സംഭൽ മസ്ജിദ് കവാടം പൊലീസ് കാവലിൽ (ഫയൽ ചിത്രം)
ലഖ്നോ: ഉത്തർപ്രദേശിലെ സംഭലിൽ കഴിഞ്ഞ നവംബറിലുണ്ടായ സംഘർഷം അന്വേഷിച്ച ജുഡിഷ്യൽ കമീഷന്റെ റിപ്പോർട്ടിന് അടിമുടി സംഘ്പരിവാർ ഭാഷ്യം. അലഹബാദ് ഹൈകോടതി റിട്ട. ജസ്റ്റിസ് ഡി.കെ അറോറ അധ്യക്ഷനായ മൂന്നംഗ സമിതി വ്യാഴാഴ്ചയാണ് 450 പേജ് റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ചത്. അടുത്ത മന്ത്രിസഭ യോഗത്തിൽ റിപ്പോർട്ട് ചർച്ചക്കെടുക്കും; തുടർന്ന്, നിയമസഭയിലും വെക്കും. അതിനുശേഷമായിരിക്കും പൊതുരേഖയാക്കുക.
അതേസമയം, റിപ്പോർട്ടിലെ ഏതാനും ഭാഗങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതുപ്രകാരം, സംഘർഷവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽതന്നെ സംഘ്പരിവാർ കേന്ദ്രങ്ങൾ ഉയർത്തുന്ന ആഖ്യാനങ്ങളെ ശരിവെക്കുകയാണ് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടും.
സംഭലിൽ 1526ൽ മുഗൾ ചക്രവർത്തി ബാബർ പണികഴിപ്പിച്ച ശാഹി ജമാ മസ്ജിദുമായി ബന്ധപ്പെട്ട് മേഖലയിലെ ഹിന്ദുത്വവാദികൾ നടത്തിയ അവകാശവാദവും കോടതി നടപടികളുമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നായിരുന്നു സംഘ്പരിവാർ വാദം. കോടതി നിർദേശത്തെ തുടർന്ന് മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ നവംബർ 24ന് നടന്ന പ്രതിഷേധത്തിനുനേരെ പൊലീസ് വെടിവെപ്പുണ്ടാവുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തു.
ഈ സംഭവവും തുടർന്നുണ്ടായ സംഘർഷങ്ങളുമായിരുന്നു ജുഡീഷ്യൽ കമീഷന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നത്. എന്നാൽ, സംഭൽ ചരിത്രപരമായിതന്നെ വർഗീയ സംഘർഷങ്ങളുടെ ഇടമാണെന്ന് വരുത്തിത്തീർക്കുന്നതും അതിൽ മുസ്‍ലിം വിഭാഗത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതുമാണ് റിപ്പോർട്ടിലെ ഒരു ഭാഗം. 1947നുശേഷം മേഖലയിലെ ഹിന്ദു ജനസംഖ്യ 30 ശതമാനം കുറഞ്ഞെന്നും അത്രതന്നെ ശതമാനം മുസ്‍ലിം ജനസംഖ്യ വർധിച്ചെന്നുമാണ് കമീഷന്റെ കണ്ടെത്തൽ. തുടർച്ചയായി അവിടെ സംഭവിക്കുന്ന വർഗീയ സംഘർഷങ്ങൾകാരണം ഹിന്ദുക്കൾ കുടിയൊഴിഞ്ഞതാണെന്നും വ്യാപകമായി നിർബന്ധിത പരിവർത്തനം നടന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഒടുവിൽ നടന്ന സംഘർഷത്തിൽ മസ്ജിദ് വഴി മുസ്‍ലിംകൾ പ്രദേശത്ത് കലാപകാരികളെ സംഘടിപ്പിച്ചെന്നും സമിതി പറയുന്നു.
അതിനിടെ, മസ്ജിദുമായി ബന്ധപ്പെട്ട് തർക്ക കേസ് സെപ്റ്റംബർ 25ന് പരിഗണിക്കും. ചന്ദൗസി മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. നേത്തേ, മസ്ജിദിൽ സർവേ നടത്താനുള്ള മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ ശാഹി മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി തള്ളിയ കോടതി എ.എസ്.ഐ സർവേക്ക് അനുമതി നൽകുകയായിരുന്നു. തുടർന്ന് നവംബർ 19നും 24നും സർവേ നടന്നു. രണ്ടാമത്തെ സർവേക്കിടയിലാണ് പൊലീസ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ എസ്.പി എം.പി സിയാഉർറഹ്മാൻ ബർഖ് ഉൾപ്പെടെ 40 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.