ഹൈദരാബാദ്: 2006ലെ ട്രെയ്ൻ സ്ഫോടന പരമ്പര അന്വേഷിച്ച ആന്റി ടെററിസം സ്ക്വാഡിനെതിരെ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാറിനെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി. സംഭവത്തിൽ പ്രതികളാക്കി ജയിലിലടച്ച 12 പേരെ വിട്ടയക്കാൻ ബോംബെ ഹൈകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രസ്താവന.
‘‘ഒരു കുറ്റവും ചെയ്യാത്ത 12 മുസ്‍ലിംകളെ 18 വർഷം ജയിലിലടച്ചു. അവരുടെ വിലപ്പെട്ട വർഷങ്ങൾ അതിനകത്ത് കടന്നുപോയി. കുടുംബങ്ങൾക്ക് അത്രയും കാലം അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. അവർക്കെതിരെ ഒരു തെളിവുമുണ്ടായിരുന്നില്ല. കേസ് അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസിലെ ഓഫിസർമാർക്കെതിരെ നടപടിയെടുക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടിയെടുക്കുമോ’- എന്ന് ഹൈദരാബാദ് എം.പി ‘എക്സി’ൽ പോസ്റ്റ് ചെയ്തു.
ജയിലിൽ അടച്ച യുവാക്കൾ ഉന്നയിച്ച പീഡന പരാതികൾ പരിഗണിക്കാത്തതിന്റെ ഉത്തരവാദിത്തം 2006ൽ മഹാരാഷ്ട്രയിൽ അധികാരത്തിൽ ഉണ്ടായിരുന്ന സർക്കാർ ആണെന്നും ഉവൈസി ആരോപിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട് 17 വർഷത്തിനിടയിൽ ഒരിക്കൽ പോലും ഇവരിലാരും പുറംലോകം കണ്ടിട്ടില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു.
പൊതുജന പ്രതിഷേധം സൃഷ്ടിക്കുന്ന ഉയർന്ന കേസുകളിൽ പൊലീസ് കുറ്റക്കാരനാണെന്ന് കരുതി അന്വേഷണം ആരംഭിക്കുന്ന പ്രവണത കാണിക്കുമെന്ന് ഉവൈസി പറഞ്ഞു. ഇത്തരം കേസുകളിൽ പൊലീസ് ഉദ്യോഗസ്ഥർ പത്രസമ്മേളനങ്ങൾ നടം. കൂടാതെ കേസിലെ മാധ്യമ റിപ്പോർട്ടുകൾ പലപ്പോഴും പ്രതിയെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുന്ന ഒരു ആഖ്യാനത്തെ രൂപപ്പെടുത്തുമെന്നും ഇത്തരം നിരവധി ഭീകര കേസുകളിൽ അന്വേഷണ ഏജൻസികൾ ഞങ്ങളെ ദയനീയമായി പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന പാർലമെന്റ് അംഗം മിലിന്ദ് ദിയോറ മഹാരാഷ്ട്ര സർക്കാർ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ടു. ‘ഒരു മുംബൈക്കാരൻ എന്ന നിലയിൽ ബോംബെ ഹൈകോടതി വിധി എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ എത്രയും വേഗം ഉൾപ്പെടുത്തണമെന്ന് ഞാൻ മഹാരാഷ്ട്ര സർക്കാറിനോട് അഭ്യർഥിക്കുന്നു. ബോംബെ ഹൈകോടതിയുടെ വിധിക്കെതിരെ അവർ എത്രയും വേഗം അപ്പീൽ നൽകണം’- ദിയോറ പറഞ്ഞു.
സംസ്ഥാന സർക്കാർ വിധി പഠിക്കുമെന്നും അത് ആവശ്യമാണെന്ന് തോന്നിയാൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും മന്ത്രിയും എൻ.സി.പി നേതാവുമായ ഛഗൻ ഭുജ്ബാലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.