VinFast VF6 and VF7

കാത്തിരിപ്പിന് വിരാമമിട്ട് വിൻഫാസ്റ്റ്; മോഹവിലയിൽ സ്വന്തമാക്കാം വിഎഫ് 6, വിഎഫ് 7 മോഡലുകൾ

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന പ്രീമിയം മോഡലുകളായ വിഎഫ് 6, വിഎഫ് 7 വകഭേദങ്ങളുടെ വിലവിവരം പുറത്ത്. 16.49 ലക്ഷം രൂപ എക്സ് ഷോറൂം വിലവരുന്ന വിഎഫ് 6, 21,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി ജൂലൈ മുതൽ ബുക്ക് ചെയ്യാനുള്ള അവസരം വാഹനപ്രേമികൾക്ക് വിൻഫാസ്റ്റ് ഒരുക്കിയിരുന്നു. 16.49 ലക്ഷം മുതൽ 18.29 ലക്ഷം രൂപവരെയാണ് വിഎഫ് 6 മോഡലിന്റെ എക്സ് ഷോറൂം വില.


എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നീ മൂന്ന് വേരിയന്റുകളിലായാണ് വിഎഫ് 6 വിപണിയിൽ എത്തുന്നത്. വേരിയന്റ് അനുസരിച്ച് യഥാക്രമം 16.49 ലക്ഷം, 17.79 ലക്ഷം, 18.29 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. മുൻ വശത്തും പിന്നിലുമായി ഒരു എൽ.ഇ.ഡി ഡി.ആർ.എൽ സ്ട്രിപ്പ് ലൈറ്റ്‌സും 18 ഇഞ്ചിന്റെ അലോയ് വീൽ ടയറുകളും വിഎഫ് 6 ന്റെ പുറത്തെ പ്രത്യേകതകളാണ്.


ഉൾവശത്തായി 12.9-ഇഞ്ച് ഫ്രീസ്റ്റാന്റിങ് ഇൻഫോടൈന്മെന്റ് ടച്ച്സ്ക്രീൻ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരാമിക് സൺറൂഫ്, വയർലെസ്സ് ചാർജർ, ഡ്യൂവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, വയർലെസ്സ് ആപ്പിൾ കാർപ്ലേ ആൻഡ് ആൻഡ്രോയിഡ് ഓട്ടോ എന്നിവ കൂടാതെ പലതരത്തിലുള്ള കണക്ടഡ് കാർ ടെക്കുകളും വിൻഫാസ്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. 59.6kWh ബാറ്ററി പാക്കിൽ എത്തുന്ന വിഎഫ് 6ൽ 204 എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 480 കിലോമീറ്റർ സഞ്ചരിക്കുമെന്ന് വിൻഫാസ്റ്റ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സുരക്ഷാ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏഴ് എയർബാഗുകൾ, ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം), ഓട്ടോ പാർക്ക് അസിസിറ്റ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ്, റൈൻ സെൻസിങ് വൈപ്പർ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 360 ഡിഗ്രി കാമറ എന്നിവയും വിഎഫ് 6ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


ഡി.സി ഫാസ്റ്റ് ചാർജ്ജറുകൾക്കൊപ്പം 3.3kW, 7.2kW എ.സി ചാർജറുകൾ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാം. വിൻഫാസ്റ്റ് വിഎഫ് 6ന് ഏഴ് വർഷം/2 ലക്ഷം കിലോമീറ്ററാണ് കമ്പനി നൽകുന്ന വാറണ്ടി. എന്നിരുന്നാലും ബാറ്ററിക്ക് 10 വർഷം/2 ലക്ഷം കിലോമീറ്റർ വാറണ്ടി നൽകുന്നുണ്ട്.

വിൻഫാസ്റ്റ് വിഎഫ് 7

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹനനിർമാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് വിഎഫ് 7. ഈ മോഡലിന്റെ പ്രാരംഭ വില 20.89 ലക്ഷം രൂപ മുതലാണ്. ഏറ്റവും ടോപ് വേരിയന്റിന് 25.49 ലക്ഷം (എക്സ് ഷോറൂം) രൂപയുമാണ്. വിഎഫ് 7 ഇന്ത്യയിലെ മുൻനിര വാഹനമായി വിഎഫ് 6നോടൊപ്പം വിൽപ്പന നടത്തുമെന്ന് കമ്പനി അറിയിച്ചു.


എർത്ത് ഫ്രണ്ട്-വീൽ ഡ്രൈവ്, വിൻഡ് ഫ്രണ്ട്-വീൽ ഡ്രൈവ്, വിൻഡ് ഇൻഫിനിറ്റി ഫ്രണ്ട്-വീൽ ഡ്രൈവ്, സ്കൈ ഓൾ-വീൽ ഡ്രൈവ്, സ്കൈ ഇൻഫിനിറ്റി ഓൾ-വീൽ ഡ്രൈവ് എന്നീ അഞ്ച് വകഭേദങ്ങളിലായാണ് വിഎഫ് 7 നിരത്തുകളിൽ എത്തുക. വേരിയന്റ് അനുസരിച്ച് യഥാക്രമം 20.89 ലക്ഷം, 23.49 ലക്ഷം, 23.99 ലക്ഷം, 24.99 ലക്ഷം, 25.49 ലക്ഷം (എക്സ് ഷോറൂം) എന്നിങ്ങനെയാണ് വില.

വിഎഫ് 7 എൻട്രി മോഡലുകൾക്ക് 59.6kWh ബാറ്ററി പാക്കും ടോപ് മോഡലുകൾക്ക് 70.8kWh ബാറ്ററി പാക് ഓപ്ഷനുമാണ് ലഭിക്കുക. ഈ രണ്ട് ബാറ്ററിയിലും എ.സി, ഡി.സി ചാർജിങ് സപ്പോർട്ട് ആകും. ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലുകൾ 204 എച്ച്.പി കരുത്തും 310 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ഓൾ-വീൽ ഡ്രൈവ് മോഡലുകൾ 350 എച്ച്.പി കരുത്തും 500 എൻ.എം പീക് ടോർക്കും ഉത്പാതിപ്പിക്കും. 70.8kWh ബാറ്ററി പാക്ക് ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലിൽ ഒറ്റചാർജിൽ 450 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുമ്പോൾ ഓൾ-വീൽ ഡ്രൈവിൽ 431 കിലോമീറ്റർ വാഗ്‌ദാനം ചെയ്യുന്നു.


വിഎഫ് 7 വിൻഫാസ്റ്റ് കമ്പനിയുടെ ആദ്യ അക്ഷരമായ 'വി' മോഡലിൽ ഒരു എൽ.ഇ.ഡി ഡി.ആർ.എൽ മുൻവശത്ത് നൽകിയിട്ടുണ്ട്. കൂടാതെ 190 എം.എം ഗ്രൗണ്ട് ക്ലിയറൻസിൽ 19 ഇഞ്ച് അലോയ് വീൽ ടയറും വിഎഫ് 7ന് നൽകുന്നു. ഉൾവശത്തായി വേഗൻ ലെതർ അപ്ഹോൾസ്റ്ററി, 12.9-ഇഞ്ച് ടച്ച്സ്ക്രീൻ, വയർലെസ്സ് ഫോൺ ചാർജർ, ലാർജ് ഫിക്സഡ് ഗ്ലാസ് റൂഫ്, ഡ്യൂവൽ-സോൺ ക്ലൈമറ്റ് കണ്ട്രോൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, റിക്ലയ്‌നബിൾ റിയർ സീറ്റുകൾ എന്നിവയും വിഎഫ് 7നിൽ ഉണ്ട്.


സുരക്ഷക്ക് മുൻഗണന നൽകുന്നതിനാൽ ഭാരത് എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടിയാണ് വിഎഫ് 7 വിപണിയിൽ എത്തുന്നത്. കൂടാതെ റഡാർ-ബേസ്ഡ് ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസസ്മെന്റ് സിസ്റ്റം), ഏഴ് എയർബാഗുകൾ എന്നിവയും വിൻഫാസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്.

Tags:    
News Summary - VinFast ends the wait; VF 6, VF 7 pricing details revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.