jagan
അമരാവതി: 3500 കോടിയുടെ അഴിമതി ആരോപിക്കുന്ന ആന്ധ്രയിലെ മദ്യകുംഭകോണത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി മാസം 50 മുതൽ 60 കോടിവരെ കൈക്കൂലി വാങ്ങിയിരുന്നതായി ആന്ധ്രാ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നു. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് വിജയവാഡ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതരമായ ആരോപണം.
എന്നാൽ കേസിൽ ഇതുവരെ ജഗനെ പ്രതി ചേർത്തിട്ടില്ല. എന്നാൽ കേസ് ഇല്ലായ്മയിൽ നിന്ന് കെട്ടിച്ചമച്ച കഥയാണെന്ന് വൈ.എസ്.ആർ കോൺഗ്രസ് നോതാവായ ജഗൻമോഹൻ റെഡ്ഡി ആരോപിക്കുന്നു.
‘ശേഖരിച്ച പണം കേശി റെഡ്ഡി രാജശേഖർ റെഡ്ഡിക്ക് കൈമാറി. രാജശേഖർ റെഡ്ഡി അത് വിജയ് സായി റെഡ്ഡിക്ക് കൈമാറി. അദ്ദേഹം മുഥുൻ റെഡ്ഡിക്ക്, മിഥുൻ റെഡ്ഡി ബാലാജിക്ക്, ഒടുവിൽ ബാലാജിയാണ് വൈ.എസ്. രാജശേഖര റെഡ്ഡിക്ക് നൽകുന്നത്. -കുറ്റപത്രം ആരോപിക്കുന്നു. മാസം അറുപതോളം കോടിയാണത്രെ പിരിക്കുന്നത്.
വൻ കോടികളുടെ അഴിമതിക്ക് ചുക്കാൻ പിടിച്ചത് ജഗനാണെന്നാണ് കണ്ടെത്തൽ. ജഗൻ മദ്യനയത്തിൽ മാറ്റം വരുത്താനായി സ്വാധീനം ചെലുത്തി, ഓട്ടോമേറ്റഡ് ഓർഡർ സപ്ലൈയിൽ തിരിമറി നടത്തി, തന്റെ ഇഷ്ടക്കാരെ ബിവറേജസ് കോർപറേഷനിൽ നിയമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ.
ജഗൻ ഷെൽ ഡിസ്റ്റിലറികൾ ഉണ്ടാക്കി മറ്റൊരു കുറ്റാരോപിതനായ ബാലാജി ഗോവിന്ദപ്പ വഴി പണം കൈപ്പറ്റിയതായും കുറ്റപത്രം ആരോപിക്കുന്നു.
എന്നാൽ പലരെയും നിർബന്ധിച്ചും ക്രൂരമായി പീഡിപ്പിച്ചും കൈക്കൂലി നൽകിയുമാണ് കുറ്റപത്രമുണ്ടാക്കിയതെന്ന് ജഗൻമോഹൻ ആരോപിക്കുന്നു. അതേസമയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിലവിൽ 2014-19 ൽ നടന്ന മദ്യകുംഭകോണത്തിലെ പ്രതിയാണെന്നും അതിപ്പോഴും കോടതിയിൽ നിലനിൽക്കുകയയാണെന്നും ജഗൻമോഹൻ റെഡ്ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.