വിപുൽ എം. പഞ്ചോളി
ന്യൂഡൽഹി: വിവാദച്ചുഴിയിലകപ്പെട്ട ഗുജറാത്തുകാരനായ ജസ്റ്റിസ് വിപുൽ എം. പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ പരിശ്രമം ഫലം കണ്ടത് രണ്ട് സുപ്രീംകോടതി ജഡ്ജിമാരുടെ അനുകൂല അഭിപ്രായത്തിൽ. പട്ന ഹൈകോടതിയിൽ നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വിനോദ് ചന്ദ്രനും ജഡ്ജിയായിരുന്ന ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ലയും അനുകൂലാഭിപ്രായം രേഖപ്പെടുത്തിയതാണ് ജസ്റ്റിസ് പഞ്ചോളിയുടെ സ്ഥാനക്കയറ്റത്തിൽ കലാശിച്ചത്. അതിവേഗത്തിൽ കേന്ദ്രം ശിപാർശക്ക് അനുമതി നൽകി രാഷ്ട്രപതി വിജഞാപനവുമിറക്കി.
സാധാരണഗതിയിൽ ഒരു ഹൈകോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ ആ ഹൈകോടതിയിൽ നിന്ന് നേരത്തെ സുപ്രീംകോടതിയിലെത്തിയവരോട് അഭിപ്രായം തേടാറുണ്ട്. ഇതനുസരിച്ച് അഭിപ്രായം തേടിയപ്പോഴാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനും ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ലയും അനുകൂല നിലാപട് എടുത്തത്. അതോടെ കഴിഞ്ഞ തവണ ജസ്റ്റിസ് നാഗരത്നയോടൊപ്പം എതിർത്ത ജസ്റ്റിസ് വിക്രംനാഥ് ഭൂരിപക്ഷത്തിനൊപ്പം നിന്ന് ഇത്തവണ അനുകൂലിക്കുകയും ചെയ്തു.
കൊളീജിയത്തിന് പുറത്തുള്ള ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്റെയും അമാനുല്ലയുടെയും നിലപാട് നിരാകരിച്ച് ജസ്റ്റിസ് പഞ്ചോളിയുടെ വിശ്വാസ്യതയെകുറിച്ച് കടുത്ത ചോദ്യങ്ങളാണ് കൊളീജിയത്തിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് നാഗരത്ന ഉയർത്തിയത്. പട്ന ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ് ഒരിക്കൽ വിളിച്ചുവരുത്തി കടുത്ത ഭാഷയിൽ ശാസിച്ച ജഡ്ജിയാണ് ജസ്റ്റിസ് പഞ്ചോളിയെന്ന് അവർ ഓർമിപ്പിച്ചു.
ജസ്റ്റിസ് പഞ്ചോളിയെ സുപ്രീംകോടതിയിലെത്തിക്കാനുള്ള ആദ്യനീക്കം നടന്നത് മെയ് 25നാണ്. അന്ന് തനിക്കൊപ്പം ജസ്റ്റിസ് വിക്രംനാഥും പഞ്ചോളിക്ക് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ടതായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന വിയോജനക്കുറിപ്പിലെഴുതി. തുടർന്ന് പഞ്ചോളിയുടെ സീനിയറായ ഗുജറാത്ത് ഹൈകോടതിയിൽ നിന്ന് തന്നെയുള്ള എൻ.വി അഞ്ചാരിയയെ കൊളീജിയം ജഡ്ജിയാക്കാൻ ശിപാർശ ചെയ്തു.
ജൂണിൽ വിരമിച്ച ജസ്റ്റിസ് ബേല എം. ത്രിവേദിയുടെ ഒഴിവിനെ തുടർന്ന് ഗുജറാത്ത് ഹൈകോടതിക്ക് സുപ്രീംകോടതിയിലുണ്ടാകുന്ന പ്രാതിനിധ്യക്കുറവ് നികത്താമെന്ന ന്യായത്തിലായിരുന്നു ഇത്. അന്ന് ഉപേക്ഷിച്ച പഞ്ചോളിയുടെ പേര് മുന്ന് മാസത്തിന് ശേഷം വീണ്ടുമുയർന്നുവന്നതെങ്ങിനെയാണെന്ന ചോദ്യമാണ് ജസ്റ്റിസ് ബി.വി നാഗരത്ന ഉയർത്തുന്നത്.
2023 ജൂലൈയിൽ ഗുജറാത്തിൽ നിന്നും പട്നയിലേക്കുള്ള പഞ്ചോളിയുടെ സ്ഥലം മാറ്റം എന്തിനായിരുന്നു? മുതിർന്ന അഭിഭാഷകരുടെയും ബാർ അസോസിയേഷന്റെയും പ്രതിനിധി സംഘം മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ ജസ്റ്റിസ് എം.ആർ ഷായുടെ സാന്നിധ്യത്തിൽ കണ്ട് പഞ്ചോളിയുടെ അടിയന്തര സ്ഥലം മാറ്റം ആവശ്യപ്പെട്ടത് എന്തിനായിരുന്നു?
ആ സ്ഥലം മാറ്റത്തിന്റെ രഹസ്യസ്വഭാവത്തിലുള്ള മിനുട്സ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകുന്ന സമയത്ത് പരിശോധിച്ചോ? ഗുജറാത്ത് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന സുപ്രീംകോടതി ജസ്റ്റിസ് വിക്രം നാഥ് പഞ്ചോളിയെ വിളിപ്പിച്ച് ശക്തമായി ശകാരിച്ചതെന്തിനായിരുന്നു? മാതൃകോടതിയിലിരുത്താൻ പറ്റാത്ത ജഡ്ജി പരമോന്നതകോടതിയിലേക്കോ?
ഇത്രയും ചോദ്യങ്ങളുന്നയിച്ച ജസ്റ്റിസ് നാഗരത്ന കൊളീജിയത്തിന്റെ നിലപാടിൽ സുതാര്യതയും സുസ്ഥിരതയും വേണമെന്ന് ഓർമിപ്പിച്ചു. സാധാരണ ഗതിയിൽ ഒരു ജഡ്ജിക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ അദ്ദേഹത്തിന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട രഹസ്യസ്വഭാവത്തിലുള്ള രേഖകൾ കൊളീജിയം പരിശോധിക്കേതായിരുന്നുവെങ്കിലും പഞ്ചോളിയുടെ കാര്യത്തിൽ എന്തു കൊണ്ട് അതുണ്ടായില്ലെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.