ഡൽഹി കലാപക്കേസ്: ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ ഷർജീൽ ഇമാം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: 2020 ഫെബ്രുവരിയിൽ രാജ്യ തലസ്ഥാനത്ത് നടന്ന കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതി ഉത്തരവിനെതിരെ സാമൂഹ്യപ്രവർത്തകൻ ഷർജീൽ ഇമാം സുപ്രീംകോടതിയിൽ ഹരജി നൽകി.

ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ച് ഇമാം, ഉമർ ഖാലിദ്, മുഹമ്മദ് സലീം ഖാൻ, ഷിഫാഉർ റഹ്മാൻ, അത്തർ ഖാൻ, മീരാൻ ഹൈദർ, അബ്ദുൾ ഖാലിദ് സൈഫി, ​ഗൾഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷകൾ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

2022, 2023, 2024 വർഷങ്ങളിൽ സമർപ്പിച്ച ഹരജികളിൽ ജൂലൈ 9ലേക്ക് കോടതി ഉത്തരവ് മാറ്റിവെച്ചിട്ടുണ്ട്. സ്വയമേവയുള്ള കലാപങ്ങളുടെ കേസല്ല, മറിച്ച് ‘ദുഷ്ടലക്ഷ്യത്തോടെ’ ‘നന്നായി ആസൂത്രണം ചെയ്ത’ കലാപമാണെന്നും ‘നന്നായി ആലോചിച്ച് ഗൂഢാലോചന’ നടത്തിയെന്നും പ്രോസിക്യൂഷൻ ഹരജികളെ എതിർത്തു. 

2020 ഫെബ്രുവരിയിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി കലാപത്തിന്റെ ‘സൂത്രധാരന്മാർ’ ആണെന്ന് ആരോപിച്ച് ഉമർ ഖാലിദ്, ഇമാം, മറ്റുള്ളവർ എന്നിവർക്കെതിരെ യു.എ.പി.എ പ്രകാരവും ഐ.പി.സി വകുപ്പുകൾ പ്രകാരവും കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങൾക്കിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗം ആക്രമണങ്ങൾക്കു വഴിവെച്ചു എന്നാണ് പൊലീസ് വാദം. എന്നാൽ, ഇമാമിനെതിരായ തെളിവുകൾ ശുഷ്‍കമാണെന്നും കലാപത്തിനു പ്രേരിപ്പിച്ചുവെന്ന് തെളിയിക്കാൻ പര്യാപ്തമല്ലെന്നും നേരത്തെ ഹൈകോടതി പറഞ്ഞിരുന്നു.

Tags:    
News Summary - Sharjeel Imam moves Supreme Court against Delhi HC order denying bail in 2020 Delhi riots case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.