ഗുജറാത്തിൽ പാലം തകർന്ന് മരണം 10 ആയി; തകർന്നത് ഒരുകൊല്ലം പോലും നിലനിൽക്കില്ലെന്ന് 2022ൽ വിധിയെഴുതിയ പാലം; ജനരോഷം ഉയരുന്നു

വഡോദര: മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. നദിയിൽ പതിച്ച അഞ്ച് വാഹനങ്ങളിലുണ്ടായിരുന്നവരാണ് മരിച്ചത്. ഒമ്പത് പേരെ രക്ഷിച്ചു. 40 വർഷം പഴക്കമുള്ള പാലത്തിന്റെ 15 മീറ്ററോളം സ്ലാബ് തകർന്ന് പുഴയിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ പുഴയിൽ വീണു. ഈ പാലം ഒരുവർഷം പോലും നിലനിൽക്കില്ലെന്ന് 2022ൽ റോഡ്സ് & ബിൽഡിങ്സ് (ആർ & ബി) ഉദ്യോഗസ്ഥൻ പറയുന്ന കോൾ റെക്കോഡ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഗുജറാത്തിലെ ബി.ജെ.പി സർക്കാറിന്റെ അനാസ്ഥക്കെതിരെ ജനരോഷം കനക്കുകയാണ്.

ഇന്ന് പുലർച്ചെയാണ് വഡോദര ജില്ലയിലെ മഹിസാഗർ നദിക്ക് കുറുകെയുള്ള 40 വർഷം പഴക്കമുള്ള ഗംഭീര പാലം തകർന്നത്. രണ്ട് തൂണുകൾക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവൻ തകർന്ന് നദിയിൽ വീഴുകയായിരുന്നു. രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്.

പാലത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് വഡോദര ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകൻ ലഖൻ ദർബാറാണ് വെളിപ്പെടുത്തൽ പുറത്തുവിട്ടത്. ഇദ്ദേഹം റോഡ്സ് ആൻഡ് ബിൽഡിങ്സ് (ആർ & ബി) വകുപ്പ് ഉദ്യോഗസ്ഥനുമായി 2022 ഓഗസ്റ്റ് 22ന് നടത്തിയ ഫോൺസംഭാഷണമാണ് ഇപ്പോൾ വൈറലായത്. പാലം ഘടനാപരമായി ദുർബലമാണെന്നും അധികകാലം നിലനിൽക്കില്ല എന്നും ഉദ്യോഗസ്ഥൻ സമ്മതിക്കുന്നത് ഇതിൽ കേൾക്കാം.


അറ്റകുറ്റപ്പണി നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പരിശോധന സംഘത്തെ നിയോഗിച്ചിട്ടു​ണ്ടെന്നും പാലം ആ വർഷം പോലും നിലനിൽക്കില്ലെന്ന് വകുപ്പിന് ആശങ്കയുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി ലഖൻ ദർബാർ പറഞ്ഞു. എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ഇന്ന് നടന്ന അപകടത്തിൽ ഉടൻ എഫ്‌.ഐ.ആർ ഫയൽ ചെയ്യണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നും ലഖൻ ആവശ്യപ്പെട്ടു. പാലം അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഒരു ജില്ലാ പഞ്ചായത്ത് അംഗം അധികൃതർക്ക് നിരവധി തവണ രേഖാമൂലം അഭ്യർഥന നൽകിയിരുന്നു. എന്നാൽ, ഇതും വനരോദനമായി മാറി.

അതേസമയം, പാലം ദുരന്തത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ദുഃഖം രേഖപ്പെടുത്തി. തകർച്ചയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന റോഡ് ആൻഡ് ബിൽഡിങ്സ് വകുപ്പിനോട് ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു. ‘സംസ്ഥാന റോഡ് ആൻഡ് ബിൽഡിങ്സ് വകുപ്പിലെയും പാലം നിർമ്മാണ വൈദഗ്ദ്ധ്യമുള്ള എഞ്ചിനീയർമാരോടും ഉടൻ സ്ഥലത്തെത്തി തകർച്ചയുടെ കാരണങ്ങളെക്കുറിച്ചും മറ്റ് സാങ്കേതിക കാര്യങ്ങളെക്കുറിച്ചും പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്’ -അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു. പാലം 1985ൽ നിർമ്മിച്ചതാണെന്നും ആവശ്യാനുസരണം ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായും ഗുജറാത്ത് മന്ത്രി ഋഷികേഷ് പട്ടേൽ പറഞ്ഞു.


Tags:    
News Summary - 10 killed as vehicles plunge into river after Gambhira bridge collapse in Vadodara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.