മുംബൈ: ദീർഘ കാലത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ ആവേശകരമായ വരവ് പ്രതീക്ഷിച്ച ടെസ്‌ലക്ക് ഇതുവരെ ലഭിച്ചത് വെറും 600 ബുക്കിങ്ങുകൾ. അതായത് കമ്പനി ആഗോളതലത്തിൽ ഓരോ മണിക്കൂറും വിൽക്കുന്ന കാറുകളുടെ അത്രയേ വരൂ ഇത്. ഈ വർഷം 2500 കാറുകൾ വിറ്റു പോവുക എന്നതായിരുന്നു ഇന്ത്യയിൽ ടെസ്‌ലയുടെ ടാർഗറ്റ്. ബ്ലൂം ബെർഗാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
ഈ വർഷം 350 -500 കാറുകൾ ഇന്ത്യയിലെത്തിക്കാനാണ് നിലവിൽ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ആദ്യത്തെ ബാച്ച് സെപ്റ്റംബറിൽ ചൈനയിലെ ഷാങ്ഹായിയിൽ നിന്ന് ഇന്ത്യയിലെത്തിക്കും. ഡൽഹി, മുംബൈ, പുനെ, ഗുരുഗ്രാം എന്നിവിടങ്ങിൽ മാത്രമായി കാറുകളുടെ വിൽപ്പന പരിമിതപ്പെടുത്തിയിരിക്കുകയാണ്. കാറുകൾക്ക് ലഭിക്കുന്ന മുഴുവൻ പേയ്മെന്‍റ്, നാലു നഗരങ്ങളിൽ അത് വിതരണം ചെയ്യാനുള്ള ശേഷി എന്നിവ അടിസ്ഥാനമാക്കിയാകും ഷിപ്മെന്‍റ് തീരുമാനിക്കുക. ബ്ലൂം ബർഗിന്‍റെ റിപ്പോർട്ടിൽ കമ്പനി പ്രതികരിച്ചിട്ടില്ല.
കാർ ഇറക്കുമതിയിൽ ഇന്ത്യ 100 ശതമാനം താരിഫ് ചുമത്തുന്നതിനെതുടർന്ന് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത് ടെസ്‌ല വൈകിപ്പിച്ചിരുന്നു. ജൂലൈയിൽ 60 ലക്ഷം ഷോറൂം വില വരുന്ന ഇലക്ട്രിക് കാർ ലോഞ്ച് ചെയ്തു. അതേ സമയം ഇന്ത്യയിലെ ഇലക്ട്രിക് കാറുകളുടെ ശരാശരി വില 22 ലക്ഷമാണെന്നോർക്കണം.
ചൈന, യുഎസ് എന്നീ വൻകിട മാർക്കറ്റുകളിൽ നിന്ന് തിരിച്ചടി നേരിടാൻ തുടങ്ങിയതിനു പിന്നാലെയാണ് ടെസ്‌ല പുതിയ മാർക്കറ്റുകൾ അന്വേഷിക്കാൻ തുടങ്ങിയത്. ഏപ്രിൽ- ജൂൺ മാസത്തിൽ 13 ശതമാനം ഇടിവാണ് വിൽപ്പനയിൽ കമ്പനിക്കുണ്ടായത്. വീണ്ടും ഒരു ഇടിവ് തുടർച്ചയായി ഉണ്ടാകുന്നത് ഒഴിവാക്കാൻ കമ്പനി കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
യു.എസുമായുള്ള വ്യാപാര കരാറിലേർപ്പെട്ടാൽ ഇന്ത്യ ഇറക്കുമതി തീരുവ കുറക്കുമെന്ന് ടെസ്‌ല കരുതിയിരുന്നതായി ബ്ലൂംബർഗ് പറയുന്നു. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഒരിക്കൽ ഊഷ്മളമായ ബന്ധം നിലനിർത്തിയിരുന്ന ആളാണ് ഇലോൺ മസ്ക്. ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണി വളരെ സജീവമാണ്. റിപ്പോർട്ടുകൾ പ്രകാരം 45 നും 70 ലക്ഷത്തിനും ഇടയിലുള്ള 28000 ഇലക്ട്രിക് കാറുകളാണ് 2025 ൽ ഇതുവരെ വിറ്റുപോയത്. ടെസ്‌ലയുടെ മുഖ്യ എതിരാളികളായ ബി.വൈ.ഡി ഇന്ത്യയിൽ 2021 മുതൽ 10000 ആഢംബര ഇലക്ട്രിക് കാറുകളാണ് വിറ്റത്. മുംബൈക്കും ഡൽഹിയിലെ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലും കാർ ഷോറും സ്ഥാപിക്കാൻ ടെസ്‌ല ലക്ഷമിടുന്നുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.