽ അറിയപ്പെടുന്ന മഹീന്ദ്രയുടെ കരുത്തുറ്റ എസ്.യു.വിയാണ് സ്കോർപിയോ എൻ. 13.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ (എക്സ് ഷോറൂം) വാഹനം ലഭ്യമാണ്. 2.2 ലിറ്റർ ഡീസൽ എഞ്ചിൻ, 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ എന്നീ വകഭേദങ്ങളിലാണ് സ്കോർപിയോ വിപണിയിലെത്തുന്നത്. മികച്ച പ്രീമിയം ഫീച്ചറുകളുള്ള ഈ എസ്.യു.വി 4x4 പവർട്രെയിനിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.