ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പ്രഭാത നടത്തത്തിനിടെ നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് എം.കെ. സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രിയെ രോഗലക്ഷണങ്ങളുടെ സമഗ്രമായ വിലയിരുത്തലിനായി കൊണ്ടുവന്നതായി അപ്പോളോ ഹോസ്പിറ്റൽസ് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. അനിൽ ബിജി സ്ഥിരീകരിച്ചു. രോഗനിർണയത്തിന് ആവശ്യമായ പരിശോധനകൾ നടക്കുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. സ്റ്റാലിന്‍റെ ആരോഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
രണ്ടുദിവസം വിശ്രമിക്കാന്‍ അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിൽ നിശ്ചയിച്ചിരുന്ന പര്യടനം മാറ്റിവെച്ചു. തിരുപ്പൂർ ജില്ലയിലെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി തമിഴ്നാട് മന്ത്രിയും ഡി.എം.കെ തിരുപ്പൂർ ഈസ്റ്റ് ജില്ല ചുമതലയുമുള്ള എം.പി. സാമിനാഥൻ പ്രസ്താവനയിൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.