മഹേന്ദ്ര പ്രസാദ്

പാക് ഐ.എസ്.ഐക്കു വേണ്ടി ചാരവൃത്തി: ഡി.ആർ.ഡി.ഒ ഗസ്റ്റ് ഹൗസ് മാനേജർ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിലെ ജയ്സാൽമേറിൽ പാകിസ്താൻ ചാരനെന്ന് സംശയിക്കുന്നയാളെ പൊലീസ് സി.ഐ.ഡി (സെക്യൂരിറ്റി) ഇന്‍റലിജൻസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ചിലെ ഡി.ആർ.ഡി.ഒ ഗസ്റ്റ് ഹൗസിൽ മാനേജരായി ജോലിചെയ്തുവരുന്ന മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐയുമായി നിരന്തര ബന്ധം പുലർത്തി ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇയാൾ ചോർത്തി നൽകിയെന്നാണ് പൊലീസ് പറയുന്നത്.

സ്വാതന്ത്ര്യദിനം അടുത്ത പശ്ചാത്തലത്തിൽ ദേശവിരുദ്ധ പ്രവൃത്തികളും വിധ്വംസക നീക്കങ്ങളും സി.ഐ.ഡി ഇന്‍റലിജൻസ് നിരീക്ഷിച്ചുവരികയാണെന്ന് ഐ.ജി വിഷ്ണുകാന്ത് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തിവരുന്നതിനിടെയാണ് ഡി.ആർ.ഡി.ഒ ഗസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരനായ മഹേന്ദ്ര പ്രസാദിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് സമൂഹമാധ്യമങ്ങളിലൂടെയാണ് പാക് ഇന്‍റലിജൻസ് ഏജൻസിയുമായി ബന്ധപ്പെട്ടത്.

മിസൈലുകളുടെ ഉൾപ്പെടെ പരീക്ഷണ വിക്ഷേപണത്തിനായി ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ച് സന്ദർശിക്കുന്ന ആർമി ഓഫിസർമാരുടെയും ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരുടെയും വിവരങ്ങൾ പാകിസ്താന് കൈമാറി. പ്രതിരോധ ആവശ്യത്തിനായി ഇന്ത്യ വികസിപ്പിക്കുന്ന ആയുധങ്ങൾ പരീക്ഷിച്ചുനോക്കുന്ന തന്ത്രപ്രധാന ഇടങ്ങളിലൊന്നാണ് ജയ്സാൽമേറിലെ ചന്ദൻ ഫീൽഡ് ഫയറിങ് റേഞ്ച്. സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ പ്രസാദിനെ സുരക്ഷാസേന ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. മൊബൈൽ ഫോൺ വിശദമായ പരിശോധനക്ക് വിധേയമാക്കി. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ ഓപറേഷൻ സിന്ദൂറിന് ശേഷം ചാരവൃത്തി ആരോപിച്ച് രാജ്യത്ത് നിരവധി പേരെയാണ് അറസ്റ്റ് ചെയ്തത്. യൂട്യൂബർ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി മേയ് ഏഴിനാണ് ഇന്ത്യൻ സേന ഓപറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലെ നൂറിലേറെ ഭീകരരെ സൈന്യം വധിച്ചു.

Tags:    
News Summary - DRDO's Jaisalmer Guest House Manager Arrested For Spying For Pak's ISI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.