‘ഗാന്ധിജിക്കും നെഹ്‌റുജിക്കും ഇന്ദിരാജിക്കും ഒപ്പം ഞാൻ നടന്നു; ഇപ്പോൾ രാഹുൽജിയോടൊപ്പവും നടക്കുന്നു’

രാഹുൽ ഗാന്ധി കാർ നിർത്തി തോളിൽ സഞ്ചിയും കയ്യിൽ ത്രിവർണ പതാകയുമായി നിൽക്കുന്ന ഒരു വയോധികനോട് സംസാരിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ ഇപ്പോൾ വൈറലാണ്. അതാരാണെന്നറിയാമോ? മധ്യപ്രദേശിലെ സിദ്ധിയിൽ നിന്നുള്ള 91 വയസ്സുള്ള കരുണ പ്രസാദ് മിശ്ര എന്ന കർഷകൻ!

തന്റെ കൊച്ചുമകന്റെ പ്രായം മാത്രമുള്ള പ്രതിപക്ഷ നേതാവിനൊപ്പം മുമ്പും അ​ദ്ദേഹം നടന്നിട്ടുണ്ട്. കോൺഗ്രസ് നേതാവുമായുള്ള തന്റെ ബന്ധത്തെ ‘പഴയ ബന്ധം’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

‘ഞാൻ മധ്യപ്രദേശിലെ സിദ്ധിയിൽനിന്നുള്ള വോട്ടറാണ്. രാഹുൽ ഗാന്ധിയുമായി എനിക്ക് ഏറെ പഴക്കമുള്ള ബന്ധമുണ്ട്... ഞാനിന്ന് അദ്ദേഹവുമായി ബിഹാർ യാത്രയെക്കുറിച്ച് ചർച്ച ചെയ്തു. എനിക്ക് ബിഹാറിലേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു’- മിശ്ര പറഞ്ഞു.

‘വോട്ട് ചോരി’ക്കെതിരെയുള്ള കോൺഗ്രസ് എം.പിയുടെ ‘വോട്ടർ അധികാർ യാത്ര’യുടെ തുടക്കത്തിലായിരുന്നു ഈ സംഭാഷണം.  ‘കന്യാകുമാരി മുതൽ കാശ്മീർ വരെയും മണിപ്പൂരിൽ നിന്ന് മഹാരാഷ്ട്ര വരെയും ഒരു പദയാത്ര നടത്തിയതിനാൽ അദ്ദേഹം എന്നെ ബിഹാർ പദയാത്രയിലേക്കും ക്ഷണിച്ചു. അദ്ദേഹത്തിന് എന്നെ അറിയാം’ -മിശ്ര സന്തോഷത്തോടെ പറഞ്ഞു. 

ലോങ് മാർച്ചുകൾ മിശ്രക്ക് പുതുമയല്ല. 2023ൽ രാഹുൽ നടത്തിയ ‘ഭാരത് ജോഡോ യാത്ര’ക്കിടെ അവർ കൈകൾ കോർത്ത് പിടിച്ചു നടന്നു. മണിക്കൂറിൽ ഏഴു മൈൽ വേഗതയിൽ 15 മൈൽ സഞ്ചരിച്ചു. ‘എന്റെ രാജ്യം നിരവധി കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെയൊന്നുണ്ടായിട്ടില്ല. പ്രധാനമന്ത്രി മോദി ഒരു ഹൃദയശൂന്യനായ കശാപ്പുകാരനാണ്. ഇന്ത്യയിൽ സാഹോദര്യം, ഐക്യം, മതേതരത്വം എന്നിവയുടെ ആത്മാവ് ശക്തിപ്പെടുത്താൻ ഞാൻ രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വാക്കുകൾ. മാസങ്ങളോളം നടന്നിട്ടും തന്റെ കാലുകൾ വേദനിച്ചിട്ടില്ലെന്ന് മിശ്ര അഭിമാനത്തോടെ പറഞ്ഞു.

അതേവർഷം തന്നെ, ജമ്മുവിനെ പിടിച്ചുകുലുക്കിയ ഇരട്ട സ്‌ഫോടനങ്ങൾ നടന്ന വേളയിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലെ കത്‍വ ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ മിശ്ര അവിടെയുമെത്തിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, അന്ന് 88 വയസ്സുള്ള കർഷകൻ തന്നെ തടയാൻ യാതൊന്നിനും കഴിയില്ലെന്ന് ശഠിച്ചു കൊണ്ട് അതിന്റെ ഭാഗമായി. 

‘എനിക്ക് ഒന്നിനെയും ഭയമില്ല. ഞാൻ മധ്യപ്രദേശിൽ നിന്നുള്ളയാളാണ്. ഞാൻ ഗാന്ധിജിയോടൊപ്പം നടന്നു. നെഹ്‌റുജിക്കും ഇന്ദിരാജിക്കും ഒപ്പം നടന്നു. ഇപ്പോൾ ഞാൻ രാഹുൽജിയോടൊപ്പവും നടക്കുന്നു’ - മിശ്ര അഭിമാനത്തോടെ പറഞ്ഞു.  

Tags:    
News Summary - Bharat Jodo to Voter Adhikar: Rahul reconnects with 91 year old loyalist who walked beside Nehru, Indira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.