ഇന്ത്യൻ സൈന്യത്തിന്റെ സംജോയനം ഉറപ്പായും ഉണ്ടാവുമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ന്യൂഡൽഹി: കര-വ്യോമ-നാവികസേന എന്നിവയുടെ സംയോജനം തീർച്ചയായും നടക്കുമെന്ന് ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി. എന്നാൽ, അത് യാഥാർഥ്യമാകാൻ എത്ര സമയമെടുക്കും എന്നതാണ് ചോദ്യമെന്നും ദ്വിവേദി പറഞ്ഞു. ‘ഓപ്പറേഷൻ സിന്ദൂർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഡീപ് സ്ട്രൈക്ക്സ് ഇൻസൈഡ് പാകിസ്താൻ’ എന്ന പുസ്തകം മനേക് ഷാ സെന്ററിൽ പ്രകാശനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദ്വിവേദി ഇക്കാര്യം പറഞ്ഞത്.

ആസൂത്രണം ചെയ്ത പ്രസ്തുത നീക്കത്തെക്കുറിച്ച് അടുത്തിടെ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ സൈനിക സംയോജനത്തെക്കുറിച്ചുള്ള നിലപാട് എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ‘തിയേറ്ററൈസേഷൻ ഇന്നോ നാളെയോ വരും. അതിന് എത്ര സമയമെടുക്കുമെന്ന് നമ്മൾ കണ്ടറിയണം. അതിനായി നമുക്ക് ചില ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്’ എന്ന് കരസേനാ മേധാവി പറഞ്ഞു. സൈനിക സംയോജനം ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘നമ്മൾ ഒരു യുദ്ധം ചെയ്യുമ്പോൾ, ഒരു സൈന്യം ഒറ്റക്ക് പോരാടുന്നില്ല. നമുക്ക് അതിർത്തി സുരക്ഷാ സേനയും ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും ഉണ്ട്. പിന്നെ ട്രൈ-സർവിസുകൾ, പ്രതിരോധ സൈബർ ഏജൻസികൾ, പ്രതിരോധ ബഹിരാകാശ ഏജൻസികൾ എന്നിവയുണ്ട്. ഇപ്പോൾ നമ്മൾ കോഗ്നിറ്റീവ് വാർഫെയർ ഏജൻസികളെക്കുറിച്ചാണ് സംസാരിക്കുന്നത്. കൂടാതെ, ഐ.എസ്.ആർ.ഒ, സിവിൽ ഡിഫൻസ്, സിവിൽ ഏവിയേഷൻ, റെയിൽവേസ്, എൻ.സി.സി, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ തുടങ്ങിയ ഏജൻസികളുമുണ്ട്... കമാൻഡിന്റെ ഐക്യം കൂടുതൽ പ്രധാനമാണ്. നിർവഹണത്തിൽ ഏകോപനം കൈവരിക്കാൻ നിങ്ങൾക്ക് ഒരു കമാൻഡർ ആവശ്യമാണ്. തിയേറ്ററൈസേഷൻ അത്യന്താപേക്ഷിതമാണ്’ - അദ്ദേഹം ഊന്നിപ്പറഞ്ഞു. 

തിയേറ്ററൈസേഷനെക്കുറിച്ച് മറ്റ് രണ്ട് സേനാ മേധാവികളും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കരസേനാ മേധാവിയുടെ പ്രസ്താവന. കഴിഞ്ഞ മാസം ‘മോവി’ലെ ആർമി വാർ കോളേജിൽ നടന്ന ‘റൺ സംവാദ്’ എന്ന രണ്ട് ദിവസത്തെ സെമിനാറിൽ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിങും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ.ത്രിപാഠിയും സൈനിക സംയോജന​ത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇരു സേനകൾക്കും തമ്മിലെ അഭിപ്രായ ഭിന്നത അതിൽ വ്യക്തമായി. തിയേറ്റർ കമാൻഡുകകളെ പുറത്തിറക്കാൻ സായുധ സേനക്ക് ഒരു സമ്മർദ്ദവും ഉണ്ടാകരുതെന്ന് വ്യോമസേനാ മേധാവി പറഞ്ഞിരുന്നു.

സമാപന സെഷനിൽ, ത്രി-സേവന കമാൻഡുകൾ സ്ഥാപിക്കുന്നതിൽ സൈന്യത്തിലെ ‘യോജിപ്പില്ലായ്മ’ രാജ്യത്തിന്റെ ഏറ്റവും മികച്ച താൽപ്പര്യം കണക്കിലെടുത്ത് പരിഹരിക്കുമെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ പറയുകയുണ്ടായി.


Tags:    
News Summary - Theaterisation will come, just have to see how long it will take: Army Chief General Upendra Dwivedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.