സാസാറാം (ബിഹാർ): ഒന്നുകിൽ സത്യവാങ്മൂലം നൽകുക അല്ലെങ്കിൽ മാപ്പുപറയുക എന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ഭീഷണി തള്ളിക്കളഞ്ഞ് രാഹുൽ ഗാന്ധി. താൻ ഉന്നയിച്ച ഒരു കാര്യത്തിനും വാർത്തസമ്മേളനത്തിൽ മറുപടി പറയാതിരുന്ന തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടി മാറ്റിയതെന്ന് കുറ്റപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്ത സമ്മേളനത്തിനുശേഷം വോട്ടർ അധികാര യാത്രയുടെ ആദ്യ ദിവസത്തെ സമാപന സമ്മേളനത്തിലാണ് രാഹുൽ ആഞ്ഞടിച്ചത്.
കമീഷൻ കുറ്റകൃത്യം ചെയ്താൽ ഒരു കോടതിക്കും പിടികൂടാനാകാത്ത തരത്തിൽ രാജ്യത്തെ നിയമം ബി.ജെ.പി മാറ്റിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഡിജിറ്റൽ തെളിവുകൾ കമീഷന് നശിപ്പിക്കാമെന്ന് നിയമമുണ്ടാക്കിയത് ആർക്കുവേണ്ടിയാണെന്ന് രാഹുൽ ചോദിച്ചു. എന്ത് തെറ്റ് ചെയ്താലും തെരഞ്ഞെടുപ്പ് കമീഷനെതിരെ രാജ്യത്തെ ഒരു കോടതിക്കും കേസെടുക്കാനാവാത്ത നിയമമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം ചോദിക്കുന്നതൊന്നും കമീഷൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ തനിക്ക് നൽകിയിട്ടില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു.
കർണാടകയിലെ ഒരു നിയമസഭ മണ്ഡലത്തിലെ വോട്ടുകൾ പരിശോധിക്കാൻ ആറുമാസമെടുത്ത സാഹചര്യത്തിൽ മെഷീൻ റീഡബിൾ വോട്ടർ പട്ടിക നൽകണമെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും അത് കമീഷൻ നൽകിയില്ല. എന്തൊക്കെ സംഭവിച്ചാലും ഈ പോരാട്ടത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.