പരിവാഹൻ ലോഗോ, ഡ്രൈവിങ് ലൈസൻസ്
തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി പരിവാഹൻ പോർട്ടലിൽ വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിലും (ആർ.സി) ലൈസൻസിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ചേർക്കണമെന്ന അറിയിപ്പുമായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ ഉപഭോക്താക്കളുടെ ഫോണിലേക്ക് മെസേജുകൾ വരുന്നുണ്ട്. രാജ്യത്ത് പലവിധ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് നിർദേശം നൽകുന്നതിനാൽ ഇത്തരത്തിലൊരു സന്ദേശം ഉപഭോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ ഇത് തട്ടിപ്പല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കേരള മോട്ടോർ വാഹന വകുപ്പ്.
ലൈസൻസ് ഉടമകൾക്ക് parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന മാത്രമേ മൊബൈൽ നമ്പർ ചേർക്കാനും പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യാനും സാധിക്കുകയുള്ളു. എന്നാൽ പരിവാഹൻ വഴി അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് അക്ഷയ, ഇ-സേവാ കേന്ദ്രങ്ങൾ വഴി നമ്പർ ചേർക്കാൻ സാധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
ഔദ്യോഗിക വെബ്സൈറ്റായ parivahan.gov.in സന്ദർശിക്കുക. നിങ്ങൾ പുതിയ ഉപഭോക്താവാണെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുക. അല്ലാത്ത പക്ഷം പഴയ രജിസ്റ്റർ ഐ.ഡി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാം. ലോഗ് ഇൻ ചെയ്ത ശേഷം 'മറ്റ് സർവീസുകൾ' സെലക്ട് ചെയ്ത 'അപ്ഡേറ്റ് യൂസർ മൊബൈൽ നമ്പർ' ഓപ്ഷൻ എടുക്കുക.പിന്നീട് വാഹന രജിസ്‌ട്രേഷൻ നമ്പർ, ചേസിസ് നമ്പർ, എൻജിൻ നമ്പർ, മുമ്പ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ കൊടുക്കുക. ഒ.ടി.പി വെരിഫിക്കേഷന് ശേഷം പുതിയ നമ്പർ ആഡ് ചെയ്ത് അപ്ഡേറ്റ് ചെയ്യാം.
sarathi.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. പിന്നീട് 'സംസ്ഥാനം' സെലക്ട് ചെയ്ത ശേഷം 'അതേർസ്' എന്ന ഓപ്ഷനിൽ 'മൊബൈൽ നമ്പർ അപ്ഡേറ്റ്' സെലക്ട് ചെയ്യുക. ശേഷം ലൈസൻസ് നമ്പർ, ലൈസൻസ് ലഭിച്ച തീയതി, ജനന തീയതി, അപ്ഡേറ്റ് ചെയ്യാനുള്ള നമ്പർ എന്നിവ ആഡ് ചെയ്യുക. ഒ.ടി.പി വെരിഫിക്കേഷന് ശേഷം പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റായ സന്ദേശം ലഭിക്കും.
ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ലൈസൻസുമായും ആർ.സിയുമായും ബന്ധിപ്പിക്കുക വഴി വിവിധ ഗതാഗത, ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് ഈ അപ്‌ഡേറ്റ് പ്രധാനമാണ്. അപ്ഡേറ്റ് ചെയ്യുന്ന സാഹചര്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയോ, സേവനം ലഭ്യമാവുകയോ ചെയ്യാതിരുന്നാൽ സഹായത്തിനായി നിങ്ങളുടെ പ്രാദേശിക റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് (ആർ.ടി.ഒ) സന്ദർശിക്കാവുന്നതാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.