‘രാഹുലിന്റേത് കള്ള ആരോപണം’; വോട്ടുകൊള്ള തള്ളി മുഖ്യ തെര​ഞ്ഞെടുപ്പ് കമീഷണർ

ന്യൂഡല്‍ഹി: വോട്ടുകൊള്ള വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ  ആരോപണങ്ങൾക്ക് തെളിവില്ലെന്നുപറഞ്ഞ് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. രാഹുലിന്റേത് കള്ള ആരോപണമാണെന്നും ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണെന്നും പറഞ്ഞു. എസ്.ഐ.ആറിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പ് കമീഷന് ഭരണപക്ഷവും പ്രതിപക്ഷവുമെന്ന രീതിയിലുള്ള ഒരു പക്ഷവുമില്ലെന്നും നിഷ്പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും മീഡിയ സെന്ററിൽ വിളിച്ചുചേർത്ത വാർത്താസമ്മേനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അവശകാശപ്പെട്ടു. ‘വോട്ടു ​കൊള്ള’ വിഷയത്തിൽ ‘വോട്ടധികാർ യാ​ത്ര’ എന്ന പേരിൽ രാഹുൽ പര്യടനം തുടങ്ങിയ ദിവസമാണ് കമീഷൻ മാധ്യമങ്ങളെ കണ്ടത്. 

വോട്ട് ഇന്ത്യൻ പൗരന്മാർക്ക് മാത്രമായിരിക്കുമെന്നും കുടിയേറ്റക്കാരെ ഒഴിവാക്കുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കമീഷണർ അറിയിച്ചു. 

ബി.എൽ.ഒമാരുടെ സഹായത്തോടെയാണ് കരട് പട്ടിക തയാറാക്കിയതെന്ന് പ്രത്യേക തീവ്ര പട്ടിക പരിഷ്‍കരവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾക്ക് മറുപടിയായി ഗ്യാനേഷ് കുമാർ പറഞ്ഞു. ലക്ഷ്യം വോട്ടർപട്ടിക ശുദ്ധീകരിക്കലാണ്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ തയാറാണ്. ​പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പരിശോധന പൂർത്തിയായ ശേഷം അന്തിമ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറും. വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.  എസ്.ഐ.ആർ നടപ്പാക്കിയത് സുതാര്യത ഉറപ്പാക്കാനാണ്. എന്നാൽ, ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്താനുള്ള ശ്രമം നടക്കുന്നു. ഇപ്പോഴത്തെ ആരോപണം എന്തിനെന്ന് കമീഷൻ ചോദിച്ചു. കമീഷന്റെ കഴുത്തിനു ​നേർക്ക് തോക്കു ചൂണ്ടുകയാണ്. എന്നാൽ, കമീഷൻ ആ​രെയും ഭയപ്പെടുന്നില്ല.

രാഹുലിന്റേത് കള്ള ആരോപണമാണെന്നും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം ഭരണഘടനയെ അപമാനിക്കുന്നതാണ്. വോട്ടുകൊള്ള എന്ന കള്ളക്കഥ പ്രചരിപ്പിച്ചു. രാഹുൽ അതിനുള്ള തെളിവ്  ഹാജരാക്കണം. അദ്ദേഹം വോട്ടർമാരുടെ സ്വകാര്യത ലംഘിച്ചു. വോട്ടർമാരുടെ ചി​ത്രം അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും തെറ്റായ വിവരം നൽകിയതിന് രാഹുൽ മാപ്പു പറയണമെന്നും കമീഷൻ പറഞ്ഞു. 

വോട്ടർ ഐ.ഡിയിൽ വീട്ടു നമ്പർ ‘0’ ആയതിൽ അസ്വാഭാവികതയില്ല. സ്വന്തമായി വീടില്ലാത്ത കോടിക്കണക്കിനു ​പേർ ഉണ്ട്. അവർക്കൊന്നും വീട്ടു നമ്പർ നൽകാനാവില്ല. വീടു മാറിപ്പോവുന്നവർക്ക് രണ്ടിടത്ത് വോട്ടുണ്ടാവുന്നതിൽ അസ്വാഭാവികതയില്ല. വ്യാജ ആരോപണങ്ങളെ കമീഷൻ ഭയപ്പെടുന്നില്ലെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു. 

 

Tags:    
News Summary - The Election Commission is not biased; Chief Election Commissioner says he is ready to hear complaints;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.