ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന്‍ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. വർഷകാല സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ശ്രീംഗല, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവർ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
1994ൽ സി.പി.എമ്മുമായുള്ള സംഘർഷത്തെ തുടർന്ന് സദാന്ദന്റെ കാലുകൾ നഷ്ടമായിരുന്നു. ബി.ജെ.പിക്ക് വേണ്ടി നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം തുറന്നുകാട്ടാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി സദാനന്ദനെ സ്ഥാനാർഥിയാക്കിയത്.
ആർ.എസ്.എസ് ജില്ലാ സർകാര്യവാഹക് ആയിരുന്നു മാസ്റ്റർ. 2016 ൽ കൂത്തുപറമ്പിൽ സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർഥിയായിരിക്കേ മോദിയടക്കം മാസ്റ്റർക്ക് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലും ജൂണിൽ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടത്തിലും ജീവൻ നഷ്ടപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്സഭാ നടപടികൾ ആരംഭിച്ചത്.
പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം തുടങ്ങിയ രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു. എന്നാൽ ഈ ആവശ്യം സ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങി. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്പീക്കർ സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.