ശ്രീനഗർ: ജമ്മു കശ്മീർ കത്വയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ഘാട്ടിയിൽ നിരവധി വീടുകൾ തകർന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായുള്ള ശ്രമം നടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഘാട്ടിയിലും സമീപത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും മേഘവിസ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്.
വെള്ളപ്പൊക്കം കാരണം ഗ്രാമത്തിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റെയിൽവേ ട്രാക്കുകളും റോഡുകളും തകർന്നിട്ടുണ്ട്. കത്വയിലെ പൊലീസ് സ്റ്റേഷനിലും വലിയ വെള്ളക്കെട്ട് അനുഭവപ്പെട്ടു. സംഭവസ്ഥലത്ത് സൈന്യം താൽക്കാലിക പാലം നിർമാണം ആരംഭിക്കും. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന , ബി.ആർ.ഒ, പൊലീസ്, എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം കിഷ്ത്വാറിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 60 ലധികം മരിച്ചു.120 ലധികം പേർക്ക് പരിക്കേറ്റു. മച്ചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേക്കുള്ള റോഡിലെ ഗ്രാമമായ ചോസിതിയിലാണിത്. മരിച്ചവരിൽ രണ്ട് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന ഉദ്യോഗസ്ഥരും മച്ചൈൽ മാതാ തീർഥാടകരും ഉൾപ്പെടുന്നുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ചോസിതി പ്രദേശത്ത് വൻ മേഘവിസ്ഫോടനം ഉണ്ടായത്. ഇത് മേഖലയിൽ മിന്നൽ പ്രളയത്തിന് കാരണമായി. മേഘവിസ്ഫോടനം ഉണ്ടായപ്പോൾ ഏകദേശം 1,200 പേർ സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.