ന്യൂഡൽഹി: യമുന നദിയിൽ പ്രളയ മുന്നറിയിപ്പ്. 2 ദിവസത്തിനുള്ളിൽ നദിയിലെ ജലനിരപ്പ് അപകട പരിധിക്ക് മുകളിലെത്തുമെന്നാണ് ഡൽഹി സർക്കാറിന്‍റെ അറിയിപ്പ്. ആഗസ്റ്റ് 19ന് രാവിലെ 2 മണിയോടെ അപകടനിലയായ 206 മീറ്ററിനു മുകളിൽ ജല നിരപ്പ് എത്തുമെന്നാണ് ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ ഡിപ്പാർട്മെന്‍റിന്‍റെ മുന്നറിയിപ്പ്.
ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വൻതോതിൽ ജലം ഒഴുക്കിയതിനെതുടർന്ന് യമുനയിലെ ജല നിരപ്പ് അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. 1.76 ലക്ഷം ക്യുസെക്സ് ജലമാണ് ഡാമിൽ നിന്ന് വൈകിട്ട് 4 മണിയോടെ തുറന്നു വിട്ടത്. അധികൃതർ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രളയ സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകൾ നടത്താൻ ഏജൻസികൾക്ക് നിർദേശം നൽകി കഴിഞ്ഞു.
205.33 മീറ്റർ ആണ് നദിയിലെ അപകടകരമായ ജലനിരപ്പിന്‍റെ അളവ്. നിലവിൽ 204.50ൽ ആണ് ഉള്ളത്. 206 മീറ്ററെത്തിയാലുടൻ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങും. ഹത്നികുണ്ഡ് ബാരേജിൽ മണിക്കൂറിൽ 38,897 ക്യുസെക്സ് എന്ന തോതിലാണ് ജലം തുറന്നു വിട്ടത്. അതേ സമയം വാസിരാബാദ് ബാരേജിൽ നിന്ന് മണിക്കൂറിൽ 45,620 ക്യുസെക്സ് എന്ന നിലയിലും. ഹത്നികുണ്ഡിൽ നിന്ന് തുറന്നു വിട്ട ജലം 48 മുതൽ 50 മണിക്കൂർ കൊണ്ട് ഡൽഹിയിലെത്തുമെന്നാണ് അധികൃതർ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.