പ്രതീകാത്മക ചിത്രം
വാഹനമെടുത്ത് പുറത്തിറങ്ങിയാൽ മറ്റു വാഹനങ്ങളോടിക്കുന്നവരോട് നമ്മൾ മലയാളികൾ ശത്രുതാഭാവത്തിലാണ് സമീപിക്കുന്നതെന്ന് പൊതുവെ ഒരഭിപ്രായമുണ്ട്. ഇത് ശരിവെക്കുന്ന കാഴ്ചകളാണ് റോഡിൽ നമുക്ക് കാണാനും കഴിയുന്നത്. ഇനി പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചുനോക്കുക:
1. മുന്നിൽ പോകുന്ന വാഹനത്തെ അസാധാരണമായ തിടുക്കത്തോടെ മറികടക്കാൻ താങ്കൾ ശ്രമിക്കാറുണ്ടോ?
2. ഏതെങ്കിലും വാഹനം നിങ്ങളുടെ വാഹനത്തെ മറികടന്നുപോയാൽ ഒരു മത്സര ഓട്ടത്തിന് ശ്രമിക്കാറുണ്ടോ?
3. പോക്കറ്റ് റോഡിൽനിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ പ്രധാന റോഡിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങൾക്കും കടന്നുപോകാൻ മതിയായ സമയം ക്ഷമയോടെ നൽകാറുണ്ടോ?
4. റോഡിൽ യുടേൺ എടുക്കുമ്പോഴും വലത്തോട്ട് തിരിച്ച് കയറ്റുമ്പോഴും വണ്ടി നിർത്തുമ്പോഴും സിഗ്നൽ ലൈറ്റിന്റെ കൂടെ പകൽ സമയങ്ങളിൽ സാധ്യമെങ്കിൽ കൈ കൊണ്ടുള്ള സിഗ്നൽ കൂടി കൊടുക്കാനുള്ള ശ്രദ്ധയും ക്ഷമയും കാണിക്കാറുണ്ടോ?
5. പരിചയക്കാരെയോ മറ്റോ കാണുമ്പോഴോ ആളെ കയറ്റാനോ ഇറക്കാനോ നിർത്തേണ്ടിവരുമ്പോഴോ റോഡിൽനിന്ന് താങ്കളുടെ വണ്ടി ഇറക്കിനിർത്താൻ ശ്രദ്ധിക്കാറുണ്ടോ?
6. സീബ്ര ലൈൻ ക്രോസിങ്ങിൽ കാൽനട യാത്രികർ റോഡ് മുറിച്ചുകടക്കാൻ നിന്നാൽ വണ്ടി നിർത്തികൊടുക്കാറുണ്ടോ?
7. ട്രാഫിക് ജങ്ഷനുകളിൽ നിർത്തിയിടാൻ വരച്ച ബോർഡർ ലൈൻ മറികടന്ന് സീബ്ര ലൈനിലോ സമീപത്തോ ആയാണോ വണ്ടി നിർത്തിയിടാറ്?
8. ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്ന മറ്റൊരു വാഹനത്തെ അതിവേഗത്തിൽ മറികടന്നു പോകുന്ന സ്വഭാവമാണോ?
9. മറികടക്കുമ്പോഴും വളവുകളിലും മുന്നിലെ മറ്റു മറവുകളിലും ആവശ്യത്തിന് ഹോണടിച്ച് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറെയും വഴിയാത്രക്കാരെയും ജാഗരൂകരാക്കാൻ പിശുക്ക് കാണിക്കാറുണ്ടോ? ട്രാഫിക് ബ്ലോക്കിലും നിരോധിത മേഖലകളിലും താങ്കൾ ഒരു മര്യാദയും ഇല്ലാതെ ഹോൺ അടിക്കാറുണ്ടോ?
10. വിദ്യാലയങ്ങൾക്ക്/ ആശുപത്രികൾക്ക് മുന്നിലൂടെയും നഗരങ്ങളിലൂടെയും കവലകളിലൂടെയും വേഗത്തിൽ വാഹനം ഓടിക്കാറുണ്ടോ?
11. മൊബൈൽ ഫോൺ അടിച്ചാൽ വാഹനം അൽപ സമയം വശത്തേക്ക് ഒതുക്കി അറ്റൻഡ് ചെയ്യാനുള്ള സാമാന്യ മര്യാദ കാണിക്കാറുണ്ടോ?
12. െറയിൽവേ ക്രോസ് പോലുള്ള ബ്ലോക്കുകളിൽക്യൂ തെറ്റിച്ച് മുന്നിലേക്ക് താങ്കളുടെ വണ്ടി കയറ്റി നിർത്താറുണ്ടോ?
13. ഹെൽമെറ്റ്/ സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ വൈമുഖ്യമുണ്ടോ?
14. ലൈസൻസില്ലാത്തവർക്ക്/ പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ കൊടുക്കാറുണ്ടോ?
15. റോഡിന്റെ വശങ്ങളിലുള്ള കാഴ്ചകളിലും പരസ്യങ്ങളിലും ശ്രദ്ധ പതിപ്പിക്കാറുണ്ടോ?
16. വാഹനത്തിന്റെ ഫിറ്റ്നസ് കൃത്യമായി പരിശോധിക്കാറുണ്ടോ?
17. പട്ടിയോ പൂച്ചയോ മറ്റു ജീവികളോ റോഡിലേക്ക് ചാടിയാൽ ബ്രേക്കിട്ട് നിർത്താവുന്ന വേഗതയിലാണോ താങ്കളുടെ ഡ്രൈവിങ്?
18. രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്കും നമ്മൾ ഒരു വാഹനത്തിന്റെ തൊട്ടുപുറകിൽ എത്തിയാലും ഹെഡ് ലൈറ്റ് ഡിം ചെയ്ത് നൽകണമെന്ന കാര്യം എല്ലായ്പോഴും പാലിക്കാറുണ്ടോ?
ഇങ്ങനെ നിരവധി ചോദ്യങ്ങൾ മുന്നിൽ വരുമ്പോൾ ഉത്തരങ്ങൾ പോസിറ്റീവാണെങ്കിൽ താങ്കൾ ഒരു നല്ലഡ്രൈവർ ആണ്. ഉത്തരങ്ങൾ മറിച്ചാണെങ്കിൽ/ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമായി തോന്നുന്നില്ലെങ്കിൽ താങ്കൾക്ക് പറഞ്ഞ പണിയല്ല വണ്ടി ഓടിക്കൽ എന്നതാണ് മനസ്സിലാക്കേണ്ടത്. സാമ്പത്തിക ശാരീരിക മാനസിക ക്ഷതങ്ങൾ താങ്കളെ കാത്തിരിക്കുന്നു. ഇനിയെങ്കിലും വാഹനവുമായി റോഡിലേക്ക് ഇറങ്ങിയാൽ മറ്റുള്ള വാഹനങ്ങളെകൂടി പരിഗണിക്കും എന്നത് മുൻഗണന ലിസ്റ്റിൽ പെടുത്തുക.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.