പവൻ ഖേര, നിതിൻ ഗഡ്ക്കരി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ E20 എഥനോൾ-പെട്രോൾ മിശ്രിത നയത്തിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ മക്കൾ ലാഭം നേടുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. E20 നയത്തിൽ കൂടുതൽ അന്വേഷണം നടത്തി മന്ത്രിയുടെയും മക്കളുടെയും പങ്കിനെകുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രതം കലർത്തുന്ന സർക്കാർ നയം നടപ്പിലാക്കിയതോടെ നിതിൻ ഗഡ്കരിയുടെ മക്കളായ നിഖിലും സാരംഗും കൂടുതൽ എഥനോൾ സംരഭങ്ങളിൽ നികേഷപങ്ങൾ നടത്തിയതായി മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര അവകാശപ്പെട്ടു.
'അച്ഛൻ സർക്കാർ നയങ്ങൾ രൂപീകരിക്കുന്നു, മക്കൾ അതുവഴി പണം സമ്പാദിക്കുന്നു. ഇത് വ്യക്തമായ താൽപര്യങ്ങൾ ഊന്നിക്കൊണ്ടാണ്' എന്ന് പവൻ ഖേര ആരോപിച്ചു. 'E20 നയം ഒരു പൊതുനയമാണോ അതോ ഗഡ്കരിയുടെ മക്കൾക്കും അവരുടെ കമ്പനികൾക്കും വേണ്ടിയുള്ള അപ്രതീക്ഷിത നേട്ടമാണോ?' E20 നയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മറുപടി പറയണമെന്നും പവൻ ഖേര പറഞ്ഞു.
'സിയാൻ അഗ്രോ ഇൻഡസ്ട്രീസ് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, മനസ് അഗ്രോ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്' എന്നീ രണ്ട് എഥനോൾ കമ്പനികളുടെ തലപ്പത്ത് നിതിൻ ഗഡ്കരിയുടെ മക്കളായ നിഖിലും സാരംഗുമാണ്. എഥനോൾ-പെട്രോൾ നയം രാജ്യത്ത് നിലവിൽ വന്നതോടെ സിയാൻ അഗ്രോയുടെ വരുമാനം 18 കോടിയിൽ നിന്ന് 523 കോടിയായി (ജൂൺ 2025) വർധിച്ചിട്ടുണ്ട്, ഓഹരി വില 37.45 (ജനുവരി 2025) നിന്ന് 638 (ഓഗസ്റ്റ് 2025) രൂപയായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ സാധാരണ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ മന്ത്രി മക്കളുടെ ക്ഷേമത്തിനും വളർച്ചക്കുംവേണ്ടി പുതിയ ഓരോ നയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നും പവൻ ഖേര പറഞ്ഞു.
എഥനോൾ ചേർത്ത പെട്രോളിനെതിരെ രാജ്യത്തുടനീളമുള്ള വാഹന ഉടമകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ ആരോപണം. എഥനോൾ ചേർത്ത പെട്രോളിന്റെ ഉപയോഗം മൂലം വാഹനങ്ങൾക്ക് മൈലേജ് കുറയുകയും, എഞ്ചിനുകൾക്ക് കേടുപാടുകൾ, ഉയർന്ന അറ്റകുറ്റപ്പണി ചെലവ് എന്നിവ ഉപഭോക്താക്കൾ നേരിടുന്നുണ്ട്. രാജ്യത്ത് മലിനീകരണം കുറയ്ക്കുകയും കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യുമെന്ന് വാദിച്ചുകൊണ്ടാണ് ഗഡ്കരി E20 നയത്തെ ന്യായീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.