സാസാറാം (ബിഹാർ): ‘വോട്ടുകള്ളൻ കസേര വിടൂ’ (വോട്ടു ചോർ, ഗദ്ദി ഛോഡ്) വിളികൾ അലയടിച്ച അന്തരീക്ഷം. സാസാറാമിലെ സുഅറ എയർ സ്ട്രിപ്പിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ സമരാവേശത്തിന്റെ കൊടുമുടിയിലാണ്. വോട്ട് െകാള്ളക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അവകാശ യാത്ര(വോട്ടർ അധികാർ യാത്ര)യുടെ തുടക്കമാണ് വേദി.
മുതിർന്ന ആർ.ജെ.ഡി രാഷ്ട്രീയ നേതാവ് ലാലു പ്രസാദ് യാദവിനെയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനെയും ഇൻഡ്യ സഖ്യത്തിന്റെ ബിഹാറിലെ മുഴുവൻ ഘടകകക്ഷി നേതാക്കളെയും സാക്ഷിനിർത്തി ഇനിയങ്ങോട്ട് ഒരു തെരഞ്ഞെടുപ്പും മോഷ്ടിക്കാൻ കമീഷനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്, 16 ദിവസം കൊണ്ട് 13,000 കിലോമീറ്റർ ദൂരം താണ്ടുന്ന വോട്ടർ അവകാശ യാത്രക്ക് രാഹുൽ തുടക്കമിട്ടു. കോൺഗ്രസ് നിശ്ചയിച്ച വോട്ടർ അധികാർ യാത്ര ഇന്ത്യ സഖ്യത്തിന്റെ ജന മുന്നേറ്റമായി മാറുന്നതാണ് സാസാറാമിലെ ഉദ്ഘാടന വേദിയിലും സദസ്സിലും കണ്ടത്.
വോട്ടർ അധികാർ യാത്രയിൽ തേജസ്വി യാദവ് ഓടിക്കുന്ന വാഹനത്തിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ബി.ജെ.പിയുമായി ചേർന്ന് തെരഞ്ഞെടുപ്പു കമീഷൻ തെരഞ്ഞെടുപ്പുതന്നെ മോഷ്ടിക്കുകയാണെന്ന് മഹാരാഷ്ട്രയുടെയും മറ്റു സംസ്ഥാനങ്ങളുടെയും വോട്ടർ പട്ടികയിലെയും ലോക്സഭ - നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങളിലെയും അന്തരങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. താൻ നടത്തിയ വാർത്ത സമ്മേളനത്തോടെ തെരഞ്ഞെടുപ്പ് മോഷ്ടിക്കുന്നതെങ്ങനെയെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും രാഹുൽ പറഞ്ഞു. നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒന്നടങ്കം മോഷ്ടിച്ച ശേഷം ബിഹാറിലെ വോട്ടർപട്ടിക തീവ്ര പരിശോധന നടത്തി വോട്ടർമാരെ വെട്ടി മാറ്റാനും പല വ്യാജ വോട്ടർമാരെയും കൂട്ടിച്ചേർക്കാനുമുള്ള തന്ത്രമാണ് ഒടുവിൽ പയറ്റുന്നത്.
തന്നോടും ബി.ജെ.പിയോടും രണ്ടു സമീപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ പുലർത്തിയതെന്ന് രാഹുൽ കുറ്റപ്പെടുത്തി. വോട്ട് ചോരിയിൽ താൻ വാർത്തസമ്മേളനം നടത്തിയപ്പോൾ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കമീഷൻ അതേ ആരോപണവുമായി ബി.ജെ.പി നേതാവ് പാർട്ടി ആസ്ഥാനത്ത് വാർത്തസമ്മേളനം നടത്തിയപ്പോൾ അദ്ദേഹത്തോട് ചോദിച്ചില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. കമീഷൻ വളരെ തുറന്ന രീതിയിൽ ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. എന്നാൽ, ഇത്തരത്തിൽ ജനഹിതം അട്ടിമറിക്കാനും തെരഞ്ഞെടുപ്പ് മോഷ്ടിക്കാനുമുള്ള ശ്രമങ്ങളെ എന്തുവില കൊടുത്തും ഇന്ത്യ സഖ്യം പരാജയപ്പെടുത്തുമെന്ന് രാഹുൽ ഓർമിപ്പിച്ചു.
സാസാറാം: രാഹുൽ ഗാന്ധി കാർ നിർത്തി തോളിൽ സഞ്ചിയും കൈയിൽ ത്രിവർണ പതാകയുമായി നിൽക്കുന്ന ഒരു വയോധികനോട് സംസാരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മധ്യപ്രദേശിലെ സിദ്ധിയിൽ നിന്നുള്ള 91 കാരനായ കരുണപ്രസാദ് മിശ്രയാണത്. തൊഴിലാകട്ടെ, കൃഷിയും.
തന്റെ കൊച്ചുമകന്റെ മാത്രമുള്ള പ്രതിപക്ഷ നേതാവിനൊപ്പം മുമ്പും കരുണപ്രസാദ് നടന്നിട്ടുണ്ട്. രാഹുലുമായുള്ള ബന്ധത്തെ ‘പഴയ ബന്ധം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ഞാൻ മധ്യപ്രദേശിലെ സിദ്ധിയിൽനിന്നുള്ള വോട്ടറാണ്. രാഹുൽ ഗാന്ധിയുമായി ഏറെ പഴക്കമുള്ള ബന്ധമുണ്ട്. ബിഹാർ യാത്രയെക്കുറിച്ച് ഞാനിന്ന് അദ്ദേഹവുമായി സംസാരിച്ചു. എനിക്ക് ബിഹാറിൽ പോകാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു’- മിശ്ര പറഞ്ഞു.
‘വോട്ടുചോരി’ക്കെതിരായ ‘വോട്ടർ അധികാർ യാത്ര’യുടെ തുടക്കത്തിലായിരുന്നു ഈ സംഭാഷണം. ‘‘കന്യാകുമാരി മുതൽ കശ്മീർ വരെയും മണിപ്പൂരിൽനിന്ന് മഹാരാഷ്ട്ര വരെയും പദയാത്ര നടത്തിയതിനാൽ അദ്ദേഹം എന്നെ ബിഹാർ യാത്രക്കും ക്ഷണിച്ചു. അദ്ദേഹത്തിന് എന്നെ അറിയാം’’ -മിശ്ര സന്തോഷത്തോടെ പറഞ്ഞു.നീണ്ട പദയാത്രകൾ മിശ്രക്ക് പുതുമയല്ല. 2023ൽ രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’ക്കിടെ അവർ കൈകോർത്ത് നടന്നു.
കരുണപ്രസാദ് മിശ്ര
മണിക്കൂറിൽ ഏഴു മൈൽ വേഗത്തിൽ 15 മൈൽ നടത്തം. ‘‘എന്റെ രാജ്യം നിരവധി സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ, ഇതുപോലെയൊന്നുണ്ടായിട്ടില്ല. പ്രധാനമന്ത്രി മോദി ഹൃദയശൂന്യനായ കശാപ്പുകാരനാണ്. ഇന്ത്യയിൽ സാഹോദര്യം, ഐക്യം, മതേതരത്വം എന്നിവയുടെ ആത്മാവ് ശക്തിപ്പെടുത്താൻ ഞാൻ രാഹുലിനൊപ്പം നടക്കുന്നു’’ ഇതായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച വാക്കുകൾ. മാസങ്ങളോളം നടന്നിട്ടും തന്റെ കാലുകൾ വേദനിച്ചില്ലെന്ന് മിശ്ര അഭിമാനത്തോടെ പറഞ്ഞു.
അതേവർഷം, ജമ്മുവിനെ പിടിച്ചുകുലുക്കിയ ഇരട്ട സ്‌ഫോടനങ്ങൾ നടന്ന വേളയിൽ രാഹുലിന്റെ ഭാരത് ജോഡോ യാത്ര ജമ്മു-കശ്മീരിലെ കത്‍വ ജില്ലയിലേക്ക് പ്രവേശിച്ചപ്പോൾ മിശ്ര അവിടെയുമെത്തി. സുരക്ഷാ പ്രശ്നങ്ങളുണ്ടായിരുന്നു. അന്ന് തന്നെ തടയാൻ യാതൊന്നിനും കഴിയില്ലെന്ന് ശഠിച്ച് യാത്രയുടെ ഭാഗമായി. ‘‘എനിക്ക് ഒന്നിനെയും ഭയമില്ല. ഞാൻ മധ്യപ്രദേശിൽ നിന്നാണ്. ഞാൻ ഗാന്ധിജിക്കൊപ്പം നടന്നു. നെഹ്‌റുവിനും ഇന്ദിരക്കും ഒപ്പം നടന്നു. ഇപ്പോൾ ഞാൻ രാഹുലിനൊപ്പം നടക്കുന്നു’’- ഒരു നീണ്ട നടത്തത്തിന് ഇനിയും ബാല്യമുണ്ടെന്ന ആത്മവിശ്വാസം കൈമുതലാക്കി ത്രിവർണപതാക തോളിൽ ചാരി ഉറച്ച ചുവടോടെ മിശ്ര നടന്നുതുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.