നിറത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ? വാഹനങ്ങളുടെ നിറവും നഗരങ്ങളിലെ ചൂടിന് കാരണമാകുമെന്ന് പഠനം

വണ്ടി വാങ്ങുന്നവർ നിറത്തെക്കുറിച്ച് ഏറെ ചിന്തിക്കും. കാർ മോഡൽ ഏറ്റവും സുന്ദരമായി കാണപ്പെടുന്ന നിറത്തിലേക്കായിരിക്കും ആദ്യം ആകർഷിക്കപ്പെടുക. ആളുകൾ കണ്ടാൽ ഒന്നു നോക്കണം. എന്നാൽ നിറം കണ്ട് നെറ്റിചുളിക്കാൻ പാടില്ല. ഭംഗിക്കൊപ്പം മങ്ങാൻ പാടില്ല, പോറൽ വീഴാൻ പാടില്ല, റീ സെയിൽ വാല്യൂ ഉണ്ടായിരിക്കണം അങ്ങനെ നിരവധി കാര്യങ്ങൾ പരിഗണിക്കും. വാഹനത്തിന്റെ നിറം തിരഞ്ഞെടുക്കുമ്പോൾ അവ ഇരുണ്ടതാണോ തെളിഞ്ഞതാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

നഗരങ്ങളിലെ കൊടുംചൂട് പലപ്പോഴും കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും വലക്കാറുണ്ട്. ഇപ്പോഴിതാ പൊതുസ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ നിറം നഗരങ്ങളിലെ താപനിലയെ സ്വാധീനിക്കുന്നുണ്ടെന്ന് പുതിയ പഠനം. വാഹനങ്ങളുടെ നിറം നഗരങ്ങളിലെ ചൂട് വർധിക്കാൻ ഒരു കാരണമാകാറുണ്ട്. ഈ പ്രതിഭാസത്തെ 'അർബൻ ഹീറ്റ് ഐലൻഡ് എഫക്റ്റ്' (Urban Heat Island Effect) എന്ന് വിളിക്കുന്നു.

ഒരു നഗരത്തിൽ ഒരേ സമയം ധാരാളം വാഹനങ്ങൾ ഓടുന്നുണ്ട്. അതിൽ ഇരുണ്ട നിറമുള്ള വാഹനങ്ങൾ കൂടുതൽ ഉണ്ടെങ്കിൽ അവ കൂടുതൽ ചൂട് ആഗിരണം ചെയ്യുകയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുകയും ചെയ്യും. ഇത് നഗരത്തിലെ മൊത്തം താപനില ഉയർത്താൻ കാരണമാകും. കറുപ്പ്, കടും നീല തുടങ്ങിയ ഇരുണ്ട നിറങ്ങൾ സൂര്യപ്രകാശത്തെ കൂടുതലായി ആഗിരണം ചെയ്യുന്നു. ഇത് വാഹനത്തിന്റെ ഉപരിതലത്തിൽ ചൂട് വർധിക്കാൻ കാരണമാകുന്നു. അതേസമയം, വെളുപ്പ്, സിൽവർ തുടങ്ങിയ ഇളം നിറങ്ങൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് താപനില കുറക്കുന്നു.

അഞ്ച് മണിക്കൂറിലേറെ പകല്‍വെളിച്ചത്തില്‍ നിര്‍ത്തിയിട്ട കറുപ്പും വെളുപ്പും നിറമുള്ള കാറുകളുടെ ചുറ്റുമുള്ള വായു താപനില പരിശോധിച്ചാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. കറുത്ത കാറിന് ചുറ്റുമുള്ള വായുവിന്റെ താപനില 3.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചക്കുകയും അതേസമയം വെള്ള കാറിന് ചുറ്റുമുള്ള താപനില താരതമ്യേന കുറവുമാണെന്ന് കണ്ടെത്തി. വെളുപ്പ്, ഇളം നീല തുടങ്ങിയ നിറങ്ങളുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒരു പരിധിവരെ താപനില കുറക്കാൻ സഹായിക്കും. ഇളം നിറങ്ങൾ ചൂടിനെ ആഗീകരണം ചെയ്യുന്നത് കുറവായതിനാൽ വെയിലത്ത് കിടന്നാലും വണ്ടിക്കുള്ളിൽ ചൂട് താരതമ്യേനെ കുറവായിരിക്കും. പെയിന്റിന്റെ നിറം മങ്ങുമെന്ന പേടിയും വേണ്ട. 

Tags:    
News Summary - colour of your car has a big impact on urban heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.