ന്യൂഡൽഹി: ഡൽഹിയിൽ യമുന നദിയിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു.പഴയ റെയിൽവേ പാലത്തിൽ (ലോഹെകാപുൽ) ജലനിരപ്പ് 206.47 മീറ്ററായി കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് (205.33 മീ.)റിന് മുകളിൽ തുടരുന്നതിനാൽ നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.
സെപ്റ്റംബർ 3-ന് യമുന നദിയിലെ ജലനിരപ്പ് 207.41 മീറ്റർ വരെ ഉയർന്ന് ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. ജലനിരപ്പ് 206 മീറ്റർ കവിയുമ്പോൾ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കണമെന്ന മാനദണ്ഡമാണ് നിലവിലുള്ളതിനാൽ പല സ്ഥലങ്ങളിലും യമുന നദീ തീരങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഡ്രോണ്‍ ദൃശ്യങ്ങളിൽ യമുന നദീതീരത്തെ വലിയൊരു ഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണെന്നത് വ്യക്തമാണ്. സിവിൽ ലൈൻസ്, മൊണാട്ടറി മാർക്കറ്റ്, കാശ്മീരി ഗേറ്റ് ഐ.എസ്.ബി.ടി, യമുന ബസാർ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഹാഥിനികുണ്ട് ബാരേജിൽ നിന്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് 50,629 ക്യൂസെക്സ് വെള്ളവും വസിരാബാദ് ബാരേജിൽ നിന്ന് 1,17,260 ക്യൂസെക്സ് വെള്ളവും ഒഴുക്കിയതായി വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ് അറിയിച്ചു. സാധാരണയായി ബാരേജിൽ നിന്നും ഒഴുക്കിവിടുന്ന ജലം 48 മുതൽ 50 മണിക്കൂറിനുള്ളിൽ ഡൽഹിയിലെത്തും.സ്ഥിതിഗതികൾക്കനുസരിച്ച് എല്ലാ ഏജൻസികളും ഉയർന്ന ജാഗ്രതയിലാണ്.
ന്യൂഡൽഹി: ഹിമാലയൻ പർവതനിരകളിൽ കനത്ത മഴ തുടരുന്നു. ഇത് വടക്കേന്ത്യയിലും അയൽരാജ്യമായ പാകിസ്താനിലും വെള്ളപ്പൊക്കം രൂക്ഷമാക്കി. പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതിനാൽ വീടുകളും ഹൈവേകളും വെള്ളത്തിനടിയായി. ഇന്ത്യയിലെ കാലാവസ്ഥാ ഉദ്യോഗസ്ഥർ മഴക്ക് അൽപം ശമനം പ്രവചിച്ചിട്ടുണ്ടെങ്കിലും, സെപ്റ്റംബർ 9 വരെ മഴ തുടരുമെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകി.
ഈ വർഷത്തെ ശക്തമായ മൺസൂൺ മേഖലയിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഈ സീസണിൽ പാകിസ്താനിൽ 880 പേർ കൊല്ലപ്പെട്ടു. ഇന്ത്യയിൽ ആഗസ്റ്റിൽ മാത്രം 150ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പേമാരിയിൽ നിരവധി നദികൾ കരകവിഞ്ഞൊഴുകിയതിനാൽ അണക്കെട്ടുകളിൽ നിന്ന് ഇന്ത്യൻ അധകൃതർ വെള്ളം തുറന്നുവിട്ടത് അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിനിടയാക്കിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ ഇരു രാജ്യങ്ങളും പങ്കിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അണക്കെട്ടുകളുടെ ഗേറ്റുകൾ തുറക്കുന്നത് സംബന്ധിച്ച് ഇന്ത്യ പാകിസ്താന് ഏഴു മുന്നറിയിപ്പുകൾ നൽകി. ഇന്ത്യൻ അണക്കെട്ടുകളിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നത് പാകിസ്താനിലെ മൂന്ന് നദികളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഇർഫാൻ അലി കാത്തിയ പറഞ്ഞതായി റോയിട്ടേഴ്‌സ് പറയുന്നു.
എന്നാൽ, ഇതിനോട് ഇന്ത്യയുടെ വിദേശകാര്യ, ജലവിഭവ മന്ത്രാലയങ്ങൾ ഉടനടി പ്രതികരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തങ്ങളുടെ ‘ബ്രെഡ്ബാസ്ക്കറ്റ്’ സംസ്ഥാനങ്ങളായ പഞ്ചാബിന്റെ അതിർത്തി പങ്കിടുന്നു. വർഷങ്ങളായുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ ആഘാതം ഈ സംസ്ഥാനങ്ങൾ അനുഭവിച്ചിട്ടുണ്ട്.
ആഗസ്റ്റ് ആരംഭം മുതൽ ഇന്ത്യൻ പഞ്ചാബിൽ 37 പേർ മരിച്ചു. പതിനായിരക്കണക്കിന് ഹെക്ടർ സ്ഥലത്തെ വിളകൾ മഴയിൽ നശിച്ചു. കൂടാതെ 23 ജില്ലകളിലും ഏതാണ്ട് എല്ലാ മേഖലകളിലും നാശനഷ്ടങ്ങൾ ഉണ്ടായി. പാകിസ്താനിലെ പഞ്ചാബിൽ, ഏകദേശം 3,900 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയതിനെത്തുടർന്ന് സമീപ ആഴ്ചകളിൽ 18ലക്ഷം ആളുകളെ ഒഴിപ്പിച്ചു.
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ യമുനാ നദി അപകടകരമായ നിലയിലേക്ക് ഉയർന്നു. കേന്ദ്ര ജല കമീഷൻ ഈ ഒഴുക്കിനെ ‘ഗുരുതരമായ’ സാഹചര്യം എന്ന് വിശേഷിപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് ചെളിവെള്ളം ഒഴുകിയെത്തി. മുൻകരുതലായി ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. നഗരത്തിന്റെ പഴയ ഭാഗത്ത് യമുനക്ക് കുറുകെയുള്ള ചരിത്രപ്രസിദ്ധമായ ലോഹ പുൾ/ ഇരുമ്പ് പാലം അധികൃതർ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.