ന്യൂഡൽഹി: ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന സുപ്രധാന ഉത്തരവിൽ, 2025ലെ ‘കുടിയേറ്റ വിദേശി നിയമ’പ്രകാരം ഒരാൾ വിദേശിയാണോ എന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്രസർക്കാർ ഉണ്ടാക്കുന്ന ട്രൈബ്യൂണലാണ് വിദേശിയെ തീരുമാനിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികളെ നാടുകടത്തുന്നതുവരെ തടങ്കലിൽ വെക്കാൻ തടങ്കൽ പാളയങ്ങളുണ്ടാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറുകൾക്കും കേന്ദ്ര ഭരണപ്രദേശ ഭരണകൂടങ്ങൾക്കും നിർദേശം നൽകി.
ട്രൈബ്യൂണലിൽ പരമാവധി മൂന്ന് അംഗങ്ങൾ വരെയാകാം. തങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന ജുഡീഷ്യൽ സർവിസുള്ളവരെ അംഗങ്ങളായി കേന്ദ്ര സർക്കാർതന്നെ നിയമിക്കും. ഒരാൾ വിദേശിയാണെന്ന പരാതിയുമായി കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാറോ ജില്ലാ കലക്ടറോ ജില്ലാ മജിസ്ട്രേറ്റോ ട്രൈബ്യൂണലിനെ സമീപിച്ചാൽ ആരോപണവിധേയൻ താൻ വിദേശിയല്ലെന്ന് തെളിയിക്കണം. വിദേശിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുകയും ജാമ്യം എടുക്കാൻ കഴിയാതെ വരികയും ചെയ്താൽ അയാളെ തടങ്കൽ പാളയങ്ങളിലേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു.
ഓരോ ജില്ലയിലുമുള്ള വിദേശികളെ കണ്ടെത്തുന്ന നടപടിക്കുള്ള സിവിൽ അതോറിറ്റിയായി അതത് ജില്ലകളിലെ പൊലീസ് സൂപ്രണ്ടുമാർ പ്രവർത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറ്റൊരു വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഇതടക്കം 2025ലെ ‘കുടിയേറ്റ വിദേശി നിയമ’ത്തിലെ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് വിജ്ഞാപനങ്ങൾ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.
മുസ്ലിംകളല്ലാത്ത കൂടുതൽ വിദേശികൾക്ക് ശിക്ഷയിളവ്
ന്യൂഡൽഹി: 2025ലെ ‘കുടിയേറ്റ വിദേശി നിയമ’ പ്രകാരമുള്ള ശിക്ഷയിൽനിന്ന് അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്ന കൂടുതൽ വിദേശികൾക്ക് ഇളവ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിംകളല്ലാത്ത കൂടുതൽ അനധികൃത കുടിയേറ്റക്കാർക്ക് രേഖകളില്ലാതെയും ഇന്ത്യയിൽ താമസം തുടരാൻ കേന്ദ്ര സർക്കാർ ഇതിലൂടെ ഇളവ് നൽകി. ഈ മൂന്ന് അയൽരാജ്യങ്ങളിൽനിന്നും 2024 ഡിസംബർ 31 വരെ രേഖകളില്ലാതെ ഇന്ത്യയിലേക്ക് വന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ട അനധികൃത കുടിയേറ്റക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഈ വർഷം ഏപ്രിലിൽ പാർലമെന്റ് പാസാക്കിയ ‘2025ലെ കുടിയേറ്റ വിദേശി നിയമ’ത്തിലെ 21ാം വകുപ്പ് പ്രകാരം പാസ്പോർട്ടോ മതിയായ യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന ഏതൊരു വിദേശിയും അഞ്ചുവർഷം വരെ തടവിനും അഞ്ചുലക്ഷം രൂപ വരെ പിഴക്കും ശിക്ഷാർഹനാണ്.
അതിൽനിന്ന് 2015 ജനുവരി ഒമ്പതു വരെ ഇന്ത്യയിൽ അഭയം തേടിയ ശ്രീലങ്കൻ തമിഴരെ അതിൽനിന്ന് ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച മന്ത്രാലയം പുറപ്പെടുവിച്ച കുടിയേറ്റ വിദേശി (ഒഴിവാക്കൽ) ഉത്തരവ് 2025 കൂടുതൽ വിഭാഗങ്ങളെ ഇതിൽനിന്ന് ഒഴിവാക്കുകയായിരുന്നു.
കേരളത്തിലെ വിദേശി രജിസ്ട്രേഷൻ ചുമതലയുള്ളവർ
ന്യൂഡൽഹി: കേരളത്തിലെ വിദേശികളുടെ രജിസ്ട്രേഷനായി താഴെ പറയുന്നവരെ ചുമതലപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. തിരുവനന്തപുരം ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസർ: കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലുള്ളവർക്ക്.
കോഴിക്കോട് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസർ: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക്. കൊച്ചി ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസർ: ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.