അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഇടക്കാല ജാമ്യം നീട്ടണമെന്ന അപേക്ഷ തള്ളി രാജസ്ഥാൻ ഹൈകോടതി. നിലവിലെ കാലാവധി പൂർത്തിയാവുന്ന ഓഗസ്റ്റ് 30 ന് ജോധ്പൂർ സെൻട്രൽ ജയിലിൽ കീഴടങ്ങാൻ കോടതി ആശാറാമിനോട് നിർദ്ദേശിച്ചു.
ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി ആശാറാം കോടതിയെ സമീപിച്ചത്. അഹമ്മദാബാദിലെ സിവിൽ ആശുപത്രി സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ജസ്റ്റിസ് ദിനേശ് മേത്ത, ജസ്റ്റിസ് വിനീത് കുമാർ മാഥുർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആശാറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും നിരീക്ഷിച്ചു.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ആശാറാമിനെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ രണ്ട് ഹൃദ്രോഗവിദഗ്ദരും പ്രൊഫസർ റാങ്കിലുള്ള ഒരു ന്യൂറോളജിസ്റ്റും അടങ്ങുന്ന ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ കോടതി നടപടി.
ജനുവരി ഏഴിന് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതിനുശേഷം, ജനുവരി 14ന് രാജസ്ഥാൻ ഹൈകോടതിയും ഇടക്കാല ജാമ്യം അനുവദിച്ചു, തുടർന്ന് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാണിച്ച് ഇത് ഓഗസ്റ്റ് 29 വരെ വീണ്ടും നീട്ടി.
അതേസമയം, മറ്റൊരു ബലാത്സംഗ കേസിൽ ഗുജറാത്ത് ഹൈകോടതി ഓഗസ്റ്റ് 19 ന് ആശാറാമിന്റെ താൽക്കാലിക ജാമ്യം സെപ്റ്റംബർ മൂന്നുവരെ നീട്ടിയിരുന്നു. രാജസ്ഥാൻ ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യം ഓഗസ്റ്റ് 29 വരെ നീട്ടുകയും മെഡിക്കൽ റിപ്പോർട്ട് തേടുകയും ചെയ്തതിനാൽ സമാന്തര കേസിൽ ഇളവ് സെപ്റ്റംബർ മൂന്ന് വരെ നീട്ടുന്നതാണ് ഉചിതമെന്ന് ഗുജറാത്ത് ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.