ന്യൂഡൽഹി: സ്വാതന്ത്രദിനത്തിൽ മഹീന്ദ്ര സംഘടിപ്പിച്ച വാഹന പ്രദർശന മേളയിൽ ഏറെ പ്രശംസ നേടിയ NU_IQ പ്ലാറ്റ്ഫോമിൽ നിന്നും ഗ്ലോബൽ വിഷൻ 2027 മോഡലുകൾ കേന്ദ്രീകരിച്ച് നിർമിക്കാൻ പോകുന്ന എസ്.യു.വികളിൽ 'ഫ്ലെക്സ്-ഫ്യൂവൽ' എൻജിനുകൾ അവതരിപ്പിക്കുമെന്ന് ഇന്ത്യൻ വാഹന ഭീമന്മാരായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയ ഒന്നിലധികം പവർട്രെയിനിൽ അടിസ്ഥാനമാക്കിയാണ് NU_IQ പ്ലാറ്റ്ഫോമിൽ വാഹനങ്ങൾ വിപണിയിലെത്തുക. E30 റേറ്റിങ്ങിന് മുകളിലുള്ള ഇന്ധങ്ങളും 'ഫ്ലെക്സ്-ഫ്യൂവൽ' എഞ്ചിനുകളിൽ വളരെ സുഖകരമായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
രാജ്യത്ത് നിലവിൽ ലഭിക്കുന്ന പെട്രോളിൽ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും ചേർന്ന മിശ്രിതമായ E20 ഇന്ധനം രാജ്യവ്യാപകമായി അവതരിപ്പിച്ചുകഴിഞ്ഞു. 2030 ആകുമ്പോഴേക്കും ഈ അളവിൽ 30 ശതമാനം എഥനോളും 70 ശതമാനം പെട്രോളും ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഈ തീരുമാനത്തെ ഒരു വെല്ലുവിളിയായിട്ടാണ് ഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര ഏറ്റെടുത്തിരിക്കുന്നത്. ഗ്ലോബൽ വിഷൻ മോഡലിൽ അവതരിപ്പിക്കുന്ന എൻജിനുകൾ E30 റേറ്റിങ്ങും അതിന് മുകളിലുള്ള ഇന്ധങ്ങളുമായി (100% എഥനോൾ) പൊരുത്തപ്പെടാൻ സാധിക്കുന്ന രീതിയിൽ വാഹങ്ങൾ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനായി എഥനോൾ സാന്ദ്രത തത്സമയം നിരീക്ഷിക്കുന്നതിനുള്ള എഥനോൾ കണ്ടന്റ് സെൻസറുകൾ, കോൾഡ് സ്റ്റാർട്ടുകൾക്കുള്ള ഫ്യുവൽ റെയിൽ, ഇൻജക്ടർ ഹീറ്ററുകൾ എന്നിവയിൽ ആവശ്യമായ അപ്‌ഗ്രേഡുകൾ നടത്തി E30 റേറ്റിങ്ങിന് അനുയോജ്യമായ രീതിയിൽ എൻജിനുകൾ നിർമിക്കും.
2025ൽ നടന്ന ഓട്ടോ എക്സ്പോയുടെ ഭാഗമായി മാരുതി, ടൊയോട്ട, ടാറ്റ, ഹ്യുണ്ടായ് തുടങ്ങിയ നിർമാതാക്കളും ഫ്ലെക്സ്-ഫ്യൂവൽ എഞ്ചിനുകളുള്ള ജനപ്രിയ മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു. ഹ്യുണ്ടായ് അവരുടെ പ്രീമിയം എസ്.യു.വിയായ ക്രെറ്റ 1.0 ഫ്ലെക്സ്-ഫ്യൂൽ, ടാറ്റ E85-അനുയോജ്യമായ പഞ്ച്, മാരുതി വാഗൺ ആർ ഫ്ലെക്‌സ്-ഫ്യൂവൽ, ഇന്നോവ ഹൈക്രോസ്സ് തുടങ്ങിയ മോഡലുകൾ എക്സ്പോയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.