ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 75ാം വയസിൽ വിരമിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്. മോദിക്കും ഭഗവതിനും 75 വയസ് പൂർത്തിയാകും. മോദിയേക്കാൾ ആദ്യം 75ാം ജൻമദിനം ആഘോഷിക്കുക ഭഗവത് ആണ്. താനോ മറ്റൊരാളോ 75ാം വയസിൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു ഭഗവതിന്റെ പ്രതികരണം.
അണികൾ പറയുന്നത് എന്താണോ അത് ഞങ്ങൾ ചെയ്യുമെന്നും ആർ.എസ്.എസിന്റെ 100ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഹിന്ദു കുടുംബങ്ങളിലെ എല്ലാ ദമ്പതിമാരും മൂന്നുകുട്ടികളെ ഉറപ്പാക്കണമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. ജനസംഖ്യാ വ്യതിയാനത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആർ.എസ്.എസ് മേധാവി.
''ശരിയായ പ്രായത്തിൽ വിവാഹം കഴിച്ച് മൂന്ന് കുട്ടികളുണ്ടാകുന്നത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം ഉറപ്പാക്കുമെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുണ്ട്. മൂന്ന് സഹോദരങ്ങളുള്ള വീടുകളിലെ കുട്ടികൾ ഈഗോ മാനേജ്മെന്റ് പഠിക്കുകയും ഭാവിയിൽ അവരുടെ കുടുംബജീവിതത്തിൽ ഒരു അസ്വസ്ഥതയും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇതാണ് ഡോക്ടർമാർ എന്നോട് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ പല ദമ്പതിമാരും കുട്ടികൾ വേണ്ടെന്നു വെക്കുകയോ ഒറ്റക്കുട്ടിയിൽ ഒതുക്കുകയോ ആണ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോൾ ജനസംഖ്യ തന്നെ ഇല്ലാതായിപ്പോകും. അതിനാൽ എല്ലാ ദമ്പതിമാരും രാജ്യത്തിന്റെ താൽപര്യം കൂടി കണക്കിലെടുത്ത് മൂന്ന് മക്കൾക്കായി ശ്രമിക്കണം. മഎല്ലാ സമുദായങ്ങളിലും ജനനനിരക്ക് കുറയുന്നുണ്ടെന്നും ഹിന്ദുക്കളിൽ അത് കൂടുതൽ പ്രകടമാണെന്ന് ഭഗവത് പറഞ്ഞു. കാരണം അത് എപ്പോഴും കുറവായിരുന്നു. മറ്റ് സമുദായങ്ങളിൽ ജനസംഖ്യ കൂടുതലായിരുന്നു. പക്ഷേ ഇപ്പോൾ അത് കുറയുകയാണ്. പ്രകൃതിയുടെ രീതിയാണിത്, വിഭവങ്ങൾ കുറയുകയും ജനസംഖ്യ വർധിക്കുകയും ചെയ്യുമ്പോൾ അത് സംഭവിക്കുന്നു. എന്നാൽ പുതിയ തലമുറ മൂന്ന് കുട്ടികളെ ജനിപ്പിക്കാൻ തയാറാകണമെന്നും മോഹൻ ഭഗവത് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.